ചാനലുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍

കൊച്ചി: ഓണത്തിന് ചാനലുകളോട് സഹകരിക്കില്ലെന്ന താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. ചാനലുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനം മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

ചില ചാനലുകള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം മണ്ടത്തരമാണ്. ചെറിയ സിനിമകള്‍ക്ക് ഇടം ലഭിക്കാനായി സിനിമാ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ ചാനല്‍ രൂപീകരിക്കാനുള്ള നീക്കം അട്ടിമറിച്ചവര്‍ ഇപ്പോള്‍ ചാനല്‍ ബഹിഷ്‌കരിക്കുമെന്ന് പറയുന്നത് അപഹാസ്യമാണെന്നും വിനയന്‍ പറഞ്ഞു.

സിനിമാ സംഘടനകള്‍ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതിനെതിരെയും വിനയന്‍ തുറന്നടിച്ചു. അമ്മയുടേയും ഫെഫ്കയുടേയും നേതാക്കള്‍ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതിനോട് യോജിക്കുന്നില്ല. നിലവിലെ സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ പുതിയ കുപ്പിയില്‍ പഴയവീഞ്ഞുപോലെ മാത്രമേ കാണാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഡി ഡ്യൂപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് പോലീസിനെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് സംഘടനകളുടെ ദൗര്‍ല്യമാണെന്നും വിനയന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തത വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചാനലുകള്‍ ബഹിഷ്‌ക്കരിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ഓണത്തിന് ചാനലുകളുമായി സഹകരിക്കില്ലെന്നാണ് താരങ്ങളുടെ നിലപാട്.