Connect with us

Video Stories

അംഗീകരിക്കാനാവില്ല ഭരണ സ്തംഭനം

Published

on

ഭരണകര്‍ത്താക്കളുടെ സ്വജനപക്ഷപാതവും ഉദ്യോഗസ്ഥരുടെ ശീതസമരവും നിയന്ത്രണാതീതമായതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങളില്‍ പൊറുതിമുട്ടിത്തുടങ്ങിയ ഇടതു ഭരണം, പാതി വഴിയിലെത്തും മുമ്പെ പൊഴിഞ്ഞു വീഴുന്ന ലക്ഷണമാണ് കണ്ടു തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേഛാധിപത്യ നിലപാടുകള്‍ സഹ മന്ത്രിമാരില്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരിലും കടുത്ത നീരസമുളവാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി മുതല്‍ വകുപ്പുതല സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഇക്കാര്യം പരസ്യമാക്കിയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന് ഭരണ നിര്‍വഹണം ബാലികേറാ മലയായിരിക്കും. സര്‍ക്കാറില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥപ്പടയാണ് സെക്രട്ടറിയേറ്റില്‍ മനമുരുകിക്കഴിയുന്നത്. മുഷ്ടി ചുരുട്ടിയും കണ്ണുരുട്ടിയും ഉദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താമെന്ന മുഖ്യമന്ത്രിയുടെ വ്യമോഹം വിപരീത ഫലമാണ് വരുത്തിവച്ചിരിക്കുന്നത്. മന്ത്രിമാരുടെ ക്രമവിരുദ്ധ നടപടികളെ ഭയന്ന് പ്രധാന ഫയലുകള്‍ ഒപ്പുപതിയാതെ സെക്രട്ടറിയേറ്റിലെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് അംഗീകരിക്കാവതല്ല.

സര്‍ക്കാറിന്റെ നിലപാടുകളില്‍ അസംതൃപ്തി വച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയം ഭരണത്തെ നിശ്ചലമാക്കുന്നുവെന്ന യാഥാര്‍ഥ്യം പ്രതിപക്ഷം അര്‍ഹിച്ച ഗൗരവത്തില്‍ സര്‍ക്കാറിനെ ധരിപ്പിച്ചതാണ്. എന്നാല്‍ വസ്തുതയെ ക്രിയാത്മകമായി കാണാതെ രാഷ്ട്രീയ വിമര്‍ശമായി കാണാനാണ് മുഖ്യമന്ത്രിയുടെ സങ്കുചിത മനസ്സ് താത്പര്യപ്പെട്ടത്. ഇതിന്റെ പരിണിത ഫലമാണ് സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ വടിയെടുത്ത് അച്ചടക്കം പഠിപ്പിക്കുന്ന രീതി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും തുടരുന്നത് പാര്‍ട്ടിയിലും മുന്നണിയിലും രൂക്ഷമായ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇതിനെതിരെ കുടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ‘മുണ്ടുടുത്ത മോദി’ എന്നതിനേക്കാള്‍ പിണറായിക്ക് ചേര്‍ന്ന പദം മറ്റൊന്നില്ലെന്ന് സി.പി.ഐയുടെ നിരീക്ഷണം യാദൃച്ഛികമായി കാണാനാവില്ല. ഭരണ വൈകല്യവും വിശ്വാസ്യതക്കുറവും കൊണ്ട് സങ്കീര്‍ണത കുമിഞ്ഞു കൂടിക്കിടക്കുന്ന മന്ത്രിസഭാ-ഉദ്യോഗസ്ഥ ശൃംഖലകളെ മേക്കാന്‍ പാടുപെടുന്ന പിണറായിയില്‍ നിന്ന് ഇതിലും കൂടുതല്‍ ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല.

ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി തലയിണക്കടിയില്‍വച്ച് കിടന്നുറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരം ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ നേതാവിനോട് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതുമുന്നണി ഉപയോഗിച്ച ‘എല്ലാം ശരിയാകും’ എന്ന പ്രമേയം ഗതികിട്ടാ പ്രേതം പോലെ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലാകെയും അലയുകായണെന്നര്‍ഥം. സര്‍ക്കാറുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരോടെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ‘ഉടന്‍ പരിഹാരമുണ്ടാകും’ എന്ന പല്ലവി തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് തുനിഞ്ഞത് കേട്ടുകേള്‍വിയില്ലാത്തതാണ്. തങ്ങളുടെ ന്യായമായ കാര്യങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നും അനാവശ്യമായി കേസെടുക്കുന്നുവെന്നും പരാതിപ്പെട്ടാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് കൈക്കൊണ്ട മുഖ്യമന്ത്രിക്കു മുന്നില്‍ പത്തിമടക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ലായിരുന്നു. എന്നാല്‍ കീഴുദ്യോഗസ്ഥര്‍ക്കു മുമ്പില്‍വച്ചു അപമാനിച്ചുവെന്നു പരിഭവപ്പെട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നു കാണിച്ച് ഇന്നലെ വ്യവസായ വകുപ്പ് സെക്രട്ടറിയും സര്‍ക്കാറിനോടുള്ള അമര്‍ഷം പ്രകടിപ്പിച്ചതോടെ അണിയറയിലെ കലഹം വീണ്ടും കലാപമായി അരങ്ങത്തെത്തിയെന്നര്‍ഥം.

വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവും അധികം ഫയലുകള്‍ തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നത്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുന്ന സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ ഭരണ സ്തംഭനത്തിലേക്ക് സര്‍ക്കാറിനെ കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. മാത്രമല്ല, പല ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കാനാവാത്തതിനാല്‍ പല വകുപ്പുകളിലും പ്രധാന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളില്‍ മിക്കവയും ഫലയലിനുള്ളില്‍ വിശ്രമിക്കുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

തദ്ദേശവകുപ്പു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും വകുപ്പും തമ്മിലുള്ള ഭിന്നത മൂലം പദ്ധതി പ്രവര്‍ത്തനം താളംതെറ്റിയത് സര്‍ക്കാറിന് തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ ഫയലുകള്‍ പിടിച്ചുവെക്കുന്നുവെന്നായിരുന്നു വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്ന് പരാതിപ്പെട്ടത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരടി മുന്നോട്ടുപോയില്ലെന്നതാണ് പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാ വകുപ്പുകളും ഫയല്‍ നീക്കത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം കാറ്റില്‍പറത്തി. കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് അവലോകനം നടത്തണമെന്നും വകുപ്പു മേധാവികള്‍ മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് നടത്തണമെന്നുമുള്ള നിര്‍ദേശവും ജലരേഖയായി. കുത്തഴിഞ്ഞ ഭരണത്തില്‍ ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേവലം 26 ശതമാനം മാത്രം ഫണ്ട് വിനിയോഗിച്ച് ഭരണത്തെ നിശ്ചലമാക്കിയ ഇടതു സര്‍ക്കാര്‍ ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നു കാത്തിരുന്നുകാണാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; മലപ്പുറത്ത്‌ 4,45,201 കുട്ടികൾ തുള്ളിമരുന്ന് സ്വീകരിക്കും

ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

Published

on

പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നാളെ (മാര്‍ച്ച് മൂന്നിന്) നടക്കും. മലപ്പുറം ജില്ലയില്‍ 4,45,201 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടക്കും. ആദ്യദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പർവൈസർമാരെയും 7794 വളണ്ടിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടായിരത്തിന് ശേഷവും ഇന്ത്യയിൽ 2011ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

Continue Reading

kerala

മരിച്ച വിദ്യാർഥിക്കെതിരെ വ്യാജ ആരോപണം, ഒരു വധശിക്ഷ കഴിഞ്ഞ് വേറൊരു വധശിക്ഷ നടപ്പാക്കി: വി ഡി സതീശൻ

എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Published

on

പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച വിദ്യാർഥിക്കെതിരെ വ്യാജ ആരോപണം ഉയർത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആന്തൂർ സാജൻ്റെ കാര്യത്തിൽ സംഭവിച്ച പോലെ സിദ്ധാർഥനെയും കുടുംബത്തെയും അപമാനിക്കുകയാണ്.

മുഴുവൻ പ്രതികളെയും സിപിഎം സംരക്ഷിക്കുകയാണ്. കേരളത്തിലെ രക്ഷിതാക്കളെ മുഴുവൻ ഭയത്തിലാക്കി. എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഒരു വധശിക്ഷ കഴിഞ്ഞ് വേറൊരു വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുന്നു. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ വയനാട്ടിലെ മുതിർന്ന സിപിഐഎം നേതാവ് തന്നെ കൂടെ വന്നു. ഇത് ഭീഷണിയാണ്, അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടലാണ്.
മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ ക്രിമിനൽ കേസിൽ പ്രതിയാണ്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിദ്ധാർത്ഥ് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് സിദ്ധാർത്ഥിന്‍റെ മരണശേഷം കോളേജിന് പരാതി ലഭിച്ചിരുന്നു. ഫെബ്രുവരി 14ന് കോളേജിൽ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. കോളേജിലെ ആഭ്യന്തര പരാതി സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. ഈ പരാതി കെട്ടിച്ചമതാണെന്നാണ് സംശയം. കുറ്റാരോപിതന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോർട്ട്.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉണ്ട്.

സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോർട്ടും പുറത്തു വന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റൽ, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളിൽ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

31-ൽ 19പേരാണ് സിദ്ധാർഥിനോട് മൃഗീയമായി പെരുമാറിയത്. ബെൽറ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദ്ദിച്ചു.സിദ്ധാർത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. പ്രധാന പ്രതികളിലൊരാളായ കാശിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

Health

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു

ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Published

on

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറൽ ഹെപറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളില്‍ പരിശോധിച്ചതിൽ മൂന്നെണ്ണത്തില്‍ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നൽകുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending