Connect with us

Video Stories

വേണ്ടത് ‘ഇന്ത്യത്വ’മാണ്

Published

on

കെ.എന്‍.എ ഖാദര്‍

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും ബീഫ് വിരുദ്ധ ലഹളകളും ഗോ സംരക്ഷണ വാദവും എഴുത്തുകാരുടെ നേരെയുള്ള കയ്യേറ്റങ്ങളും ഉള്‍പ്പെടെ നൂറുതരം അഴിഞ്ഞാട്ടങ്ങള്‍ ആസൂത്രിതമായി അവര്‍ അഴിച്ചുവിടുന്നു. അധികാരവും പദവികളും ആര്‍ജ്ജിക്കാനും നിലനിര്‍ത്താനുമുള്ള അടങ്ങാത്ത ആര്‍ത്തികൊണ്ടവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്. വിവിധ ജാതി മതസ്ഥര്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കാനും മാത്രമേ ഇതുകൊണ്ടൊക്കെ സാധിച്ചിട്ടുള്ളൂ. ബി.ജെ.പിയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഈ വിഷയങ്ങളിലെല്ലാം വ്യത്യസ്ത അഭിപ്രായമുള്ളവര്‍ കാണും. അവയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ന്യൂനപക്ഷങ്ങളിലും ദലിതരിലും പിന്നാക്കക്കാരിലും ഭീതി പരത്താനും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതു ധാരയില്‍ നിന്നവരെ മാറ്റി നിര്‍ത്താനും വലതുപക്ഷ സവര്‍ണ ശക്തികള്‍ ഈ മാര്‍ഗം സ്വീകരിക്കുന്നു. യഥാസമയത്ത് ഈ കുതന്ത്രങ്ങള്‍ തിരിച്ചറിയാതെ വലതുപക്ഷത്തിന്റെ ഈ ചൂണ്ടയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ ചെന്നു കൊത്തണ മെന്നാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. ഏറെക്കുറെ അതിലവര്‍ വിജയിച്ചിട്ടുണ്ട്. മത കാര്യങ്ങളില്‍ കോലിട്ടിളക്കിയാല്‍ വികാര ഭരിതരാവുന്ന സാധാരണക്കാരായ മഹാഭൂരിപക്ഷത്തെ രാഷ്ട്രീയമായി സ്വാധീനിക്കാമെന്നും വികാര വിക്ഷോഭങ്ങളെ തെരഞ്ഞെടുപ്പ് വിജയമായി പരിവര്‍ത്തിപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഈ ഇരുട്ടിന്റെ ശക്തികള്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷികത്തകര്‍ച്ച, ഭവനരാഹിത്യം, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, വൈദ്യുതി, സഞ്ചാര യോഗ്യമല്ലാത്ത പാതകള്‍ എന്നിവയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍, ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവശതകള്‍ എന്നിങ്ങനെയുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും വര്‍ഗീയത ഉത്തമ ഔഷധമാണ്. ഈ മേഖലകളില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനും എളുപ്പമുള്ള വഴി രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കലാണെന്ന് നേരത്തെ ബി.ജെ.പി പഠിച്ചുകഴിഞ്ഞു. ഈ ലാഭക്കച്ചവടത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറാവുകയില്ല.

