പബ്ജി ഗെയിം കളിച്ചു; പത്തുപേര്‍ അറസ്റ്റില്‍

രാജ്‌കോട്ട്: പബ്ജി ഗെയിം കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് ആറുമുതല്‍ ഇവിടെ പബ്ജി ഗെയിം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനത്തിന് ശേഷവും ഗെയിം കളിക്കുകയായിരുന്നു ചിലര്‍. ഇവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്.

കഴിഞ്ഞ ദിവസം പബ്ജി കളിച്ച മൂന്ന് യുവാക്കളെ രാജ്‌കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 188,35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട അവരെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച്ചയാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ചായക്കടയില്‍ നിന്ന് പബ്ജി കളിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളിലായി ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരേയും ജാമ്യത്തില്‍ വിട്ടയച്ചു. അന്നേദിവസം സത്താ ബസാറില്‍ നിന്ന് 25കാരനെയും പിടികൂടിയിട്ടുണ്ട്.

SHARE