ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയമവകാശപ്പെട്ട് ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്ത്. ഗുജറാത്തിലെ 8624 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2891 പഞ്ചായത്തുകളിലെ ഫലമാണ് പുറത്തുവന്നത്.

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നങ്ങളിലല്ല സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാറ്. സ്വന്തം സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. എല്ലാ വോട്ടര്‍മാര്‍ക്കും രണ്ട് വോട്ടുകളുണ്ടാവും. ഒന്ന് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനും മറ്റൊന്ന് മെമ്പറെ തെരഞ്ഞെടുക്കുന്നതിനും.

തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരില്‍ 70 ശതമാനവും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരാണെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. ഇത് മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള തെരഞ്ഞെടുപ്പായിരുന്നുവെന്നും മോദിക്കു മേല്‍ രാഹുലിന്റെ ജയമാണിതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപിയുടെ അവകാശവാദങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം 80 ശതമാനം പേരും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണെന്ന് ബിജെപിയും അവകാശപ്പെട്ടു. സംസ്ഥാനത്തെ 8624 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 80.12 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്.