മോസ്‌കോ: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണകൂടവും പ്രതിപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചതായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയും തുര്‍ക്കിയും നടത്തിയ സംയുക്ത നീക്കങ്ങളാണ് സമാധാനത്തിലേക്ക് വഴിതുറന്നിരിക്കുന്നത്. രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചര്‍ച്ച നടത്താമെന്ന് ഭരണകൂടവും വിമതരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പുടിന്റെ പ്രഖ്യാപനം വന്ന് തൊട്ടുപിന്നാലെ, സൈനിക നടപടികള്‍ നിര്‍ത്തിവെക്കുന്നതായി സിറിയന്‍ സേന അറിയിച്ചു.

വെടിനിര്‍ത്തലിനെ പിന്തുണക്കുമെന്ന് പ്രതിപക്ഷമായ സിറിയ നാഷനല്‍ കൊയലീഷനും വ്യക്തമാക്കി. സിറിയയിലെ സൈനിക സാന്നിദ്ധ്യം കുറക്കുമെന്ന് പുടിനും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ റഷ്യ സിറിയയില്‍ വിമതര്‍ക്കെതിരെ വ്യോമാക്രമണം തുടരുകയാണ്. ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്നും ദമസ്‌കസിനുള്ള പിന്തുണയില്‍ മാറ്റമുണ്ടാകില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. അലപ്പോ നഗരം വിമതര്‍ക്ക് നഷ്ടപ്പെട്ടതോടെയാണ് സിറിയന്‍ സമാധാന നീക്കത്തില്‍ വഴിത്തിരിവുണ്ടായത്. ശക്തരായ അഹ്‌റാല്‍ അല്‍ ശാം അടക്കം ഏഴു പ്രതിപക്ഷ ഗ്രൂപ്പുകള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏത് ഗ്രൂപ്പിനെയും ഐ.എസ് അനുഭാവികളായ ഭീകരരായി കാണുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു മുന്നറിയിപ്പുനല്‍കി. പുതുവത്സരത്തില്‍ വെടിനിര്‍ത്തലിന് തുടക്കം കുറിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു.