യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്താരാഷ്ട്രത്തില്‍ വിമര്‍ശനവും അന്വേഷണവും ഉയര്‍ന്ന് വരുന്നതില്‍ റഷ്യന്‍ നേതൃത്വത്തിനുള്ള അസ്വസ്ഥത മറനീക്കി പുറത്തുവരുന്നതാണ്, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി ബന്ധം വിടാനുള്ള തീരുമാനം. വന്‍ ശക്തി രാഷ്ട്രങ്ങള്‍ പതിവായി പ്രയോഗിക്കുന്ന അടവ് തന്നെയാണ് റഷ്യന്‍ തന്ത്രത്തിന് പിന്നിലും. സിറിയയിലും ക്രിമിയയിലും റഷ്യ നടത്തിയ വ്യോമാക്രമണത്തെകുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) അന്വേഷിക്കണമെന്ന് യു.എന്‍ പൊതുസഭയില്‍ ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ റഷ്യ സ്വീകരിച്ച പിന്മാറല്‍ തീരുമാനം രാഷ്ട്രാന്തരീയ സമൂഹം പരിഹാസ്യമായാണ് സ്വീകരിച്ചു കാണുന്നത്.

മാത്രമല്ല, 2008ല്‍ പഴയ സോവിയറ്റ് യൂണിയനില്‍പെട്ട ജോര്‍ജിയയെ കടന്നാക്രമിച്ച് നടത്തിയ യുദ്ധ കുറ്റ കൃത്യങ്ങള്‍ പരിശോധിക്കാന്‍ ഐ.സി.സി തീരുമാനമെടുത്തത് കൂടി വ്‌ളാഡ്മിര്‍ പുട്ടിനെ പ്രകോപിതനാക്കി. ഇത്തരം കേസുകളിലെല്ലാം പുട്ടിനും റഷ്യയും പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടിവരും. ഐ.സി.സിയുമായുള്ള പ്രാഥമിക കരാര്‍ റദ്ദാക്കാനാണ് റഷ്യന്‍ നീക്കം. സ്വതന്ത്ര ഏജന്‍സിയായി ഐ.സി.സിയെ റഷ്യ പരിഗണിക്കുന്നുമില്ല. പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്ന സ്ഥാപനമായി ഐ.സി.സിയെ റഷ്യ കാണുന്നു. റഷ്യന്‍ ഭരണ ഘടനയും ഐ.സി.സി നിയമങ്ങളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് റഷ്യ കണ്ടെത്തുന്നത് കരാറില്‍ ഒപ്പുവെച്ച് എട്ട് വര്‍ഷത്തിന് ശേഷം എന്ന് കാണുമ്പോള്‍ പുട്ടിന്‍ ഭരണ കൂടത്തിന്റെ ഹിഡന്‍ അജണ്ട ഊഹിക്കാവുന്നതേയുള്ളൂ. കുറ്റകൃത്യങ്ങളെക്കുറിച്ച് വിചാരണയില്‍ നിന്ന് പുട്ടിനേയും മറ്റ് റഷ്യന്‍ നേതാക്കളേയും രക്ഷിക്കണം. 1991ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രമാണ് ജോര്‍ജിയയും ഉക്രൈയിനും.