പാവപ്പെട്ടവരായ കോടാനുകോടി ഹൈന്ദവരുടെ മെച്ചപ്പെട്ട ജീവിതം ബി.ജെ.പിയുടെ ലക്ഷ്യമേയല്ല. തങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുത്വത്തിന് വേണ്ടി ഭരിക്കുന്നവരാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഭരണ കക്ഷിയുടെ വിജയം. മനുഷ്യ ജീവിതത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുടെ അജണ്ടയില്‍ തീരെയില്ല. മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്ത് ഒരു ചര്‍ച്ചയും നടക്കരുതെന്നും തങ്ങളുടെ ഭരണ പരാജയം മൂടിവെക്കപ്പെടണമെന്നും ഈ കക്ഷികള്‍ ആഗ്രഹിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഇതര ഹൈന്ദവ മതഗ്രന്ഥങ്ങളും തങ്ങളുടെ മാനിഫെസ്റ്റോയാണെന്ന മട്ടിലാണവര്‍ പെരുമാറുന്നത്. വാസ്തവത്തില്‍ ഹൈന്ദവതയോ മതവിശ്വാസമോ ഈ ഭരണാധികാരികളെ തൊട്ടുതീണ്ടിയിട്ടില്ല.
ഇന്ത്യയിലിപ്പോള്‍ തൊഴില്‍ സമരങ്ങളോ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങളോ നടക്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും പൊതുവെ നിഷ്‌ക്രിയരാണ്. പ്രശ്‌നങ്ങളുടെ ശരിയായ പരിഹാരം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള യഥാര്‍ത്ഥ പോരാട്ടങ്ങളിലേര്‍പ്പെടലാണ്. വര്‍ഗീയതയുടെയും മതങ്ങളുടെയും മുഖംമൂടി ധരിച്ച് നടക്കുന്ന, ജനപക്ഷത്ത് നില്‍ക്കാത്ത ഭരണാധികാരികളുടെ മുഖാവരണം വലിച്ച് കീറാന്‍ ശക്തമായ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അഭ്യന്തര – വിദേശ നയങ്ങളിലും കാര്‍ഷിക – വ്യാവസായിക-വിദ്യാഭ്യാസ- ആരോഗ്യ നയങ്ങളിലും വന്ന മാറ്റങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാതായി. രാഷ്ട്രത്തിന്റെ അഭിമാനമായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും സ്വകാര്യ മേഖലക്ക് തീറെഴുതി. ബാങ്കുകള്‍ ലയിപ്പിച്ച് വന്‍ കിടക്കാര്‍ക്ക് വായ്പനല്‍കാന്‍ ഉതകും വിധം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി. സാധാരണക്കാര്‍ക്ക് മേലില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുപോലും ഒരു സഹായവും കിട്ടാനിടയില്ല. ആയിരങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ പട്ടിണിക്കാരനെതിരെ ജപ്തി നടപടിയും ബില്യണ്‍ ഡോളര്‍ കുടിശ്ശിക വരുത്തുന്ന മുതലാളിയുടെ കടം എഴുതിത്തള്ളലുമായി ബാങ്കിങ് നയം. കാര്‍ഷിക മേഖല കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നു.

അമേരിക്കയും ഇസ്രാഈലുമുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെയും സാമ്രാജ്യത്വ ലോബിയുടെയും ദാസ്യവേല ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഭാരതവത്കരണമെന്ന പഴയ ബി.ജെ.പി മുദ്രാവാക്യം സാമ്രാജ്യത്വ വത്കരണവും പാശ്ചാത്യവത്കരണവുമായി മാറി. ചേരിചേരാനയം ഉപേക്ഷിച്ചു. നമ്മുടെ സൈനികത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ ഏത് സമയത്തും ഉപയോഗിക്കാനും യുദ്ധങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും അമേരിക്കക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. മേലില്‍ തങ്ങള്‍ക്കിഷ്ടമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ ഇന്ത്യക്കകത്തുള്ള താവളങ്ങളെ യഥേഷ്ടം ഉപയോഗിക്കാന്‍ അമേരിക്കക്കും സഖ്യശക്തികള്‍ക്കും അവകാശമുണ്ട്. അവരുടെ പട്ടാളവും ആയുധങ്ങളും ഇന്ത്യക്കകത്ത് നിലനിര്‍ത്താനുമാകും. ഇതൊന്നും ഇന്നുവരെ ഭാരതം അനുവദിച്ചിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്ത്യയുടെ അഭിമാനവും സുരക്ഷിതത്വവും വിറ്റ് ചൂതുകളിക്കുന്ന നരേന്ദ്ര മോദി ഇതിനൊന്നും സമാധാനം പറയാതെ മുത്തലാഖ് നിര്‍ത്തലാക്കാനും അതുവഴി മുസ്‌ലിം സ്ത്രീകളെ ‘സംരക്ഷി’ക്കാനുമുള്ള തിരക്കിലാണ്. പട്ടേലുമാരും മറാഠകളും ഉള്‍പ്പെടെയുള്ള ഇടത്തരം സമ്പന്നര്‍ക്ക് സംവരണ പ്രക്ഷോഭം നയിക്കാന്‍ വാതില്‍ തുറന്നുവെക്കുക വഴി യഥാര്‍ത്ഥ സംവരണ ജനവിഭാഗങ്ങളെ വഴിയാധാരമാക്കുന്നു.

