ജോളിക്ക് ഫോണും സിമ്മും വാങ്ങിനല്‍കിയത് ജോണ്‍സണ്‍, ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത് ജോണ്‍സന്റെ അറിവോടെയെന്നും വെളിപ്പെടുത്തല്‍

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിക്ക് ഫോണും സിമ്മും വാങ്ങി നല്‍കിയത് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സനെന്ന് പൊലീസ്. ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. ജോണ്‍സനും ജോളിയും തമ്മിലുണ്ടായിരുന്നത് വെറും സൗഹൃദമല്ലെന്നാണ് പൊലീസിന്റെ നിഗമനം.

ജോണ്‍സനുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന് ജോളി നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ തന്റെ ഭാര്യയെ ഇല്ലാതാക്കാനുള്ള ശ്രമം ജോണ്‍സന് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ ഷാജുവിനെ കൊലപ്പെടുത്താനുള്ള നീക്കം ജോണ്‍സന്റെ അറിവോടെയന്നാണ് പൊലീസിന്റെ നിഗമനം. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ വ്യക്തിയാണ് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സന്‍. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സന്‍ മൊഴി നല്‍കിയിരുന്നു.

ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമക്ക് പോയിട്ടുണ്ടെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സനെ കാണാന്‍ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സണെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലര്‍ന്ന ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാല്‍ ആണ് ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയില്‍ പറയുന്നു.

SHARE