യു.പിയില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. അംബികപ്രസാദ് പട്ടേല്‍ എന്ന 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഗ്രാമത്തിലുള്ള ഒരു പെണ്‍കുട്ടിയുമായുള്ള അടുപ്പവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. രാത്രി വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ യുവാവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി.

ഒരു വര്‍ഷത്തോളമായി സമീപവാസിയായ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് യുവാവിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.
ഈ സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കി. കേസില്‍ അറസ്റ്റിലായ യുവാവ് ജയിലിലുമായി. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നിന് പരോള്‍ ലഭിച്ച് പുറത്തിറങ്ങി. ഇതിനുപിന്നാലെയാണ് അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയത്.

SHARE