ഭരിക്കുന്ന പാര്‍ട്ടിയുടെ അകത്തും പുറത്തും ജനാധിപത്യം അപ്രത്യക്ഷമായി വരുന്നു. ഏതാനും വ്യക്തികളുടെ മാത്രം പാര്‍ട്ടിയും ഭരണവുമെന്ന ഫാസിസ്റ്റ് സങ്കല്‍പ്പം വളരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയും സഖ്യകക്ഷികളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇതുവരെ സ്ഥിരീകരിച്ച ഭരണ നടപടികളില്‍ മിക്കതും ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങള്‍ കുഴിച്ചുമൂടുന്നവയാണ്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ശരശയ്യയിലായിക്കഴിഞ്ഞു. സഹിഷ്ണുതയും സൗഹാര്‍ദ്ദവും പഴങ്കഥകളാക്കി മാറ്റാന്‍ ഭരണ കക്ഷികള്‍തന്നെ ശ്രമിക്കുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയെയും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട മതേതര കക്ഷികളും കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ ഈ വഴിക്ക് നടത്താത്തത് എല്ലാ ഇന്ത്യക്കാരിലും രാജ്യസ്‌നേഹികളിലും ആശങ്കയുളവാക്കുന്നതാണ്. നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര ബി.ജെ.പിയെയും സഖ്യകക്ഷികളെയും നയിക്കുമ്പോള്‍ ജനപക്ഷത്തും രാഷ്ട്രപക്ഷത്തും നിലയുറപ്പിച്ച് കൊണ്ട് അതേ നാണയത്തില്‍ വലതുപക്ഷ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതര മതേതര കക്ഷികളും ഭിന്നിച്ച് നിന്ന് പരസ്പരം പോരാടുന്ന സ്ഥിതി വിശേഷം ആപല്‍ക്കരമാണ്. ഭാരതം അഭിമുഖീകരിക്കുന്ന ഭീഷണിയെ അതിജീവിക്കാന്‍ രാഷ്ട്രീയമായി മതേതര കക്ഷികളോടൊപ്പം അണിനിരക്കുകയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ ന്യൂനപക്ഷ-ദലിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം കൈവരിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതുധാരയില്‍ എത്തിച്ചേരാനും ആവുകയുള്ളൂ. ജനാധിപത്യവും ബഹുസ്വരതയും വ്യവസ്ഥാപിതമായ ഭരണഘടനയും നിയമ വ്യവസ്ഥയും രാജ്യത്തിന്റെ ജീവവായുവാണ്. അതിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഇപ്പോള്‍ ഭരിക്കുന്നവരുടെ ലക്ഷ്യം. ഹിന്ദുത്വം എന്താണെന്നും ഇസ്‌ലാമികത എന്താണെന്നും ചര്‍ച്ച ചെയ്യാനല്ല ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ മെനക്കെടേണ്ടത്. ആ പണി ചെയ്യാന്‍ മത പണ്ഡിതരും അര്‍ഹതപ്പെട്ടവരും വേറെയുണ്ട്. ഇന്ത്യത്വം എന്താണെന്നറിഞ്ഞ് അത് നഷ്ടമാകാതെ നോക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഇന്ത്യത്വമെന്നത് സഹിഷ്ണുതയും സൗഹാര്‍ദ്ദവും ബഹുസ്വരതയും ജനാധിപത്യവും ഒക്കെയാണെന്ന് ആരും വിസ്മരിക്കരുത്.

Health

നിപയിൽ ആശ്വാസം; മരിച്ച യുവാവിൻറെ മാതാവും ബന്ധുക്കളളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരും നെഗറ്റീവ്‌

ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 18) പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയത്. 19 പനി കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

Health

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം

മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Published

on

സംസ്ഥാനത്ത് എം. പോക്‌സ്‌. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് എംപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980-ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.

അടുത്ത സമ്പർക്കത്തിലൂടെ പകരാം

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത്നെ എംപോക്സിനെതിരേയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ എംപോക്സിന്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ എംപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്സിന്റം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്സിന്റെ വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

Continue Reading

Health

മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

Published

on

മലപ്പുറത്ത് മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി മന്ത്രി വീണ ജോര്‍ജ്. ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്.

അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകീട്ടും അവലോകന യോഗം ചേര്‍ന്നു.

Continue Reading

Trending