ലക്‌നൗ: യു.പി ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ഘടകകക്ഷി നേതാക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ മന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ സുഹൈല്‍ദേവ് ഭാരതീയ സമാജിന്റെ നേതാവുമായ ഒ.പി. രാജ്ബാര്‍ ആണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. യോഗി ക്ഷേത്രങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് വിമര്‍ശിച്ച രാജ്ബാര്‍ പാവങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി.
325 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാരില്‍ ധാര്‍ഷ്ട്യം പ്രകടമാണ്. മുന്നണി മര്യാദ പാലിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറാവുന്നില്ല. രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് അമിത് ഷാ തങ്ങളുമായി സംസാരിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമോ എന്ന് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് ജനശക്തി നേതാവായ രാംവിലാസ് പാസ്വാനും കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ തയ്യാറായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.