കൊച്ചി: കഴിഞ്ഞ രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന കേരളത്തിലെ റേഷന്‍ അരി വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിനിധി സംഘം രാഷ്ട്രപതിക്കു നിവേദനം നല്‍കും. നോട്ട് പ്രശ്‌നം പരിഹരിക്കുക, സഹകരണ ബാങ്കുകളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നാളെ ഉപവാസം നടത്തുന്നുണ്ട്. അതിന് ശേഷമാണ് രാഷ്ട്രപതിയെ കാണുന്നത്. ഭക്ഷ്യമന്ത്രി, ധനമന്ത്രി എന്നിവരെയും കണ്ട് നിവേദനം നല്‍കും. മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ അനൂപ് ജേക്കബ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റേഷന്‍ പൂര്‍ണമായും മുടങ്ങുന്നതെന്ന് അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. നവംബര്‍ മാസത്തില്‍ ബി.പി.എല്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ആര്‍ക്കും അരിയുള്‍പ്പെടെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായില്ല. പൊതു വിപണിയില്‍ കിലോ ഗ്രാമിന് അഞ്ചു രൂപ വരെ അരി വില വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഉള്ള ഭക്ഷ്യ ധാന്യം മാത്രമാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. ജനുവരിയില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ സമയത്ത് അനുവദിച്ചതാണിത്.

ഇതിന് ശേഷമുള്ള ഭക്ഷ്യധാന്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പുതിയ സര്‍ക്കാറിന് വീഴ്ച സംഭവിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കാത്തതു കൊണ്ട് അധിക ധാന്യം നല്‍കിയിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേരളത്തിന് അധിക ഭക്ഷ്യധാന്യം നല്‍കിയെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രിയുടെ വിശദീകരണം.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലാണ് കേരളം കേന്ദ്ര വിഹിതത്തിനായി പണം അടക്കുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ ഡിപ്പോകളില്‍ എത്തിക്കുന്നതിനാവശ്യമായ തുകയാണ് അടക്കുന്നത്. എന്നാല്‍ എഫ്.സി.ഐ തൊഴിലാളികളുടെ അട്ടിമറി കൂലി പ്രശ്‌നമാണ് അരി വിതരണം തടസപ്പെടാന്‍ കാരണമായതെന്ന് പറയുന്നു. എഫ്.സി.ഐ കരാര്‍ തൊഴിലാളികള്‍ എഫ്.സി.ഐയുടെ നേരിട്ട് ശമ്പളം പറ്റുന്നവരാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെട്ട് പരിഹരിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. സ്ഥിതി ഇത്ര രൂക്ഷമായിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. എഫ്.സി.ഐയിലെ അട്ടിമറി കൂലി പ്രശ്‌നമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാറാണ് കേരളത്തിലെ റേഷന്‍ മുടങ്ങാതിരിക്കാന്‍ സത്വരമായി ഇടപെടേണ്ടത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും, ഡിപ്പാര്‍ട്ട്‌മെന്റും റേഷന്‍ മൊത്ത വ്യാപാരം കൈകാര്യം ചെയ്യുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്.

റേഷന്‍ മണ്ണെണ്ണ വിതരണവും അവതാളത്തിലാണ്. 36 ശതമാനം മണ്ണെണ്ണ വിഹിതത്തില്‍ കുറവുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ റേഷനെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കണം. കേന്ദ്ര ഭക്ഷ്യ മന്ത്രിക്കു യു.ഡി.എഫ് ഇക്കാര്യം ഉന്നയിച്ച് നിവേദനം നല്‍കുമെന്നും അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു.