ഇക്കഴിഞ്ഞ ശനിയാഴ്ച ഛത്തീസ്ഗഡ് നിയമസഭയുടെ പുതിയമന്ദിരത്തിന് ശിലപാകിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രാഷ്ട്രത്തോട് ഒരിക്കല്‍കൂടി മുന്നോട്ടുവെച്ച മുന്നറിയിപ്പ് രാജ്യസ്‌നേഹികളായ മുഴുവന്‍പൗരന്മാരും സര്‍വാത്മനാ ഉള്‍ക്കൊള്ളേണ്ട ഒന്നാണ്. വെറുപ്പും അക്രമവും രാജ്യത്ത് അരങ്ങുതകര്‍ക്കുകയാണെന്നും ഈ വിഷത്തിനെതിരായി പൗരന്മാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച പ്രഭാഷണത്തിലൂടെ സോണിയാഗാന്ധി പറയുകയുണ്ടായി. രാജ്യത്തെ ഏറ്റവും വലുതും സ്വാതന്ത്ര്യസമര ചരിത്രത്തിനൊപ്പം പഴക്കമുള്ളതുമായ ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ക്കല്ലാതെ ഇത്തരത്തിലൊരു ആഹ്വാനം രാജ്യത്തെ 138 കോടി ജനതയോട് വിളിച്ചുപറയാന്‍ പൂര്‍ണമായി ധാര്‍മികാവകാശമില്ല. രാജ്യത്തിനുവേണ്ടി അത്രകണ്ട് ത്യാഗം സഹിച്ചവരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലുള്ളത്. രാഷ്ട്രപിതാവും രാഷ്ട്രശില്‍പിയും എണ്ണമറ്റ മഹാനേതൃവര്യന്മാരും സാദാപ്രവര്‍ത്തകരുംവരെ ശോണവും മാംസവും ജീവനും ചിന്തി പടുത്തുയര്‍ത്തിയ മഹത്തായ രാഷ്ട്രത്തിനുവേണ്ടി സ്വാതന്ത്ര്യാനന്തരം രണ്ട് പ്രഗല്‍ഭരായ നേതാക്കളെ ബലികൊടുത്ത കുടുംബമാണ് കോണ്‍ഗ്രസിന്റേതും നെഹ്‌റുമാരുടേതും. മറ്റു പലരും അധികാരഭിക്ഷാംദേഹികളായി പല പാര്‍ട്ടികളിലേക്കും അധികാരസോപാനങ്ങളിലേക്കും ചേക്കേറിയപ്പോഴും, ഗാന്ധിയന്‍ അക്രമരാഹിത്യ-അഹിംസാസിദ്ധാന്തങ്ങള്‍ കൈവെടിഞ്ഞ് സ്വന്തം പ്രത്യയശാസ്ത്രങ്ങളുമായി ഇറങ്ങിയപ്പോഴും തകരാതെ, തളരാതെ, അതേ അഹിംസാസിദ്ധാന്തത്തെ മുറികെപ്പിടിച്ചുകൊണ്ട് ബഹുസ്വര ജനതയുടെ വികാര വിചാരങ്ങള്‍ക്കൊപ്പം അവരെ കൂട്ടിപ്പിടിച്ച് നിര്‍ത്തിയവരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലുള്ളവരെല്ലാം.

നിര്‍ഭാഗ്യകരമെന്നുപറയട്ടെ, വര്‍ഗീയ വാദികളുടെ അര്‍മാദിത്തവും കോണ്‍ഗ്രസിലെ ചിലരുടെ സംഘടനാപരമായ പിഴവുകളും കാരണം രാജ്യമിന്ന് ശിഥിലീകരണ ശക്തികളുടെ കറുത്ത കരങ്ങളിലേക്ക് അമര്‍ന്നിരിക്കുകയാണ്. ഒറ്റത്തവണ പിണഞ്ഞ അബദ്ധമാണതെന്ന് പറയാനാകാത്തവിധം തുടര്‍ച്ചയായി രണ്ടാമതൊരിക്കല്‍കൂടി രാഷ്ട്രത്തിന്റെ അധികാര കുഞ്ചികസ്ഥാനത്ത് വര്‍ഗീയ കശ്മലന്മാര്‍ കയറിയിരിക്കുന്നുവെന്നു മാത്രമല്ല, ഓരോ നിമിഷവും രാഷ്ട്രമൂല്യങ്ങളെയും ഭരണഘടനാസങ്കല്‍പങ്ങളെയുമെല്ലാം അവര്‍ തച്ചുടച്ചുകൊണ്ടിരിക്കുന്നു. ‘ജനാധിപത്യത്തിന് മുകളില്‍ സ്വേഛാധിപത്യം അടിച്ചേല്‍പിക്കുകയാണ് ഭരണകര്‍ത്താക്കള്‍. രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണിത്. ദേശവിരുദ്ധ, ദരിദ്രവിരുദ്ധ, ശിഥിലീകണശക്തികളാണ് രാജ്യം ഭരിക്കുന്നത്.’ആരെയും പേരെടുത്തുപറയാതെ സോണിയ മുന്നറിയിപ്പ് നല്‍കിയതും അതുതന്നെയാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്നുപറയട്ടെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും മാധ്യമ സംവാദങ്ങളും മേല്‍സൂചിപ്പിക്കപ്പെട്ട സങ്കീര്‍ണ വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ല.