രണ്ട് രാജ്യങ്ങളിലും ജനസംഖ്യയില്‍ നല്ലൊരു ശതമാനം റഷ്യ വംശജര്‍. ഉക്രൈയിനിലെ ക്രിമിയയില്‍ കടന്നാക്രമണം നടത്തി റഷ്യ കയ്യടക്കി. ജോര്‍ജിയയില്‍ നടത്തിയ യുദ്ധം പാശ്ചാത്യ ഇടപെടലിനെ തുടര്‍ന്ന് റഷ്യ പിന്‍മാറേണ്ടിവന്നു. പക്ഷേ, അതിലിടക്ക് ഭീകരമായ ക്രൂരതയാണ് റഷ്യന്‍ സൈന്യം നടത്തിയത്. ജോര്‍ജിയയുടെ പരാതിയിന്മേല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രശ്‌നം ഏറ്റെടുക്കാന്‍ സമയം വൈകി. ജോര്‍ജിയയില്‍ നടപ്പാക്കാന്‍ കഴിയാത്ത അജണ്ട ഉക്രൈയിനില്‍ നടപ്പാക്കി. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷം അവകാശപ്പെടുന്ന സംസ്ഥാനമായ ക്രിമിയ റഷ്യന്‍ സൈന്യം കയ്യടക്കി. ഇപ്പോഴും സ്ഥിതി തുടരുന്നു. ഏറ്റവും അവസാനത്തെ സംഭവ വികാസമാണ് സിറിയയിലെ വ്യോമാക്രണം. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. പള്ളികളും പള്ളിക്കൂടങ്ങളും ആസ്പത്രികളും വരെ തകര്‍ന്നു. ലക്ഷങ്ങള്‍ ഭവനരഹിതരായി. സിറിയന്‍ ഏകാധിപതി ബശാറുല്‍ അസദിനെ നിലനിര്‍ത്താന്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തിയാണ് റഷ്യയുടെ സൈനിക നടപടി. യു.എന്‍ നിരവധി തവണ ചര്‍ച്ച ചെയ്തുവെങ്കിലും വീറ്റോ പ്രയോഗിച്ച് സ്വരക്ഷ തേടി റഷ്യ. യു.എന്‍ മനുഷ്യാവകാശ സമിതി സിറിയ, ക്രിമിയ പ്രശ്‌നങ്ങള്‍ ഐ.സി.സി മുമ്പാകെ അവതരിപ്പിച്ചു കഴിഞ്ഞു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് റഷ്യന്‍ പാത പിന്‍തുടര്‍ന്ന് ഫിലിപ്പൈന്‍സും രംഗത്ത് വന്നു. പാശ്ചാത്യ രാഷ്ട്രങ്ങളുമായി അകന്ന് കഴിയുന്ന പ്രസിഡണ്ട് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട് തീരുമാനം എടുത്തു മുന്നോട്ട് വന്നതില്‍ കൗതുകം ജനിപ്പിക്കുന്നു. ഫിലിപ്പൈന്‍സ് അമേരിക്കയോടും പാശ്ചാത്യ നാടുകളോടും പതിറ്റാണ്ടുകളായി സൗഹൃദം പുലര്‍ത്തുന്നു. മയക്കുമരുന്ന് മാഫിയക്ക് എതിരായ റോഡ്രിയഗോവിന്റെ നടപടി വളരെയേറെ വിവാദം സൃഷ്ടിച്ചു. നാലായിരത്തോളം പേര്‍ മയക്കുമരുന്ന് വിരുദ്ധ വേട്ടക്കിടയില്‍ കൊല്ലപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഫിലിപ്പൈന്‍സ് നീക്കത്തെ വിമര്‍ശിച്ചത് റോഡ്രിഗോവിനെ ചൊടിപ്പിച്ചു. ഒബാമയെ ആക്ഷേപിച്ച ഫിലിപ്പൈന്‍സ് പ്രസിഡണ്ട് ബാന്‍ കി മൂണിനെ ‘വിഡ്ഢി’ എന്നാണ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണ പരിധിയില്‍ ഫിലിപ്പൈന്‍സും വന്നേക്കുമെന്ന ആശങ്കയാണ് കോടതിയെ തള്ളിപ്പറയാന്‍ കാരണം. യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സയ്യദ് റഅദ് അല്‍ ഹുസയിന്‍ ഇക്കാര്യം തുറന്നടിക്കുന്നു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഹേഗ് ആസ്ഥാനമായി 14 വര്‍ഷം മുമ്പാണ് നിലവില്‍ വന്നത്. 124 അംഗ രാഷ്ട്രങ്ങള്‍ കോടതിയെ അംഗീകരിച്ചിട്ടുണ്ട്. കോടതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് റഷ്യയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. കോടതി നടപടി ഇഴഞ്ഞു നീങ്ങുന്നുവെന്നാണ് റഷ്യന്‍ ആക്ഷേപം. പാശ്ചാത്യ നാടുകള്‍ക്കെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കുന്നതില്‍ കോടതി വിമുഖത പ്രകടിപ്പിക്കുന്നുവെന്ന വിമര്‍ശനവും വസ്തുതയാണ്. 100 കോടി ഇതിനകം കോടതിയുടെ പ്രവര്‍ത്തന ചെലവ് വന്നു. ഇത്രയും ദീര്‍ഘകാലത്തിനുള്ളില്‍ നാല് വിധി പുറപ്പെടുവിക്കാന്‍ മാത്രമേ ഐ.സി.സിക്ക് കഴിഞ്ഞുള്ളൂവെന്നത് വന്‍ പരാജയം തന്നെയാണ്.

