ബ്രാഡ്മാന്റെ ആ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ

റാഞ്ചി: ടെസ്റ്റ് ഓപ്പണറായിറങ്ങി വിസ്മയ ഫോം തുടരുകയാണ് രോഹിത് ശര്‍മ്മ. റാഞ്ചി ടെസ്റ്റില്‍ വീരു സ്‌റ്റൈലില്‍ സിക്‌സര്‍ പായിച്ച് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ഒരിക്കല്‍ കൂടി കരുത്തുകാട്ടി. അതോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ 71 വര്‍ഷം പഴക്കമുള്ള ബാറ്റിംഗ് റെക്കോര്‍ഡ് ഹിറ്റ്മാന്‍ തകര്‍ത്തു എന്നതാണ് പ്രത്യേകത.

ഹോം ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി എന്ന റെക്കോര്‍ഡിലാണ് ബ്രാഡ്മാനെ രോഹിത് പിന്തള്ളിയത്. ബ്രാഡ്മാന് 98.22 ആണ് ശരാശരിയെങ്കില്‍ രോഹിത്തിന് ഇന്നത്തെ ഇരട്ട സെഞ്ചുറി ഇന്നിംഗ്‌സോടെ 99.84 ആയി ആവറേജ്. കുറഞ്ഞത് 10 ടെസ്റ്റുകളെങ്കിലും കളിച്ച താരങ്ങളെയാണ് ഈ കണക്കില്‍ പരിഗണിച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍(19) നേടുന്ന താരമെന്ന നേട്ടം രോഹിത് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

ഹോം ടെസ്റ്റുകളില്‍ 18 ഇന്നിംഗ്‌സുകളില്‍ നിന്ന് 1298 റണ്‍സാണ് രോഹിത് ശര്‍മ്മ അടിച്ചെടുത്തത്. ആറ് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. അവസാന കളിച്ച ഒന്‍പത് ഇന്നിംഗ്‌സുകളില്‍ 82, 51, 102, 65, 50*, 176, 127, 14, 212 എന്നിങ്ങനെയാണ് ഹിറ്റ്മാന്റെ സ്‌കോര്‍. റാഞ്ചിയില്‍ ഇരട്ട സെഞ്ചുറി നേടിയ രോഹിത് 255 പന്തില്‍ 28 ഫോറും ആറ് സിക്‌സും സഹിതം 212 റണ്‍സ് നേടി. ടെസ്റ്റില്‍ രോഹിത്തിന്റെ കന്നി ഇരട്ട ശതകമാണിത്.

SHARE