പ്രതിഛായ

മൂന്നാമതും തമിഴകത്തിന്റെ മുതലമൈച്ചറായി സത്യപ്രതിജ്ഞ ചെയ്ത ഒറ്റകര പനീര്‍ സെല്‍വം തേവര്‍ക്ക് സ്ഥാനം പിടിക്കാനായി കസേരയില്‍ ഇട്ട ടവ്വലിന്റെ വിലയേയുള്ളൂ. മൂന്നര പതിറ്റാണ്ട് കാലം ജയലളിതയുടെ കണ്ണും കാതും കരളുമായ തോഴി ശശികല തന്നെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിന്റെ ചരിത്രമെഴുതും എന്നും കരുതേണ്ടിയിരിക്കുന്നു. ഉരുക്കുവനിതയായ പുരട്ച്ചി തലൈവി ഡോ.ജെ ജയളിത എന്തുകൊണ്ട് ശശികലക്ക് മുമ്പില്‍ ഇങ്ങനെ തരളിതയാവുന്നുവെന്ന് മാത്രമാണ് സുബ്രഹ്മണ്യ സ്വാമിയുടെ കവടിക്കും കുരുട്ടു ബുദ്ധിക്കും ഇനിയും വഴങ്ങാത്തത്. വെറുമൊരു വീഡിയോ കട നടത്തിപ്പുകാരിയില്‍ നിന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായി വളര്‍ന്ന ശശികല നടരാജന്റെ തലയില്‍ കൈവെച്ച് ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ ആശ്വസിപ്പിക്കുന്ന നരേന്ദ്ര മോദിക്ക് ചില കഥകള്‍ തീര്‍ച്ചയായും പറയാനുണ്ട്. കൃത്യം 15 വര്‍ഷം മുമ്പ് ശശികലയെയും ബന്ധുക്കളായ 13 പേരെയും എ.ഐ.ഡി.എം.കെയില്‍ നിന്ന് ജയലളിത നിഷ്‌കരുണം പുറത്താക്കി.

പോയസ് ഗാര്‍ഡനില്‍ തമ്പടിച്ച മാന്നാര്‍ഗുഡി മക്കളെയത്രയും നിഷ്‌കാസിതരാക്കി പിണ്ഡം വെച്ചത് 2011 ഡിസമ്പര്‍ 19ന്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു ഇത്തരം ഒരു നടപടിക്ക് ജയലളിതയെ ഉപദേശിച്ചത്. മുഖ്യമന്ത്രിയുടെ അധികാരത്തിനപ്പുറത്തേക്ക് വളര്‍ന്ന ശശികലയുടെയും ബന്ധുക്കളുടെയും ഇടപെടല്‍ കാരണം പല നിക്ഷേപകരും തമിഴകം ഉപേക്ഷിക്കുന്നുവെന്നാണ് അന്നും പണക്കാരുടെ തേരാളിയായ മോദി ഉപദേശിച്ചത്. തൊട്ടു മുമ്പ് അതിനേക്കാള്‍ വലിയ വിവരങ്ങള്‍ ജയലളിത കേട്ടിരുന്നു. അധികാരം പിടിച്ചടക്കാനായി ശശികലയും മാന്നാര്‍ ഗുഡി ടീമും തന്നെ പതുക്കെ വിഷം കുത്തിവെച്ച് കൊല്ലുന്നുണ്ടെന്നായിരുന്നു കിട്ടിയ വിവരം. പരിശോധിച്ചപ്പോള്‍ ശരീരത്തില്‍ അനഭിലഷണീയമായ വിഷ വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ശശികല നിയമിച്ച മാന്നാര്‍ ഗുഡിക്കാരായിരുന്നു ജയലളിതയുടെ വാസസ്ഥലമായ പോയസ് ഗാര്‍ഡനിലത്രയും. ജയലളിതയുടെ വിശ്വസ്ത നഴ്‌സ് പോലും ശശികല ടീമായിരുന്നു. അത് ഞെട്ടിച്ച സംഭവമായിരുന്നെങ്കിലും 2012 മാര്‍ച്ചില്‍ ശശികല തിരിച്ചുവരിക തന്നെ ചെയ്തു. എല്ലാത്തിനും മാപ്പ് ചോദിച്ച് ശശികല എഴുതി. തന്റെ കുടുംബക്കാരുടെ ഗൂഢാലോചനയെപറ്റി തനിക്ക് അറിയില്ലെന്ന ആണയിടല്‍ ജയലളിത വിശ്വസിക്കുകയും ചെയ്തു.

