• ടി.കെ പ്രഭാകരന്‍

പൊലീസിന് സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം ജീവിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള പൗരന്റെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായി മാറുകയാണെന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ നിന്നുമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത് പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിനെതിരായ പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴക്കൂട്ടത്ത് നടന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ പൊലീസ് നടപടികള്‍ക്ക് സല്യൂട്ട് നല്‍കിയിരുന്നു.

അതോടൊപ്പം മുഖ്യമന്ത്രി മറ്റൊരു കാര്യം കൂടി പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ അനുവദിക്കില്ലെന്ന്്. ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ മൂന്നു യുവാക്കളെ മൂന്നാംമുറ പ്രയോഗത്തിനിരയാക്കിയത്. ബൈക്കില്‍ പോവുകയായിരുന്ന യുവാക്കളെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പിഴ ഈടാക്കി വിടേണ്ട പെറ്റിക്കേസായിട്ടും തീവ്രവാദികളെയെന്ന പോലെ യുവാക്കളെ ലോക്കപ്പിലിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. യുവാക്കളിലൊരാളുടെ ശരീരം നിറയെ അടിയേറ്റ് ചോര പൊടിഞ്ഞ പാടുകളാണ്.

കേരളത്തിലിപ്പോള്‍ പൊലീസ് രാജാണെന്ന ആരോപണത്തെ ഊട്ടിയുറപ്പിക്കുന്ന സംഭവമാണ് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന നടപടി. പൊലീസിന് ആരെയും വെടിവെച്ചുകൊല്ലാനും മനുഷ്യാവകാശ ധ്വംസനം നടത്താനും അധികാരമുണ്ടെന്നും അതിന് തന്റെ അംഗീകാരമുണ്ടെന്നും മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവനയിലൂടെ പറയാതെ പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാകണം സംസ്ഥാനത്ത് നിലമ്പൂര്‍ സംഭവത്തിന് ശേഷം കാസര്‍കോട്ട് മറ്റൊരു വേട്ട കൂടിയുണ്ടായത്. പൊലീസ് രാജിന് കിട്ടിയ മുഖ്യമന്ത്രിയുടെ സല്യൂട്ട് ഇത്തരമൊരു സാഹചര്യത്തിലാണ് വിചാരണ ചെയ്യപ്പെടേണ്ടത്. ഉത്തരവാദികളായ പൊലീസുകാരെ സസ്പെന്റ് ചെയ്തതുകൊണ്ടുമാത്രം ജനവികാരത്തെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നതല്ല ഈ വിഷയം.

നിലമ്പൂര്‍ സംഭവത്തെ ന്യായീകരിക്കാന്‍ സര്‍ക്കാരും പൊലീസ് ഉന്നത അധികാരികളും പാടുപെടുകയാണ്. വനത്തില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളോ തീവ്രവാദികളോ സാധാരണക്കാരോ എന്നതല്ല പ്രധാന വിഷയം. അവര്‍ ഏതു രീതിയില്‍ കൊലചെയ്യപ്പെട്ടുവെന്നതുതന്നെയാണ്. ഏറ്റുമുട്ടലിലല്ല അവര്‍ കൊല്ലപ്പെട്ടതെന്നും നിരായുധരും രോഗികളുമായ രണ്ട് മാവോയിസ്റ്റുകളെ പൊലീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നതിനും കൂടുതല്‍ സുവ്യക്തത വരുത്തുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തപ്പെട്ട സ്ത്രീയെയും വയോധികനെയും ഏതു രീതിയിലാണ് കൊലപ്പെടുത്തിയതെന്നറിയാന്‍ പൊതു സമൂഹത്തിന് അവകാശമുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്തുനിന്നുതന്നെ ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന വികാരം അതിശക്തമായിക്കഴിഞ്ഞു. പ്രതിപക്ഷവും ഈ വിഷയത്തില്‍ കടുത്ത നിലപാടിലാണ്.

ഇടതു പക്ഷത്തിന്റെ രാഷ്ട്രീയവും നിലപാടുമെല്ലാം വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരാണെന്നാണ് ഇത്രയും നാള്‍ പൊതുസമൂഹം കരുതിയിരുന്നത്. സമീപ കാലത്ത് ഭോപ്പാലില്‍ ജയില്‍ ചാടിയെന്ന് ആരോപിക്കപ്പെടുന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് ഇടതു പക്ഷമാണ്. ജയില്‍ ചാടിയവര്‍ തീവ്രവാദികളാണോ അല്ലയോ എന്നും അവര്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നുമൊക്കെയുള്ള കാര്യങ്ങള്‍ കോടതിയാണ് തെളിയിക്കേണ്ടത്. തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെയും സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുന്നവരെയും വിചാരണ തടവുകാരെയും യാതൊരു തരത്തിലുള്ള പ്രകോപനവും കൂടാതെ വെടിവെച്ച് കൊല്ലുന്നതിന് ഇടതുപക്ഷം എതിരാണെന്നാണ് രാജ്യത്തെ ജനങ്ങള്‍ മനസിലാക്കിയിട്ടുള്ളത്. ആന്ധ്രാപ്രദേശും ബിഹാറും ഛത്തീസ്ഗഡും അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കൂട്ടക്കുരുതികള്‍ അരങ്ങേറുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ പലതും വ്യാജ ഏറ്റുമുട്ടലുകള്‍ തന്നെയാണ്. ഇതിനെതിരെ കേരളത്തിലെ ഇടതുകക്ഷികള്‍ ശക്തമായി പ്രതികരിക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ തങ്ങളുടെ ഭരണമുണ്ടാകുമ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നാല്‍ അത് ശരിയാണെന്ന തരത്തില്‍ ഇവിടത്തെ ഇടതുപക്ഷ നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കാപട്യമാണെന്നേ പറയാനാവൂ. തീവ്രവാദികളെയും നക്സലൈറ്റുകളെയും നേരിടുമ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന കാരണം കേന്ദ്ര ഫണ്ട് തട്ടാനുള്ള പദ്ധതി തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു ഉപായമാണ് നിലമ്പൂരിലെ ഇരട്ടക്കൊല വഴിയും പ്രയോഗിച്ചിരിക്കുന്നത്.

മാവോയിസ്റ്റുകളുടെ ശരീരത്തില്‍ ഏറ്റ വെടിയുണ്ടകളില്‍ പലതും പുറത്തേക്ക് തെറിച്ചുപോയിരുന്നു. അടുത്തുനിന്ന് നിറയൊഴിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും നേരിയ ചെറുത്ത് നില്‍പ്പിന് പോലും അവസരം നല്‍കാതെ വളരെ അടുത്തുനിന്ന് തന്നെ വെടിയുതിര്‍ത്തുവെന്നതിന് ഏറ്റവും വലിയ തെളിവാണ് വെടിയുണ്ടകള്‍ ശരീരത്തില്‍ പതിഞ്ഞ രീതി. ഏറ്റുമുട്ടലാണെങ്കില്‍ അത് നിശ്ചിത അകലത്തില്‍ നിന്നുമാത്രമേ ഉണ്ടാകൂ. വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്തുപോവുകയുമില്ല. മാത്രമല്ല മാവോയിസ്റ്റുകളുമായി പോരാടിയെന്ന് വീമ്പിളക്കുന്ന പൊലീസുകാരില്‍ ഒരാളുടെയും ഒരു രോമത്തില്‍ പോലും പോറലേറ്റിട്ടുമില്ല.

ഒരു പിസ്റ്റളല്ലാതെ നിലമ്പൂര്‍ വനത്തില്‍ നിന്നും വേറെ ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. എന്നിട്ടും മാവോയിസ്റ്റുകള്‍ പൊലീസുകാര്‍ക്ക് നേരെ വെടിവെച്ചുവെന്ന് ഡി.ജി.പിയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഡി.ജി.പിയെ തിരുത്താന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടായിട്ടില്ല. ഇടതുപക്ഷത്ത് നിന്ന് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും ചില നേതാക്കള്‍ നിലമ്പൂരില്‍ നടന്നത് ഏകപക്ഷീയമായ പൊലീസ് നരനായാട്ടാണെന്ന അഭിപ്രായക്കാരാണ്. എം.ബി രാജേഷിനെപ്പോലുള്ള നേതാക്കള്‍ പ്രതികരിച്ചത് പൊലീസ് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്നാണ്. സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കളൊക്കെയും വെടിവെപ്പില്‍ സംശയം പ്രകടിപ്പിച്ച് സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടുകഴിഞ്ഞു. മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയത് തെറ്റായിപ്പോയെന്നും നടന്നത് വ്യാജ ഏറ്റുമുട്ടലാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരിക്കുകയാണ്.

അല്‍പ്പം വൈകിയാണെങ്കിലും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാവോയിസ്റ്റ് വേട്ടയില്‍ പൊലീസിനെതിരെ അന്വേഷണം വേണമെന്നമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിപ്പിടിക്കുകയാണ്. കോണ്‍ഗ്രസും മുസ്‌ലിംലീഗും നിലമ്പൂര്‍ സംഭവത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കണമെന്നാവശ്യപ്പെടുന്നു. അതേസമയം പിണറായിയും കോടിയേരിയുമൊക്കെ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിനെ ന്യായീകരിക്കാന്‍ വല്ലാതെ പാടുപെടുകയും ചെയ്യുന്നുണ്ട്. മജിസ്റ്റീരിയല്‍ അന്വേഷണത്തിലും ്രൈകംബ്രാഞ്ച് അന്വേഷണത്തിലും ആരും തൃപ്തരല്ല. എന്നാല്‍ പൊലീസ് പറയുന്നതാണ് ശരിയെന്ന നിലപാടില്‍ ആഭ്യന്തരവകുപ്പ് ഉറച്ചുനില്‍ക്കുകയാണ്. ്രൈകംബ്രാഞ്ച് അന്വേഷണം നടത്തി പൊലീസിന് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കുന്നതെങ്കില്‍ തങ്ങളുടെ വാദമായിരുന്നു ശരിയെന്ന് സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയും. അത്തരമൊരു സാഹചര്യം ഒഴിവാക്കി ജുഡീഷ്യല്‍ അന്വേഷണമാണ് നിലമ്പൂര്‍ സംഭവത്തില്‍ അടിയന്തിരമായി ആവശ്യമുള്ളത്.

