• ഇ അഹമ്മദ്‌

‘അഭിഭാഷക സഹപ്രവര്‍ത്തകര്‍…’, അങ്ങിനെയാണ് അന്നത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹമീദലി ഷംനാട് സാഹിബിനെയും എന്നെയും പലപ്പോഴും സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിളിച്ചിരുന്നത്. പ്രായത്തില്‍ എന്നേക്കാള്‍ മുതിര്‍ന്ന ആളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ആ വലുപ്പ ചെറുപ്പമൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ പരമായി മുന്നേറിയിരുന്ന കുലീനമായൊരു തറവാട്ടിലെ വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്‍ എന്ന നിലക്കുള്ള സ്‌നേഹ ബഹുമാനങ്ങള്‍ ജീവിതത്തിലുടനീളം അദ്ദേഹവുമായി എനിക്കുണ്ടായിരുന്നു.

ഇരുനൂറു വര്‍ഷം മുമ്പ് വിദ്യാഭ്യാസം ലഭിച്ച കുടുംബത്തിലെ അംഗമാണ്. കര്‍ണാടക ബല്ലാരി തഹസില്‍ദാരുടെ മകനാണ് ഷംനാട്. അന്നത്തെ തഹസില്‍ദാരാണ് മജിസ്‌ട്രേറ്റും. 32-ാമത്തെ വയസ്സിലാണ് പിതാവ് മരിക്കുന്നത്. അന്നു ചെറിയ പ്രായത്തിലായിരുന്ന അദ്ദേഹത്തെ വല്യുപ്പയാണ് വളര്‍ത്തുന്നത്. വല്യുപ്പ ഖാന്‍ ബഹദൂര്‍ പട്ടമൊക്കെയുള്ള വ്യക്തിയായിരുന്നു. ഷാ ചെംനാട് എന്നത് ലോപിച്ച് അദ്ദേഹം ഷംനാടായി. അദ്ദേഹത്തില്‍ നിന്നാണ് ഹമീദലി പിന്നീട് ഹമീദലി ഷംനാട് എന്നാവുന്നത്. സീനിയര്‍ ഷംനാട് മദ്രാസ് അസംബ്ലിയില്‍ അംഗവുമായിരുന്നു. ‘ഹമീദലി ഷംനാടിന്റെ മുത്തച്ഛന്‍ ഷംനാടിനൊപ്പവും നിയമസഭാംഗമായിരുന്നു താനെന്ന്’ ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരിക്കല്‍ പറയുകയുണ്ടായി.

ഞാന്‍ പരിചയപ്പെടുന്ന കാലത്ത് കാസര്‍ കോട്ടെ തിരക്കുള്ള അഭിഭാഷകനാണദ്ദേഹം. മലയാളം ശരിക്ക് പറയാന്‍ പോലും വശമില്ലാത്ത വ്യക്തി. ബാഡൂരിലെ പ്രാഥമിക പഠനത്തിന് ശേഷം കാസര്‍കോട്ട് ഹൈസ്‌കൂള്‍ പഠനം നടത്തിയിരുന്നെങ്കിലും മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലും കോളജിലും തുടര്‍ന്ന് മദ്രാസ്് ലോ കോളജിലുമൊക്കെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷംനാടിന് മലയാളം അന്യമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ഞാനായിരുന്നു. പിന്നീട് മലയാളത്തിലും മനോഹരമായി പ്രസംഗിക്കാന്‍ അദ്ദേഹം പ്രാവീണ്യം നേടിയെന്നത് മറ്റൊരു കാര്യം.

മുസ്്‌ലിം ലീഗിന്റെ മഹാനായ നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ബി പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസോടെയാണ് ഷംനാട് സാഹിബ് അഭിഭാഷക വൃത്തി ആരംഭിക്കുന്നത്. പോക്കര്‍ സാഹിബിന്റെ ജൂനിയറായി പേരെടുത്ത് കാസര്‍കോട് കോടതിയില്‍ അഭിഭാഷക ജോലിയുടെ തിരക്കിനിടെയാണ് അദ്ദേഹത്തിന്റെ മുസ്‌ലിംലീഗ് പ്രവേശം. പോക്കര്‍ സാഹിബിന്റെ ജൂനിയറായ വക്കീലിനോട് നേതാക്കളെപ്പോലെ എനിക്കും ഏറെ ആദരവായിരുന്നു. ഖാഇദെമില്ലത്ത്, സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍ തുടങ്ങിയവരുമായൊക്കെ അദ്ദേഹം വേഗത്തില്‍ ബന്ധം സ്ഥാപിച്ചെടുത്തു. അവരുടെയൊക്കെ വിശ്വസ്തനും കാര്യദര്‍ശിയുമാവുകയെന്ന അപൂര്‍വ്വ ഭാഗ്യവാന്‍. സംഘടനയില്‍ സജീവമായി ഏറെ താമസിയാതെ അദ്ദേഹത്തിന്റെ കഴിവിനൊത്ത അംഗീകാരമായാണ് നാദാപുരത്തെ എം.എല്‍.എയാവുന്നത്.

