സിറ്റിക്കും ചെല്‍സിക്കും ജയം; ആര്‍സനലിനെ മാഞ്ചസ്റ്റര്‍ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ ജയം. ആര്‍സനലിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചു. എവര്‍ട്ടന്‍ എതിരില്ലാത്ത രണ്ടു ഗോളിന് ഹഡേഴ്‌സ്ഫീല്‍ഡിനെ വീഴ്ത്തിയപ്പോള്‍ കരുത്തരായ ലിവര്‍പൂളിനെ സ്റ്റോക്ക് സിറ്റി ഗോള്‍രഹിത സമനിലയില്‍ തളച്ചു.

ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ലിറോയ് സാനെ, പാബ്ലോ സബലേറ്റ (ഓണ്‍ ഗോള്‍), ഗബ്രിയേല്‍ ജീസസ്, ഫെര്‍ണാണ്ടിഞ്ഞോ എന്നിവരുടെ ഗോളിലാണ് വന്‍ ജയം നേടിയത്. ആരോണ്‍ ക്രെസ്‌വെല്‍ വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോള്‍ നേടി.
നാലാം മിനുട്ടില്‍ സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗസ് നേടിയ ഗോളിലാണ് ചെല്‍സി ജയിച്ചത്. നാലാം സ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പറുമായുള്ള പോയിന്റ് അകലം രണ്ടായി കുറക്കാന്‍ ഇതോടെ ആന്റോണിയോ കോന്റെയുടെ സംഘത്തിനായി. ആദ്യ നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കു മാത്രമേ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുകയുള്ളൂ.

ലിവര്‍പൂളിനെ ലീഗിലെ അവസാന സ്ഥാനക്കാരിലൊരാളായ സ്റ്റോക്ക് സിറ്റി ആന്‍ഫീല്‍ഡില്‍ സമനിലയില്‍ തളച്ചത് ശ്രദ്ധേയമായി. ലീഗില്‍ നാല് മത്സരങ്ങള്‍ക്കിടെ ചെമ്പടയുടെ മൂന്നാമത്തെ സമനിലയാണിത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്ന് തല്‍ക്കാലത്തേക്കെങ്കിലും രണ്ടാം സ്ഥാനത്തെത്താമെന്ന ലിവര്‍പൂളിന്റെ മോഹത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. തുടര്‍ച്ചയായി മൂന്നാം സമനില നേടിയ സ്‌റ്റോക്ക് പ്രീമിയര്‍ ലീഗില്‍ തുടരാനുള്ള വിദൂര സാധ്യതയും നിലനിര്‍ത്തി.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസ് തകര്‍ത്തു. വില്‍ഫ്രഡ് സാഹ, ജെയിംസ് മക്ആര്‍തര്‍, റൂബന്‍ ലോഫ്റ്റസ്ചീക്, പാട്രിക് വാന്‍ ആന്‍ഹോള്‍ട്ട്, ക്രിസ്റ്റിയന്‍ ബെന്റകെ എന്നിവരാണ് ഗോളുകള്‍ നേടിയത്. 56-ാം മിനുട്ടില്‍ മാര്‍ക് അല്‍ബ്രെയ്റ്റന്‍ ചുവപ്പുകാര്‍ഡ് കണ്ടതിനു ശേഷം ലെസ്റ്റര്‍ പത്തു പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്.