ഈ ചെറിയ ഇടവേള ഒഴിച്ചാല്‍ ജയക്കൊപ്പമുണ്ടായിരുന്നു ശശികല. ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ശശികലയെ വിവാഹം കഴിച്ചത് തമിഴ്‌നാട് സര്‍ക്കാറില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി താല്‍ക്കാലിക ജോലി നോക്കിയിരുന്ന എം. നടരാജനാണ്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ഉള്ള ജോലിയും പോയി. അങ്ങനെയാണ് വലിയ സിനിമാ തല്‍പരയായ ശശികല വീഡിയോ കസെറ്റ് വാടകക്ക് നല്‍കുന്ന കട ആരംഭിച്ചത്. വൈകാതെ ഒരു വീഡിയോ ക്യാമറ വാങ്ങി വിവാഹച്ചടങ്ങുകളും മറ്റും പകര്‍ത്തുകയും വില്‍ക്കുകയും ചെയ്തു. 1980ല്‍ അടിയന്തരാവസ്ഥ പോയതോടെ നടരാജന് ജോലിയില്‍ തിരികെ കയറാനുമായി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്ന നിലയില്‍ വി.എസ് ചന്ദ്രലേഖ ഐ.എ.എസുമായി നടരാജന് ബന്ധമുണ്ടാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറുമായി അടുത്ത ബന്ധം സൂക്ഷിച്ച ചന്ദ്രലേഖയിലൂടെ ജയലളിതയുമായി ഭാര്യയെ അടുപ്പിക്കാനുമായി. രണ്ട് സ്ത്രീകളുടെ ഈ കൂടിക്കാഴ്ച തമിഴ്‌നാടിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്നതായി.

ജനങ്ങളെ ആകര്‍ഷിക്കുന്ന ജയലളിത അന്ന് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായിരുന്നു. എം.ജി.ആറിന്റെ മരണത്തോടെ ജയലളിതക്ക് കടുത്ത പരീക്ഷണങ്ങളായിരുന്നു. ജാനകിയമ്മയുടെ അനുകൂലികളായ പാര്‍ട്ടിക്കാരില്‍ നിന്ന് ജയക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നു. അതു പക്ഷെ അവസരമായി ഉപയോഗിക്കുകയാണ് ജയ ചെയ്തത്. അങ്ങനെയാണ് 1991ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സുബ്രഹ്മണ്യ സ്വാമി മാന്നാര്‍ ഗുഡി മാഫിയ എന്ന് പേരിട്ട ശശികല കമ്പനി ആരംഭിക്കുന്നത് ഈ സ്ഥാനാരോഹണത്തോടെയാണ്. ജയലളിതയുടെ വാസ സ്ഥലമായ പോയസ് ഗാര്‍ഡനിലേക്ക് 40 പേരെയാണ് ഒറ്റയടിക്ക് ശശികലയുടെ ജന്മനാടായ മാന്നാര്‍ഗുഡിയില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയേക്കാള്‍ വലിയ അധികാര കേന്ദ്രമായി മാന്നാര്‍ ഗുഡി ടീം വളര്‍ന്നപ്പോഴാണ് 1996ല്‍ ഭരണം നഷ്ടപ്പെടേണ്ടിവന്നത്. എന്നാല്‍ 1998ല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമെന്ന നിലയില്‍ ഭരണ കക്ഷിയായി. അന്ന് പ്രമോദ് മഹാജനും കൂട്ടരും ശശികലയെ പുകച്ചു പുറത്തുചാടിക്കാന്‍ പഠിച്ചതത്രയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്ന് മാത്രമല്ല, അതാണ് വാജ്‌പേയി മന്ത്രിസഭയുടെ ആയുസ് നഷ്ടപ്പെടുത്തിയതും. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ജയ വോട്ട് ചെയ്തു. 1999ല്‍ ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ശശികല സംഘടിപ്പിച്ച ചായപ്പാര്‍ട്ടിയാണ് വാജ്‌പേയി മന്ത്രിസഭയുടെ വിധി നിശ്ചയിച്ചത്. സോണിയയും ജയയും അന്നു ഒരുമിച്ചു. വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച സുബ്രഹ്മണ്യ സ്വാമി ഈ ചായപ്പാര്‍ട്ടിക്ക് ചരട് വലിച്ചു.

ഇതുപോലൊരു മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഏഴിനാണ് ജയക്കൊപ്പം ശശികലയെയും അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. മുപ്പത് ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. കളര്‍ ടി.വി കുംഭകോണക്കേസിലായിരുന്നു അറസ്റ്റ്. സുപ്രീംകോടതി വെറുതെവിട്ടു. 2014 സെപ്തംബര്‍ 27ന് ബംഗളൂരുവിലെ കോടതി ജയക്കും ശശികലക്കും എതിരെ നാലു വര്‍ഷം തടവും പിഴയും വിധിച്ചു. 100 കോടി രൂപയുടെ പിഴയാണ് ന്യായാധിപന്‍ ജയലളിതക്ക് വിധിച്ചതെങ്കില്‍ 10 കോടി ശശികലയും കണ്ടെത്തേണ്ടിയിരുന്നു. ജയലളിതയുടെ വളര്‍ത്തുപുത്രിയുടെ വിവാഹത്തിലെ ധൂര്‍ത്തിനാണ് ആദ്യം മറുപടി പറയേണ്ടിവന്നത്. ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് കാറില്‍ സഞ്ചരിക്കുക ശശികലയുടെ ഇഷ്ടമായിരുന്നുപോല്‍, വഴിയില്‍ ഒരു ഭൂമി കണ്ട് ഇഷ്ടപ്പെട്ടാല്‍ അപ്പോള്‍ തന്നെ അത് സ്വന്തമാക്കിയിരുന്നുപോല്‍, അങ്ങനെ ഒരു പാട് വീടുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നു പോല്‍.