അമ്മ രാത്രിഡ്യൂട്ടി കഴിഞ്ഞെത്തുന്നതും കാത്തിരിപ്പാണ് സിദ്ദാര്‍ഥും റിഥുലും

കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ അഞ്ചും രണ്ടും വയസ്സുമുള്ള മക്കളാണ് അമ്മ തങ്ങളെ വിട്ട് പോയതറിയാതെ, തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കാത്തിരിക്കുന്നത്.

രണ്ട് മൂന്ന് ദിവസമായി റിഥുലും സിദ്ധാര്‍ഥും അമ്മയെ കണ്ടിട്ട്. ഇടക്കിടെ ചോദിക്കും. ആസ്പത്രിയില്‍ ജോലിത്തിരക്കിലാണെന്നൊക്കെ വീട്ടുകാര്‍ പറയും. രാത്രി ഡ്യൂട്ടിയുള്ളപ്പോള്‍ ലിനി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ അവരത് വിശ്വസിച്ചിരിക്കുകയാണ്. രണ്ട് വയസ്സുള്ള സിദ്ധാര്‍ഥ് അമ്മയെ കാണാതെ ഇടക്കിടക്ക് കരയും. അല്‍പം കഴിയുമ്പോള്‍ അത് നില്‍ക്കും. കുടുംബത്തിന്റെയും വീട്ടിലെത്തുന്നവരുടെയും കരളലിയിക്കുകയാണ് ഈ പിഞ്ചുകുഞ്ഞിന്റെ മുഖം. വൈറല്‍ പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിലൂടെ രോഗം ഏറ്റുവാങ്ങേണ്ടി വന്ന ലിനിയുടെ വീട്ടിലെങ്ങും സങ്കടത്തിന്റെ കണ്ണീര്‍നനവാണ്. ഭര്‍ത്താവിനും മക്കള്‍ക്കും പോലും അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെയാണ് ഞായറാഴ്ച രാത്രി മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തില്‍ രോഗികളുടെ കാവല്‍ മാലാഖ എരിഞ്ഞൊടുങ്ങിയത്. രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഞായറാഴ്ച രാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

രോഗികളെ പരിചരിക്കാനും അവര്‍ക്കൊപ്പം ജീവിതം സമര്‍പ്പിക്കാനുമുള്ള ആശയോടെയാണ് ലിനി നഴ്‌സിങ് മേഖലയിലെത്തിയത്.
ലിനി ഉള്‍പ്പെടെ മൂന്നു പെണ്‍മക്കളേയും അനാഥമാക്കിയാണ് ചെമ്പനോട കൊറത്തിപ്പാല പുതുശ്ശേരി നാണു മരണത്തിലേക്ക് വഴുതിയത്. അച്ഛന്‍ ആസ്പത്രിയില്‍ കിടന്നപ്പോള്‍ പരിചരണത്തിനു നിന്നാണ് അവള്‍ നഴ്‌സാവാനുള്ള തീരുമാനമെടുത്തത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും അമ്മ രാധ അതിന് താങ്ങായി നിന്നു. നഴ്‌സിങ് രംഗത്തെ മികച്ച പ്രൊഫഷനല്‍ ആവുകയെന്ന ലക്ഷ്യത്തോടെ ജനറല്‍ നഴ്‌സിങ് മതിയാകാതെ ബംഗളുരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ നിന്ന് ബി.എസ്.സി നഴ്‌സിങും പൂര്‍ത്തിയാക്കി. ഇതിന് എടുത്ത ബാങ്ക് ലോണ്‍ വലിയ തലവേദനയായി.

തുച്ഛമായ വേതനമുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്‌സിങ് ജോലി വിട്ടാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ദിവസവേതനത്തില്‍ ജോലിക്ക് കയറിയത്. ഒരു വര്‍ഷം തികഞ്ഞേയുള്ളൂ. അപ്രതീക്ഷിത ദുരന്തം അവളുടെ ജീവിതം തന്നെ കവര്‍ന്നെടുത്തു.
വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് ലിനി അങ്ങോട്ടു താമസം മാറിയത്.

അവിടെ നിന്നും ദിവസേന പേരാമ്പ്രയില്‍ ഡ്യൂട്ടിക്കെത്തും. രോഗം പകരുമെന്ന ഭീതിയുണ്ടായതിനാല്‍ ബഹ്‌റൈനില്‍ നിന്നു നാട്ടിലെത്തിയ സജീഷിനേയും ഡോക്ടര്‍മാര്‍ തന്റെ പ്രിയതമയെ കാണാന്‍ അനുവദിച്ചിരുന്നില്ല.

SHARE