തൊടുപുഴയിലെ കുട്ടി മരിക്കാന്‍ കാരണമായത് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയുടെ ഇരുവശങ്ങളിലും പിറകിലും ചതവുണ്ട്. ശരീരത്തിലാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചത്. പത്തുദിവസത്തോളം വെന്റിലേറ്ററില്‍ തുടര്‍ന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

നേരത്തെ, കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍.

കുട്ടിയുടെ വലതുവശത്തെ ഒരു വാരിയെല്ലിന് പൊട്ടല്‍, ശരീരത്തിലാകമാനം ചതവുകള്‍, ബലപ്രയോഗം നടത്തിയതിന്റെ പാടുകളും ശരീരത്തിലുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം തവണ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍മാര്‍ പറയുന്നു.അതേസമയം, ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് വേണ്ടി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.