സഭാസ്തംഭനം; പ്രതിപക്ഷ അംഗങ്ങളെ നേരില്‍ കണ്ട് കേന്ദ്രമന്ത്രി വിജയ് ഘോയല്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ലോക്‌സഭ-പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ പരിഹാരം തേടി കേന്ദ്രമന്ത്രി വിജയ് ഘോയല്‍ പ്രതിപക്ഷ അംഗങ്ങളെ നേരില്‍ കാണുന്നു. ഓരോ അംഗത്തിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയാണ് സഭയിലെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രിയുടെ ശ്രമം.

പ്രതിപക്ഷ നേതാക്കളെ കാണുന്നതിന്റെ തുടക്കമായി രാജ്യസഭാ അംഗവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഗുലാംനബി ആസാദുമായി കൂടിക്കാഴ്ച നടത്തി. എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി, ടിആര്‍എസ്, ടി.എം.സി എന്നിവ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും കാണും.

വിവിധ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 14 ദിവസമായി സമ്മേളനം മുടങ്ങിയിരിക്കുകയാണ്. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിന് ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ പോലും കഴിയുന്നില്ല. സഭയിലെ ചര്‍ച്ചകള്‍ ഒഴിവാക്കി പ്രതിപക്ഷ അംഗങ്ങള്‍ ചാനലുകളിലാണ് ചര്‍ച്ച നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഘോയല്‍ ആരോപിച്ചു.
കോണ്‍ഗ്രസ്, എഐഎഡിഎംകെ, ടിഡിപി, ടിആര്‍എസ് എന്നീ കക്ഷികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സഭ തുടര്‍ച്ചയായി മുടങ്ങുന്നതോടെ വന്‍ സാമ്പത്തിക നഷ്ടം കൂടിയാണ് ഉണ്ടാകുന്നത്. ഓരോ മിനിറ്റും സഭ കൂടുന്നതിന് 2.5 ലക്ഷം രൂപയാണ് ചിലവാകുന്നത്. ബജറ്റ് സെക്ഷന്റെ രണ്ടാം ഘട്ടത്തിലെ 23 ദിവസങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 14 ദിവസങ്ങള്‍ പാഴായി പോയി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, അഴിമതി തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദിവസങ്ങളോളമായി സഭാ നടപടികള്‍ മുടങ്ങിയത്.