ഡെറാഡൂണ്‍: ഉറി ഭീകരാക്രമണത്തിന് മറുപടിയായി നിയന്ത്രണരേഖ മറികടന്ന് പാക്ക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ മരവിച്ച അവസ്ഥയിലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയില്‍ കിടക്കുന്ന രോഗിയെ പോലെയാണിപ്പോള്‍ പാക്കിസ്ഥാന്‍. അവിടെ എന്താണ് നടന്നതെന്ന് അവര്‍ക്ക് ഇനിയും മനസിലായിട്ടില്ല, പരീക്കര്‍ പരിഹാസരൂപേണ പറഞ്ഞു. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇതിനോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ഇന്ത്യന്‍ സൈന്യത്തെ പുരാണത്തിലെ ഹനുമാനോട് ഉപമിച്ച പരീക്കര്‍, ഹനുമാനെ പോലെ ഇന്ത്യന്‍ സൈനികര്‍ അവരുടെ ശൗര്യം വാസ്തവത്തില്‍ മനസിലാക്കി.ത് ഇപ്പോഴാണ് എന്നും പറഞ്ഞു. മിന്നലാക്രമണം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷവും എന്താണ് ശരിക്കും സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ് പാകിസ്താന്റെതെന്നും അദ്ദേഹം പരിഹസിച്ചു.–

അതിക്രമത്തിന് എങ്ങനെയായിരിക്കും ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്കുകയെന്ന സന്ദേശമാണ് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയത്. എന്നാല്‍ ഇന്ത്യ സമാധാനമാണ് ഇഷ്ടപ്പെടുന്നത്. പക്ഷേ ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യന്‍ സൈനികര്‍ക്ക് അവരുടെ ശൗര്യം കാണിക്കാനുള്ള അവസരമായിരുന്നു മിന്നലാക്രമണം പരീക്കര്‍ വ്യക്തമാക്കി.

സൈനിക നടപടിയില്‍ പങ്കെടുത്ത എല്ലാ സൈനികരെയും പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.