ആഗസ്ത് ആദ്യവാരമാണ് പ്രവര്‍ത്തക സമിതിയംഗങ്ങളുള്‍പ്പെടെ 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സോണിയാഗാന്ധിക്കായി ഒപ്പിട്ടയച്ചത്. കോണ്‍ഗ്രസ് സംഘടനാരംഗം ഇന്നത്തേതുപോലെ മുന്നോട്ടുപോകാനാവില്ലെന്നാണ് മുഖ്യമായും അതിലുന്നയിക്കപ്പെട്ടിരിക്കുന്ന വിഷയം. ഗുലാംനബി ആസാദ്, കപില്‍സിബല്‍, പി.ജെ കുര്യന്‍, ശശിതരൂര്‍, മുന്‍കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളായ മതേതരത്വവും ദേശീയതയും എന്തുവിലകൊടുത്തും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഈ നേതാക്കളെല്ലാമെന്ന് കാലം തെളിയിച്ചതാണ്. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെപോലുള്ള അതിപ്രഗല്‍ഭരും അക്കാദമിക മികവ് പുലര്‍ത്തിയവരുമായ നേതാക്കളായിരുന്നു സംഘടനയിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് പ്രഗല്‍ഭരുടെ നിര ശോഷിച്ചുവരികയും നേതാക്കളുടെ ജനസ്വാധീനം കുറഞ്ഞുവരുന്നതും സംഘടനാശേഷിയെ ബാധിക്കുന്നുണ്ടോ എന്ന് സംശയിക്കപ്പെടുകയാണ്.

1984ല്‍ 404 സീറ്റുനേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പുകളിലായി കേവലം 50 സീറ്റുകള്‍ തികക്കാനായില്ലെന്നത് പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയിന്ന് കാണാകയത്തിലാണ്. പെട്ടെന്നൊരുനാള്‍കൊണ്ട് പിടിച്ചുകെട്ടാന്‍ കഴിയുന്ന ശക്തിയല്ല രാജ്യത്തിന്റെ മുന്നിലിപ്പോള്‍ വര്‍ഗീയക്കോമരമായി ഉറഞ്ഞുതുള്ളുന്നതെന്നതുകൊണ്ട് സുദീര്‍ഘവും സുചിന്തിതവുമായ പര്യാലോചനകള്‍ ഒരു തിരിച്ചുവരവിന് ആവശ്യമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിക്ക് അതനിവാര്യവുമാണ്. ഇതാവും ഗുലാംനബിയെയും കപില്‍സിബലിനെയും പോലുള്ളവര്‍ ഉന്നയിക്കുന്നത്. തിരുത്തലുകള്‍ നടന്നാലും ഇല്ലെങ്കിലും സമകാല യാഥാര്‍ത്ഥ്യത്തില്‍നിന്ന് ആര്‍ക്കും കണ്ണടച്ചോടാനാവില്ലെന്നതിന് തെളിവ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പുതിയ പ്രഭാഷണംതന്നെയാണ്.

രാഹുല്‍ഗാന്ധി ഒഴിഞ്ഞ കസേരയില്‍ അസുഖ ബാധിതയായതിനാല്‍ സോണിയാഗാന്ധിക്ക് സജീവ അധ്യക്ഷയാകാനാവില്ലെന്നതാണ് നേതാക്കള്‍ ഉന്നയിക്കുന്നത്. ഇതിന് പരിഹാരം കാണേണ്ടത് കൂട്ടായ ചര്‍ച്ചകളിലൂടെയാണ്. രാഹുല്‍ഗാന്ധി തിരിച്ചുവരണമെന്ന് വാദിക്കുന്നവരും, സോണിയ തുടരട്ടെ എന്നാഗ്രഹിക്കുന്നവരും നെഹ്‌റു കുടുംബത്തിന് പുറത്തുള്ള നേതൃത്വം വരട്ടെ എന്ന് വാദിക്കുന്നവരുമെല്ലാം ആ പാര്‍ട്ടിയിലുണ്ട്. പരിണിതപ്രജ്ഞരായ നേതാക്കളുടെ വികാരം തീര്‍ത്തും അവഗണിക്കാനുമാവില്ല. സംഘടനാപ്രതിസന്ധികള്‍ ഉരുണ്ടുവന്ന കാലങ്ങളിലെല്ലാം അതിനെ കോണ്‍ഗ്രസ് നേതൃത്വം നേരിട്ടത് ഉള്ളുതുറന്ന സംവാദത്തിലൂടെയും ശക്തമായ നടപടികളിലൂടെയുമായിരുന്നുവെന്ന് സ്വാതന്ത്ര്യകാലം മുതല്‍ ഇന്ദിരാഗാന്ധിയുടെ കാലംവരെ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. പിളര്‍പ്പിലേക്ക് നീങ്ങിയിട്ടുപോലും താല്‍കാലികമായ ക്ഷീണം മറികടന്ന് പൂര്‍വാധികംശക്തിയോടെ തിരിച്ചുവരാനും രാഷ്ട്രത്തെ കുതിപ്പിക്കാനും ഇന്ദിരക്ക് കഴിഞ്ഞു. സമാനമായൊരു പാടവം പുതിയ പ്രതിസന്ധിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മതേതര ശക്തികളും ജനാധിപത്യ-മതേതര വിശ്വാസികളായ ജനങ്ങളും കോണ്‍ഗ്രസില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ലോകത്ത് കോണ്‍ഗ്രസിലല്ലാതെ പിന്നെവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണ ശുദ്ധവായു ലഭിക്കുക. വിഷയം പ്രവര്‍ത്തകസമിതിയോഗം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അതവിടംകൊണ്ട് തീരുന്നില്ലെന്നാണ് പൊതുമാധ്യമങ്ങളിലൂടെ വീണ്ടും വിഷയം ചര്‍ച്ചക്കിടാന്‍ ‘തിരുത്തല്‍വാദികളെ’ പ്രേരിപ്പിച്ചത്. ബസ് പോയിട്ട് കൈ കാട്ടിയിട്ട് കാര്യമില്ലല്ലോ.