ചണ്ഡിഗഡ്: സത്‌ലജ്-യമുന കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെ വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ വ്യക്തമാക്കി.

ബി.ജെ.പി-അകാലിദള്‍ സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനമാണ് സ്ഥിതി വഷളാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് ലോക്‌സഭാ അംഗത്വം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാരും രാജി പ്രഖ്യാപിച്ചു. വിധി പ്രതികൂലമാകുമെന്ന് സൂചന ലഭിച്ചിട്ടും സര്‍ക്കാര്‍ പഞ്ചാബിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണം. അല്ലങ്കില്‍ മുഖ്യമന്ത്രി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈമാസം 16ന് നിയമസഭയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസ് ആവശ്യം സര്‍ക്കാര്‍ തള്ളി. ലോക്‌സഭയില്‍ നിന്നുള്ള അമരീന്ദറിന്റെ രാജി രാഷ്ട്രീയ നാടകമാണെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ കുറ്റപ്പെടുത്തി. അമരീന്ദറിന്റെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ്. എന്തുകൊണ്ടാണ് മറ്റു കോണ്‍ഗ്രസ് എം.പിമാര്‍ രാജിവെക്കാത്തത്. വിധിക്കെതിരെ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും നിയമ വിദഗ്ധരുമായി ആശയവിനിമയം തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ അറിയിച്ചു. രാഷ്ട്രപതി ഭരണമെന്ന ആവശ്യത്തെ പിന്തുണക്കില്ലെന്ന് ആംആദ്മി പാര്‍ട്ടിയും വ്യക്തമാക്കി.

അതേസമയം സുപ്രീംകോടതി വിധിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ബാദലിന്റെ ജന്‍മദിനമായ ഡിസംബര്‍ എട്ടിന് സംസ്ഥാന വ്യാപകമായി റാലി സംഘടിപ്പിക്കും. വിധി മറികടക്കാന്‍ നിയമസഭ ബില്‍ പാസാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മുതിര്‍ന്ന അകാലിദള്‍ നേതാവ് വ്യക്തമാക്കി. അയല്‍സംസ്ഥാനങ്ങളുമായുള്ള ജലകരാറുകള്‍ പിന്‍വലിച്ച പഞ്ചാബ് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.