മന്ത്രി എം.എം മണിയെപ്പോലുള്ള ചില സി.പി.എം പ്രമുഖര്‍ നിലമ്പൂര്‍ സംഭവത്തില്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ സര്‍ക്കാറിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും വരുത്തുന്ന കളങ്കം ചെറുതല്ല. മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ലെന്നും അവര്‍ നിരപരാധികളെ കൊല്ലുന്നുവെന്നും പിടിച്ചുപറിക്കാരാണെന്നുമാണ് എം.എം മണിയുടെ നിരീക്ഷണം. മറ്റ് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഏതു രീതിയാലാണെന്നതു സംബന്ധിച്ച് നമുക്ക് ധാരണയൊന്നുമില്ല. എന്നാല്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കൊലപാതകങ്ങളും പിടിച്ചുപറിയും നടത്തിയല്ല. അത്തരത്തിലുള്ള ഒരു പരാതിയും എവിടെയും ഉയര്‍ന്നു വന്നിട്ടില്ല. സായുധ കലാപത്തിലേക്ക് അവര്‍ ഇവിടെ നീങ്ങിയിട്ടില്ല. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്കെതിരെ കേരളത്തില്‍ ഒരു കേസു പോലുമില്ല. പൊലീസ് വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാക്കളില്‍ ഒരാളായ കുപ്പുദേവരാജിനെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. കേരളത്തിലുണ്ടെന്ന് തെളിയിക്കാനുമായിട്ടില്ല.

ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ ഇരട്ടക്കൊല എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത അധികാര സ്ഥാനങ്ങളിലിരുന്നു വെടിവെപ്പിനെ ന്യായീകരിക്കുന്നവര്‍ക്കുണ്ട്. അഥവാ കൊലപാതകികളും പിടിച്ചുപറിക്കാരും ആണെന്നു തന്നെയിരിക്കട്ടെ. അവര്‍ നിയമത്തിനു മുന്നില്‍ കീഴടങ്ങാനുള്ള സാഹചര്യമുണ്ടായിരിക്കെ വെടിവെച്ചു കൊല്ലാനുള്ള അധികാരം പൊലീസിനില്ല. ആ യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കി വേണം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍. നിരായുധരെ വെടിവെച്ചുകൊല്ലുന്നത് ശരിയാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ പഴയകാല കമ്യൂണിസ്റ്റ് രീതിയെയാണ് പരോക്ഷമായി തള്ളിപ്പറയുന്നത്. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കമ്യൂണിസ്റ്റ് സായുധ പോരാട്ടങ്ങളൊക്കെയും തെറ്റായിരുന്നുവെന്ന് ഇവര്‍ പറയാതെ പറയുകയും ചെയ്യുന്നു.

അധികാരത്തിന്റെ ശീതളിമയില്‍ ഇതൊക്കെ മറന്നുപോകുന്നവരെ അറിയിക്കാനുള്ളത് ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നുതന്നെയാണ്. ഇതൊരു ജനാധിപത്യഭരണ കൂടത്തോടുള്ള വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വിഷയം കൂടിയാണ്. ഉത്തരേന്ത്യന്‍ മോഡല്‍ വ്യാജ ഏറ്റുമുട്ടലുകളെയും പൊലീസ് മെനയുന്ന കള്ളക്കഥകളെയും വിശ്വസിച്ച് പ്രതികരിക്കാന്‍ മാത്രം വങ്കത്തരമുള്ളവരല്ല കേരളത്തിലെ യാഥാര്‍ത്ഥ്യ ബോധമുള്ള ജനങ്ങള്‍. അടിയുറച്ച ജനാധിപത്യ ബോധമുള്ള കേരള ജനത സായുധപോരാട്ടത്തോട് യോജിക്കുന്നവരല്ല. അതിനെ പ്രോല്‍സാഹിപ്പിക്കുകയുമില്ല. ആ ബോധ്യമുള്ളതുകൊണ്ടാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ സായുധ പോരാട്ടം നടത്താത്തത്. അത്തരമൊരു രീതിയിലേക്ക് അവര്‍ പോയാല്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാനുള്ള ആര്‍ജവവും രാഷ്ട്രീയപ്രബുദ്ധതയും കേരള ജനതക്കുണ്ട്.