യുപിഎ പരാജയം ചില നേതാക്കളുടെ ധാര്‍ഷ്ട്യം കാരണം; വെളിപ്പെടുത്തലുമായി രാഹുല്‍ഗാന്ധി

കാലിഫോര്‍ണിയ: നോട്ട് അസാധുവാക്കിയതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്ന പുതയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയുടെ ഐക്യത്തിനു കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളില്‍ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. ഇത് ബിജെപി സര്‍ക്കാറിന്റെ പരാജയമാണ്. മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യത്തും ഇത്രയധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം നടന്നത് അഹിംസാമാര്‍ഗത്തിലൂടെയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് രാഹുലിന്റെ പ്രതികരണം. ധ്രൂവീകരണ രാഷ്ട്രീയം ഏറ്റവും മ്ലേച്ഛമായ നിലയിലാണ് ഇന്ത്യയില്‍ നടമാടുന്നത്. ഇത് ഏറെ ആപത്കരമാണ്. ജനങ്ങളെ ഒറ്റപ്പെടുത്തുകയും തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിവില്ലാത്തവനായി തന്നെ മോദി സര്‍ക്കാര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംഘടന തെരഞ്ഞെടുപ്പിലൂടെ മാത്രമാണ് താന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനത്തെത്തിയത്. അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ പരാജയത്തിനു കാരണം പാര്‍ട്ടിയിലെ ചില നേതാക്കളുടെ ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.

SHARE