തിരുവനന്തപുരം: കേരളം രൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ നദീജല കരാറുകള്‍ പാലിക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. പാലക്കാട് മേഖലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലം സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ജലസേചന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എടപ്പാടി കെ പളനി സ്വാമി എന്നിവര്‍ക്ക് സംസ്ഥാന ജനസേചനമന്ത്രി മാത്യു ടി. തോമസ് കത്തുനല്‍കി.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏതു കരാറിന്റെയും പവിത്രത പാലിക്കണമെന്നതില്‍ കേരളം പാലിക്കുന്ന നിഷ്ഠ തിരിച്ചും പ്രതീക്ഷിക്കുന്നുവെന്നും എന്നാല്‍ പലപ്പോഴും തമിഴ്നാട് കരാര്‍വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്നും ജലസേചന മന്ത്രി മാത്യു ടി. തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുടെ വ്യവസ്ഥപ്രകാരം കൂടിവെള്ള ആവശ്യത്തിനായി ആയിരം ദശലക്ഷം ഘനയടി ജലമാണ് തമിഴ്നാടിന് അര്‍ഹമായിട്ടുള്ളത്. മണക്കടവില്‍ 7.25 ടി.എം.സിയും ഷോളയാറില്‍നിന്നും 12 ടി.എം.സിയും ജലം കേരളത്തിനുള്ളതാണെന്നാണ് വ്യവസ്ഥ.

അതുപ്രകാരം ഡിസംബര്‍ 31 വരെ നാലര ടി.എം.സി ജലം കേരളത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ ഇതുവരെ ലഭിച്ചതാകട്ടെ രണ്ടര ടി.എം.സിയില്‍ അല്‍പ്പം മാത്രം കൂടുതല്‍ ജലം മാത്രമാണ്. ജലക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റി ശേഷിക്കുന്നത് മുഴുവന്‍ കേരളത്തിനു ലഭ്യമാക്കേണ്ടതുണ്ട്. അതു ചെയ്യുന്നില്ലെന്നു മാത്രമല്ല തമിഴ്നാട് അധികമായി സംഭരിക്കുന്ന ജലം ജലസേചനത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് കേരളത്തിന്റെ പരാതി.
ചിറ്റൂര്‍പ്പുഴയും ഭാരതപ്പുഴയും വറ്റിവരണ്ട് നെല്‍കൃഷി മിക്കവാറും മുടങ്ങുകയും ജനങ്ങളുടെ കുടിവെള്ളം മുട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ ഈ നടപടി കേന്ദ്രജലനയപ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുപോലും വിരുദ്ധമാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളത്തിനു വേണം ഏറ്റവും മുന്തിയ പരിഗണനയെന്നാണു കേന്ദ്രനിര്‍ദ്ദേശം. ആയതിനാല്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജല ആവശ്യങ്ങള്‍ സാദ്ധ്യമാകണം എന്ന കാഴ്ചപ്പാടോടെ കുടിവെള്ളത്തിനാവശ്യമായ ഒരു ടി.എം.സി ജലം എടുത്ത് ബാക്കി മുഴുവന്‍ കേരളത്തിനു വിട്ടുതരുന്നതിനുള്ള നടപടി തമിഴ്നാട് അടിയന്തിരമായി സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.