വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തിനെതിരെ യുഎസ് രഹസ്യാന്വേഷണമേധാവി ജയിംസ് ക്ലാപ്പര്‍ രംഗത്ത്. ‘ റഷ്യ ഇടപെട്ടെന്ന കാര്യം തറപ്പിച്ചു പറയാന്‍ യുഎസ് ഏജന്‍സികള്‍ക്കാകും. റഷ്യ രാജ്യത്തിന്റെ നിലനില്‍പിന് ഭീഷണിയാണ്’. ക്ലാപ്പര്‍ വ്യക്തമാക്കി. റഷ്യന്‍ നീക്കങ്ങളെക്കുറിച്ചുള്ള അതീവരഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് പ്രസിഡണ്ട് ഒബാമയ്ക്ക് സമര്‍പ്പിച്ചു.

റഷ്യന്‍ ഹാക്കിങ്ങ് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ തങ്ങള്‍ക്കാകില്ലെന്നും ജയിംസ് ക്ലാപ്പര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പു തന്നെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് താനും ഒബാമയും റഷ്യയോട് ആശങ്ക അറിയിച്ചിരുന്നെന്ന പരാമര്‍ശവുമായി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്നു കരുതിയാണ് അന്ന് വിവരം പുറത്തു വിടാതിരുന്നെതെന്നും ജോണ്‍ കെറി പറഞ്ഞു.