‘കൂടത്തായ് പിണറായിയുടെ കെട്ടുകാഴ്ചകള്‍ മാത്രം’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സര്‍ക്കാരിന്റെയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഈ കേസില്‍ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനും പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണ്. ആഭ്യന്തരമന്ത്രിയുടേയും പൊലീസ് മേധാവിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് കൂടത്തായികേസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരാനാണ് രാഷ്ട്രീയ തീരുമാനം.ജനങ്ങള്‍ക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങളല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് തെറ്റ്തിരുത്തേണ്ടത് മുല്ലപ്പള്ളി പറഞ്ഞു.