മാത്രമല്ല ഇപ്പോള്‍ മാത്രമാണ് ഒരു വന്‍ ശക്തിക്കെതിരെ ഐ.സി.സി രംഗത്തുവന്നത്. പാശ്ചാത്യ നാടുകളുടെ യുദ്ധ കുറ്റകൃത്യങ്ങളൊന്നും പരിശോധിക്കാന്‍ ഐ.സി.സി തയാറായില്ലെന്നത് ഇരട്ടത്താപ്പായി കാണാം. പത്ത് ലക്ഷം മരണം സംഭവിച്ച ഇറാഖി അധിനിവേശം ഐ.സി.സിയുടെ പരിധിയില്‍ വരുന്നില്ല. ഇറാഖില്‍ കൂട്ട സംഹാരായുധങ്ങളുണ്ടെന്നും സദ്ദാം ഹുസൈന് അല്‍ഖാഇദ ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നുവല്ലോ അമേരിക്കയും ബ്രിട്ടനും സഖ്യരാഷ്ട്രങ്ങളും ഇറാഖിനെ അക്രമിച്ചത്. തകര്‍ച്ചയില്‍ നിന്ന് ഇറാഖ് ഇപ്പോഴും മോചിതമല്ല. പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റുകയും ചെയ്തു. എന്നിട്ടും സുസ്ഥിര ഭരണം ഇറാഖില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. യുദ്ധം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് അമേരിക്കയും ബ്രിട്ടനും നിയോഗിച്ച അന്വേഷണ കമ്മീഷനുകളെല്ലാം തുറന്നു സമ്മതിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിന്റെ പ്രചാരകനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ കുറ്റം തുറന്ന് സമ്മതിച്ചത് അടുത്ത കാലമാണ്. എന്തുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ് ബുഷ് ജൂനിയറിന്റെയും ടോണി ബ്ലെയറിന്റെയും പേരില്‍ യുദ്ധ കുറ്റകൃത്യത്തിന് ഐ.സി.സി കേസെടുത്തില്ലെന്ന ചോദ്യം പ്രസക്തമല്ലേ. അഫ്ഗാനിസ്ഥാന് നേരെയുണ്ടായ അധിനിവേശത്തില്‍ ലക്ഷങ്ങള്‍ കൊല്ലപ്പെട്ടതിന് ആരാണ് ഉത്തരവാദികള്‍.

ബോസ്‌നിയയില്‍ പൈശാചിക നൃത്തം ചവിട്ടിയ മിലേസേവിച്ചിന് എതിരെ നടപടിയെടുക്കുമ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് തന്നെ വിട പറഞ്ഞു. അന്വേഷണവും വിചാരണയും വര്‍ഷങ്ങളോളം നീണ്ടു. ആഫ്രിക്കന്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാണുന്ന ധൃതി മേല്‍ സംഭവങ്ങളിലൊന്നും പ്രകടമായില്ല. ദാര്‍ഫൂര്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ച് സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബഷീറിനെതിരെ നടപടി സ്വീകരിച്ച ഐ.സി.സിക്ക് പക്ഷേ ബുഷിനും ബ്ലെയറിനും നേരെ വിരലനക്കാന്‍ ധൈര്യം കാണിക്കാറില്ല.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് കൈപൊള്ളിയപ്പോള്‍ റഷ്യ പിന്‍മാറുന്നു. യു.എന്‍ സംഘടനാ ശൈലി തന്നെ പൊളിച്ചെഴുതാന്‍ സമയം വൈകി. ഐ.സി.സിയില്‍ നിന്ന് നേരത്തെ ആഫ്രിക്കന്‍ നഷ്ടങ്ങളായ ദക്ഷിണാഫ്രിക്ക, ഗാംബിയ, ബുറുണ്ടി തുടങ്ങിയവ പിന്‍മാറിയിരുന്നു. യു.എന്നിന് കീഴിലുള്ള പ്രധാന സ്ഥാപനമായ ഐ.സി.സിയുടെ തകര്‍ച്ചയിലേക്കാണ് റഷ്യ അടക്കമുള്ള രാഷ്ട്രങ്ങളുടെ പിന്മാറ്റം കാരണമാവുന്നത്. ഐക്യരാഷ്ട്ര സംഘടനയെ ദുര്‍ബലമാക്കുന്ന ഇത്തരം നീക്കങ്ങള്‍ ആദ്യം അവസാനിപ്പിക്കേണ്ടത് വന്‍ ശക്തികളാണ്.