കാസര്‍കോട്ടുകാരനായ വ്യക്തിയെ നാദാപുരം പോലൊരു മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് മത്സരിപ്പിക്കണമെങ്കില്‍ അന്നദ്ദേഹത്തില്‍ നേതൃത്വത്തിനുള്ള വിശ്വാസവും അതിലുണ്ട്. പോക്കര്‍ സാഹിബിന്റെ ജൂനിയര്‍ അഭിഭാഷകനായി മുസ്‌ലിംലീഗിന്റെ ആത്മാവ് അടുത്തറിയാന്‍ അവസരം ലഭിച്ച സമുദായ സ്‌നേഹവും രാജ്യസ്‌നേഹവും കാഴ്ചപ്പാടുമുള്ള നിയമം അറിയുന്ന വ്യക്തി എന്ന നിലക്ക് ആ വിശ്വാസം അദ്ദേഹം കാത്തു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും കൂടിയാലോചിക്കുന്നതും അറിയാത്തവ മനസ്സിലാക്കുന്നതും അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു.

നിയമസഭാംഗമായി കഴിവു തെളിയിച്ച അദ്ദേ ഹത്തെ പാര്‍ട്ടി രാജ്യസഭയിലേക്കും അയച്ചു. സേട്ടു സാഹിബും ബനാത്ത്‌വാല സാഹിബുമൊന്നിച്ചുള്ള അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വാസകാലം ഇന്ത്യന്‍ മുസ്്‌ലിം ശാക്തീകരണത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയി തുടങ്ങിയവരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടാക്കാനായി. ഏറെ കഴിഞ്ഞാണ് ഞാന്‍ ഡല്‍ഹിയിലേക്ക് എം.പിയായി എത്തുന്നത്. എം.എല്‍.എയും എം.പിയുമായ അദ്ദേഹത്തിന് പിന്നീട് പി.എസ്.സി മെമ്പറാവാനും ഒഡേപക് ചെയര്‍മാനാവാനുമൊന്നും കുറവു തോന്നിയില്ല. എതിരില്ലാതെ കൗണ്‍സിലറായാണ് അദ്ദേഹം നഗരസഭാ ചെയര്‍മാനാവായത്.

സംഘടനയിലും അദ്ദേഹത്തിന്റെ മനോഭാവം അതായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാര്യദര്‍ശിയായ അദ്ദേഹം ഞാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ട്രഷററായും പ്രവര്‍ത്തിച്ചു. സംഘടനയില്‍ ഭാരവാഹിത്വമുള്ളപ്പോള്‍ ശാരീരിക അവശതകള്‍ മറച്ചുവെച്ചുപോലും അദ്ദേഹം യോഗങ്ങളിലെത്തിയിരുന്നു. എന്നും സംഘടനയോടും നേതാക്കളോടും സ്‌നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. സംഘടനയിലെ ദുഃഖകരമായ പിളര്‍പ്പില്‍ ഞങ്ങള്‍ ഇരു ചേരിയിലായപ്പോഴും വ്യക്തിബന്ധത്തിന് ഒരുലച്ചിലും തട്ടിയില്ല. അഭിപ്രായ വ്യത്യാസം മറന്ന് ഒന്നാവാന്‍ പ്രയത്‌നിച്ചവരില്‍ പ്രധാനികളില്‍ ഒന്ന് ഷംനാട് സാഹിബാണ്.

പിന്നോക്ക പ്രദേശമായ കാസര്‍ക്കോടിയും എം.എല്‍.എ എന്ന നിലയില്‍ നാദാപുരത്തിനും ഒരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല. നാദാപുരം ഗേള്‍സ് ഹൈസ്‌കൂള്‍, തലശ്ശേരി-നാദാപുരം പാലം തുടങ്ങിയ വികസന കയ്യൊപ്പുകള്‍ നിയമനിര്‍മ്മാണ സഭകളിലും നിരവധിയുണ്ട്. എം.എല്‍.എയും മന്ത്രിയും എം.പിയും കേന്ദ്രസഹമന്ത്രിയുമൊക്കെയായി പാര്‍ട്ടി എനിക്ക് പല ദൗത്യങ്ങളും ഏല്‍പ്പിച്ചപ്പോള്‍ ഉപദേശം തേടാന്‍ ഞാന്‍ സമീപിച്ചിരുന്ന ജ്യേഷ്ഠ സോഹദരനായിരുന്നു അദ്ദേഹം. സൗമ്യവും അതേസമയം ചടുലവുമായിരുന്നു നീക്കങ്ങള്‍. കലര്‍പ്പില്ലാത്ത കുലീനനായ ശുഭ്രവ്യക്തിത്വം. കേരളീയ സമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കും അദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രയോജനപ്പെടുത്തിയെന്ന് കാലം തെളിയിക്കും.