Connect with us

Video Stories

എളുപ്പം ഓടിച്ചെല്ലാവുന്നത് സഹകരണ ബാങ്കുകളിലേക്ക്

Published

on

കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല നിശ്ചലമായിട്ട് രണ്ടാഴ്ചയാകുന്നു. കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും വീഴ്ത്താനെന്ന് പറഞ്ഞാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ സാഹസത്തിന് മുതിര്‍ന്നതെങ്കിലും വീണത് അവരല്ല. അവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് വിവരം നേരത്തെ തന്നെ കിട്ടിയിരുന്നു. പകരം ഒന്നുമറിയാത്ത സാധാരണക്കാരും പാവങ്ങളുമാണ് മോദി വീശിയെറിഞ്ഞ വലയില്‍ കുരുങ്ങി കൈകാലിട്ടടിക്കുന്നത്. കള്ളപ്പണം പോയിട്ട് അന്നന്നുള്ള ആഹാരത്തിന് പോലും പണം കയ്യിലില്ലാത്ത പാവങ്ങളാണവര്‍.

വീട് കത്തുന്ന തക്കത്തിന് കഴുക്കോല്‍ ഊരിയെടുക്കുന്ന പോലെ നോട്ടസാധുവാക്കല്‍ സൃഷ്ടിച്ച കൂട്ടക്കുഴപ്പത്തിനിടയില്‍ കേരള ഗ്രാമീണ ജീവിതത്തിന്റെ താങ്ങും തണലുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നത്. കേരള സഹകരണ പ്രസ്ഥാത്തിലേക്ക് കടന്ന് കയറാന്‍ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് കിട്ടാത്തത് കമഴ്ത്തിക്കളയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം വഴിമുട്ടുന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല.

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല. സാധാരണക്കാരുടെ വിയര്‍പ്പില്‍ നിന്നുള്ള ചില്ലിക്കാശ് സ്വരുക്കൂട്ടി ദശാബ്ദങ്ങളിലൂടെ വളര്‍ന്നു പന്തലിച്ചതാണവ. പത്ത് രൂപ മുതല്‍ നൂറ് രൂപ വരെ ഷെയറിട്ട് വളര്‍ത്തിയെടുത്ത പ്രസ്ഥാനം. അതാണ് കള്ളപ്പണക്കാരുടെ ഇരിപ്പിടമെന്ന് ബി.ജെ.പിക്കാര്‍ ആക്ഷേപിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ മാത്രം 1625 ഉണ്ട്. അവക്ക് 2700 ഓളം ശാഖകള്‍. ഒന്നരക്കോടിയോളം ഇടപാടുകാര്‍. 14 ജില്ലാ സഹകരണ ബാങ്കുകള്‍. അവക്ക് 784 ശാഖകള്‍. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ 60. അവക്ക് ശാഖകള്‍ 390. പുറമെ സംസ്ഥാന സഹകരണ ബാങ്കും അതിന്റെ ശാഖകളും. മൊത്തം ഓഹരി മൂലധനം 1,332 കോടി. അതില്‍ സംസ്ഥാന സര്‍ക്കരിന്റെ വിഹിതം ഒഴിച്ചാല്‍ ബാക്കി ഓഹരിയെല്ലാം സാധാരണക്കാരുടേതാണ്. 1,27000 കോടിയുടെ നിക്ഷേപം. ഒരു പക്ഷേ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്ര വിപുലമായ സഹകരണ ശൃംഖല കാണില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി പല സംസ്ഥാനങ്ങളിലും സഹകരണ മേഖല പുഷ്ടിപ്പെട്ടിട്ടുണ്ടെങ്കിലും ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കേരളത്തിലേത് പോലെ ഇഴുകി ച്ചേര്‍ന്നിട്ടുണ്ടാവില്ല. ക്ഷീര കര്‍ഷകര്‍, കയര്‍, കൈത്തറി തൊഴിലാളികള്‍, നാളികേര കര്‍ഷകര്‍, റബ്ബര്‍ കര്‍ഷകര്‍ തുടങ്ങി അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും വ്യാപിച്ചു കിടക്കുന്ന സഹകരണ പ്രസ്ഥാനത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ഒരു നീക്കത്തെയും അനുവദിച്ചു കൊടുക്കാനാവില്ല.

സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ ഇരിപ്പിടമാണെന്ന് പറഞ്ഞ് അതിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. കേരളത്തിലെ വാണിജ്യ ബാങ്കുകള്‍ക്ക് 6213 ശാഖകള്‍ ഉണ്ട്. അവ ഇവിടെ നിന്ന് സമാഹരിച്ച 3.7 ലക്ഷം കോടി രൂപയില്‍ എത്ര രൂപ കേരളത്തില്‍ വായ്പയായി നല്‍കിയിട്ടുണ്ട്? ചെറിയ ഒരു തുക മാത്രം. ബാക്കിയെല്ലാം വന്‍ കിട കോര്‍പറേറ്റുകള്‍ക്കും വിജയ്മല്യമാര്‍ക്കും കാഴ്ചവെക്കാനായി ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. എന്നിട്ട് കിട്ടാക്കടമെന്ന് പറഞ്ഞ് എഴുതി തള്ളും. 7016 കോടിയാണ് കഴിഞ്ഞ ആഴ്ച എഴുതി തള്ളിയത്.

അതേസമയം സഹകരണ ബാങ്കുകള്‍ നിക്ഷേപത്തിന്റെ 80 ശതമാനവും അതത് പ്രദേശത്ത് തന്നെ വായ്പയായി നല്‍കുകയാണ് ചെയ്യുന്നത്. കൃഷിയിറക്കുന്നതിനും പശുവിനെ വാങ്ങുന്നതിനും വീട് വെക്കുന്നതിനും മക്കളുടെ കല്യാണത്തിനും ആസ്പത്രിയില്‍ ചികിത്സിക്കുന്നതിനും എന്ന് വേണ്ട നിത്യ ജീവിതത്തിന്റെ എല്ലാ കാര്യത്തിനും ഓടിച്ചെല്ലുന്നത് സഹകരണ ബാങ്കുകളിലേക്കാണ്.

സഹകരണ മേഖലക്ക് ജനങ്ങളുടെ നിത്യജീവിതത്തിലുള്ള ബന്ധം കണക്കിലെടുത്തും രാഷ്ട്ര നിര്‍മ്മിതിയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്തുമാണ് ജവഹര്‍ലാല്‍ നെഹ്റു സഹകരണ മേഖലയെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക പരിരക്ഷ നല്‍കിയത്. എന്നാല്‍ പില്‍ക്കാലത്ത് സഹകരണ മേഖലയേയും നികുതി വലയില്‍ കൊണ്ടു വന്നു. പ്രാഥമിക സഹകരണ സംഘങ്ങളും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി നല്‍കുകയും റിട്ടേണ്‍ നല്‍കുകയും വേണം. അതിപ്പോഴും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലും പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളിലും നടത്തുന്ന നിക്ഷേപങ്ങളുടെ പലിശയിന്മേല്‍ ടി.ഡി.എസ് (സ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കല്‍) പിടിക്കുന്നതില്‍ നിന്ന് ഈ പ്രാഥമിക സംഘങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. ആദായ നികുതി നിയമം 194 എ 3 (7) വകുപ്പ് ഇക്കാര്യത്തില്‍ പ്രാഥമിക സംഘങ്ങള്‍ക്കുള്ള പരിരക്ഷയാണ്. അതായത് പ്രാഥമിക സംഘങ്ങളിലെ നിക്ഷേപങ്ങളിന്മേല്‍ നികുതി ഈടാക്കി നല്‍കാന്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ഇപ്പോഴും നിയമപരമായി ബാധ്യതയില്ലെന്ന് അര്‍ത്ഥം. ഇതറിയാതെയാണ് പ്രാഥമിക സംഘങ്ങള്‍ നികുതി വെട്ടിക്കുന്നു എന്ന് പറഞ്ഞ് വലിയ വായിലേ പലരും നിലവിളിക്കുന്നത്. ഇല്ലാത്ത കാര്യം പറഞ്ഞാണ് പ്രാഥമിക സംഘങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും.

അതേസമയം പ്രാഥമിക സംഘങ്ങളില്‍ അഞ്ചു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരും 10,000 രൂപക്ക് മുകളില്‍ പലിശ വാങ്ങുന്നവരും അവരുടെ ആദായ നികുതി റിട്ടേണുകളില്‍ അത് രേഖപ്പെടുത്തേണ്ടതുണ്ട്. അതില്‍ വ്യക്തികള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ സഹകരണ ബാങ്കുകളെ ശിക്ഷിക്കുന്നത് നീതീകരിക്കാവുന്നതല്ല. കാരണം സഹകരണ ബാങ്കുകളെ ബോധ്യപ്പെടുത്തിയിട്ടല്ല വ്യക്തികള്‍ അവരുടെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത്.

നിക്ഷേപങ്ങളിന്മേല്‍ ടി.ഡി.എസ് പിടിക്കുന്നതില്‍ നിന്ന് പ്രാഥമിക സഹകരണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും അര്‍ബന്‍ ബാങ്കുകളെയും ഒഴിവാക്കിയിട്ടില്ലെന്നും മനസ്സിലാക്കണം. അവര്‍ ഇപ്പോഴും വായ്പകളിന്മേല്‍ നികുതി ഈടാക്കി ആദായ നികുതി വകുപ്പിന് കൈമാറുന്നുണ്ട്. എന്നിട്ടും ജില്ലാ ബാങ്കുകളെ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ തളച്ചിടുന്നു എന്നതാണ് സംശയകരമായ വസ്തുത. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം എന്ന് വ്യക്തം.

സഹകരണ സംഘങ്ങള്‍ ഗൂഢ സംഘങ്ങളോ നിയമവിരുദ്ധ കേന്ദ്രങ്ങളോ അല്ല. സംസ്ഥാനത്തെ സഹകരണ നിയമപ്രകാരം സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണങ്ങളോടെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയാണവ. സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാര്‍ സഹകരണ ബാങ്കുകളിലെ ഓരോ കണക്കും പരിശോധിക്കുന്നുമുണ്ട്. പുറമെ ക്രമക്കേട് തടയുന്നതിന് സഹകരണ വകുപ്പിന് വിജിലന്‍സ് സംവിധാനവുമുണ്ട്. എന്നിട്ടാണ് ഇവ കള്ളക്കച്ചവടത്തിന്റെ കേന്ദ്രങ്ങളാണെന്ന് ചില കേന്ദ്രങ്ങള്‍ പ്രചാരണം അഴിച്ചു വിടുന്നത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അവ മാറ്റി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് ആദ്യം അനുമതി നല്‍കുകയും ആറാം ദിവസം പിന്‍വലിക്കുകയുമാണ് ചെയ്തത്. ഇതിനിടയില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 2800 കോടിയോളം രൂപ നിക്ഷേപകരില്‍ നിന്ന് പഴയ നോട്ട് സ്വീകരിച്ച് മാറ്റി നല്‍കുകയുണ്ടായി. ഈ തുക ഇനി എന്തു ചെയ്യുമെന്നാണറിയാത്തത്. ഇത് കള്ളപ്പണമല്ല. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നല്‍കിയതാണ്. ഇവ റിസര്‍വ്വ് ബാങ്ക് സ്വീകരിക്കാതിരുന്നാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം തകര്‍ന്നടിയും എന്നതില്‍ സംശയമില്ല.

വിചിത്രമായ ഒരു കാര്യം കൂടി ഇവിടെയുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളെ ബാങ്കുകളായി റിസര്‍വ്വ് ബാങ്ക് അംഗീകിച്ചിട്ടില്ലെങ്കിലും ജില്ലാ ബാങ്കുകളെ ബാങ്കുകളായി അംഗീകിരിച്ചിട്ടുണ്ട്. ആര്‍.ബി.ഐയുടെ ബാങ്കിങ് ലൈസന്‍സ് അനുസരിച്ചാണ് അവ പ്രവര്‍ത്തിക്കുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പദവി അവക്കില്ലെന്നേ ഉള്ളൂ. ഇതേ സ്വഭാവത്തില്‍ വരുന്ന സ്വകാര്യ ബാങ്കുകളെ നോട്ട് മാറ്റി നല്‍കുന്നതിന് അനുവദിക്കുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാത്രം അനുമതി നിഷേധിച്ചിരിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. സഹകരണ ബാങ്കുകളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ പ്രസ്ഥാനമാണ്. സ്വന്തം സ്ഥാപനമെന്നതു പോലെ ഓടിച്ചെന്ന് പമണമിടപാട് നടത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍. അവയെ തകര്‍ത്ത് വാണിജ്യ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും വളര്‍ത്താനുള്ള ശ്രമം കച്ചവടക്കണ്ണ് വെച്ചുള്ളതാണ്. സഹകരണ ശൃംഖലയിലെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപം തട്ടിയെടുക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടേതെന്ന പോലെ ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാനേ പ്രാഥമിക സംഘങ്ങള്‍ക്ക് അനുമതി ഉള്ളൂ. 600 കോടിയുടെയും ആയിരം കോടിയുടെയും വരെ നിക്ഷേപവും ദിവസവും ലക്ഷങ്ങളുടെ ഇടപാടും ഉള്ള സംഘങ്ങള്‍ക്ക് ഈ തുക കൊണ്ട് എന്തു ചെയ്യാനാണ്? കേരളത്തിന്റെ പ്രാണവായുവായ സഹകരണ പ്രസ്ഥാനത്തെ രക്ഷിച്ച് നിലനിര്‍ത്താന്‍ എല്ലാവരും രംഗത്തിറങ്ങണം.

രമേശ് ചെന്നിത്തല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending