ബലിപെരുന്നാള്‍; ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം

മുസാഫര്‍ നഗര്‍: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ മാടുകളെ അറുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി യോദി ആദിത്യനാഥ് സര്‍ക്കാര്‍. പൊതുഇടങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ മാടുകളെ ബലിയറുക്കാന്‍ പാടില്ലെന്ന് യോഗി ഉത്തരവിട്ടു. മീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും യോഗി നിര്‍ദ്ദേശം നല്‍കിയത്.

പൊതു ഇടങ്ങളില്‍ മാടുകളെ അറുക്കുന്നത് തടയണം. അവയുടെ അവശിഷ്ടങ്ങള്‍ ഓവുചാലുകളില്‍ തള്ളുന്നത് തടയണമെന്നും യോഗി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാടുകളെ തുറന്ന പ്രദേശങ്ങളില്‍ അറുക്കുന്നത് മറ്റു മതങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും യോഗി പറയുന്നു.

മുഖ്യമന്ത്രിയുടെ ഉത്തരവ് പാലിക്കുമെന്നും വിവിധ മതവിഭാഗങ്ങളിലെ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്തുമെന്നും മുസഫര്‍ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് ശര്‍മ്മ പറഞ്ഞു. പരമ്പരാഗത ആചാരങ്ങളോടെ ബലിപെരുന്നാള്‍ ആഘോഷിക്കാമെന്നും എന്നാല്‍ പൊതുഇടങ്ങളിലെ അറവുകള്‍ക്ക് നിരോധനം ഏര്‍പ്പെടത്തണമെന്നും യോഗി നിര്‍ദ്ദേശിച്ചതായി പൊലീസ് സൂപ്രണ്ട് ഓംവീര്‍ സിങും വ്യക്തമാക്കി.