ഷെയ്ന്‍ നിഗത്തിന്റെ വധഭീഷണി പരാതി; പ്രതികരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോബി ജോര്‍ജ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്‍കിയ ശേഷം നടന്‍ തന്നെ വഞ്ചിച്ചു. നടനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക് പരാതി നല്‍കിയെന്നും ജോബി ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആദ്യം 30 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ട ഷെയ്ന്‍ പിന്നീട് 40 ലക്ഷം രൂപ ചോദിക്കുകയായിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു. ജോബി ജോര്‍ജിന്റെ വെയില്‍ സിനിമയിലെ ഷെയിനിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് സംബന്ധിച്ചാണ് വിവാദം ആരംഭിച്ചത്. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് താന്‍ അതേസമയം അഭിനയിച്ച ബുര്‍ഖാനി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ആവശ്യത്തിനായി മുടി വെട്ടേണ്ടി വന്നുവെന്നും ഇത് ഇരുസിനിമകളുടെയും പ്രൊഡ്യൂസര്‍മാരുടെ സമ്മതത്തോട് കൂടിയായിരുന്നുവെന്നും ഷെയ്ന്‍ ‘അമ്മ’ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ ചിത്രത്തിന്റെ കണ്ടിന്യൂവിറ്റി നഷ്ടപ്പെടും എന്ന് കാട്ടിയാണ് ജോബി ജോര്‍ജ് ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.

തനിക്കെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്നലെയാണ് ഷെയ്ന്‍ നിഗം രംഗത്ത് വന്നത്. ഷെയ്ന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഖുര്‍ബാനി എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് താരം പറഞ്ഞു. ഖുര്‍ബാനിയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. തന്നോടും വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് ഇദ്ദേഹം പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.