എ.ടി.എമ്മുകളില്‍ കള്ളനോട്ട് വ്യാപകം; ചില്‍ഡ്രന്‍ ബാങ്കിന്റെ അഞ്ഞൂറ് രൂപാ നോട്ടും

ന്യൂഡല്‍ഹി: നോട്ടുക്ഷാമം രൂക്ഷമാകുന്നതിനിടെ എ.ടി.എമ്മുകളില്‍ കള്ളനോട്ടും വ്യാപകമാകുന്നു. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ ബറേലി സ്വദേശിക്കു ലഭിച്ചത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ഞൂറ് രൂപാ നോട്ട്.

അശോക് പഠക് എന്നയാള്‍ക്കാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ക്ക് പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ ലഭിച്ചത്. സുഭാഷ് നഗറിലെ യുണൈറ്റഡ് ബാങ്ക് ഇന്ത്യയുടെ എ.ടി.എമ്മില്‍ നിന്ന് 4500 രൂപ പിന്‍വലിച്ചപ്പോഴാണ് ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ടുകള്‍ ലഭിച്ചത്.

കാഴ്ചയില്‍ ശരിക്കും യഥാര്‍ത്ഥ അഞ്ഞൂറിന്റെ നോട്ടിനോട് സാമ്യമുള്ളതാണ് ചില്‍ഡ്രന്‍ ബാങ്ക് നോട്ട്. യഥാര്‍ത്ഥ അഞ്ഞൂറ് രൂപാ നോട്ടിന്റെ വലതുവശത്ത് മുകളിലായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്ന് രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ അശോകിന് ലഭിച്ച നോട്ടിന്റെ ഈ സ്ഥാനത്ത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയെന്ന് രേഖപ്പെടുത്തിയിരുന്നത്.

തനിക്കു മാത്രമല്ല ചില്‍ഡ്രന്‍ ബാങ്ക് നോട്ട് ലഭിച്ചതെന്ന് അശോക് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പറഞ്ഞു. രണ്ടായിരം രൂപ പിന്‍വലിച്ച പ്രദീപ് ഉത്തം എന്നയാള്‍ക്കു ലഭിച്ച അഞ്ഞൂറ് രൂപാ നോട്ടുകളില്‍ രണ്ടെണ്ണം ഇത്തരത്തില്‍ ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ടുകള്‍ ലഭിച്ചതായാണ് വിവരം.

പിന്നീട് പണം പിന്‍വലിച്ച ഇന്ദ്ര കുമാര്‍ ശുക്ലക്കും വ്യാജ 500 രൂപാ നോട്ടുകള്‍ ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരും ബാങ്ക് അധികൃതര്‍ പരാതി നല്‍കി. എന്നാല്‍ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നത് ബാങ്കല്ലെന്നും പുറത്തു നിന്നുള്ള ഏജന്‍സികളാണെന്നും ബാങ്ക് മാനേജര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.