സിഡ്‌നി: അമേരിക്കന്‍ സഖ്യസേന സിറിയിയല്‍ തുടരുന്ന സൈനിക നടപടിയില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറി. സിറിയന്‍ യുദ്ധവിമാനം യു.എസ് വെടിവെച്ചു വീഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഓസ്‌ട്രേലിയയുടെ നടപടിയെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ പറയുന്നു.
വിമാനം വെടിവെച്ചിട്ടതിനെ ചൊല്ലി റഷ്യക്കും യു.എസിനുമിടയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കൂടിയാണ് ഓസ്‌ട്രേലിയയുടെ സുപ്രധാന തീരുമാനം. സിറിയയില്‍ സഖ്യസേനയുടെ വിമാനങ്ങളെ തങ്ങളും ലക്ഷ്യംവെക്കുമെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
സിറിയയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് മുന്‍കൂട്ടി വിവരങ്ങള്‍ കൈമാറാന്‍ സ്ഥാപിച്ച ഹോട്ട്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി റഷ്യ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ യൂഫ്രട്ടീസ് നദിക്ക് പടിഞ്ഞാറ് വിമാനമടക്കം പറക്കുന്ന ഏത് വസ്തു കണ്ടാലും വെടിവെച്ചിടുമെന്നാണ് റഷ്യയുടെ ഭീഷണി. ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ തകര്‍ന്നു വീണ സിറിയന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. യു.എസ് പോര്‍വിമാനം സിറിയന്‍ വിമാനത്തെ വെടിവെച്ചിട്ടത് തങ്ങള്‍ക്ക് അപകടം ചെയ്യുമെന്ന് മുന്നില്‍ കണ്ടായിരിക്കാം ഓസ്‌ട്രേലിയ സൈനിക നടപടിയില്‍നിന്ന് പിന്മാറുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സേന ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും സിറിയയിലെ പുതിയ സംഭവവികാസങ്ങളില്‍ അവര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സിറിയയില്‍നിന്ന് താല്‍ക്കാലികമായി പിന്മാറുമെങ്കിലും ഇറാഖില്‍ ആക്രമണം തുടരുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.
ഐ.എസുമായി യുദ്ധം ചെയ്യുന്ന കുര്‍ദിഷ്, അറബ് പോരാളികള്‍ക്കുനേരെ ബോംബു വര്‍ഷിച്ചതുകൊണ്ടാണ് സിറിയന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് യു.എസ് അവകാശപ്പെടുന്നു. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ഐ.എസിനെതിരെ എന്ന പേരില്‍ അമേരിക്കയും റഷ്യയും വ്യോമാക്രമണം നടത്തുന്നുണ്ട്. പ്രസിഡന്റ് ബഷാറുല്‍ അസദിനെ സഹായിക്കാനാണ് റഷ്യ സിറിയയില്‍ എത്തിയിരിക്കുന്നത്. അസദിന്റെ എതിരാളികളായ വിമത പോരാളികളെ അമേരിക്കയും സഹായിക്കുന്നുണ്ട്.