കോഴിക്കോട്: തലസ്ഥാന നഗരിയില്‍ നിന്ന് കാഞ്ചനമാലയെ കാണാനെത്തിയ 19 കാരിയുടെ മാല മോഷ്ടിച്ച യുവാവും യുവതിയും അറസ്റ്റില്‍. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടി മാല മോഷ്ടിച്ച പൊന്നാനി പള്ളിപറമ്പില്‍ അഫ്‌നാസ്(29), കോട്ടയം ചേരിക്കല്‍ സുഭിതമോനി(27) എന്നിവരെയാണ് കോഴിക്കോട് റെയില്‍വെ എസ്.ഐ ബി.കെ സിജു അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദ സംഭവം. തിരുവനന്തപുരം കല്ലറ ആതിരഭവനിലെ ആര്യ (19)യുടെ മാലയാണ് നഷ്ടപ്പെട്ടത്. എന്ന് സ്വന്തം മൊയ്തീന്‍ എന്ന സിനിമയിലെ കഥാപാത്രമായ കാഞ്ചനമാലയെ അഭിമുഖം നടത്താന്‍ പോകുകയായിരുന്ന ആര്യയെ ട്രെയിനില്‍ വെച്ചാണ് പ്രതികള്‍ പരിചയപ്പെട്ടത്. സിനിമ മേഖലയില്‍ പ്രവര്‍ക്കുന്നവരാണെന്നും പറഞ്ഞ് അടുപ്പം സ്ഥാപിച്ച് മാല മോഷ്ടിച്ച് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏലസ്സ് അടങ്ങിയ ഒരു പവനോളം വരുന്നതായിരുന്നു സ്വര്‍ണ്ണ മാല. കോഴിക്കോട് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്ലാറ്റ് ഫോമിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. പരശുറാം എക്‌സ്പ്രസ്സില്‍ ഇന്നലെ വന്നിറങ്ങിയ ദമ്പതികളാണെന്ന് പറയപ്പെടുന്ന യുവതിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മാല തിരുവന്തപുരത്തെ ജ്വല്ലറിയില്‍ വില്‍പന നടത്തിയതായാണ് മൊഴി. കോടതി റിമാന്റു ചെയ്ത പ്രതികളെ കസ്റ്റഡിയിലെടുത്ത് തൊണ്ടിമുതല്‍ കണ്ടെടുക്കുമെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു.