ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് സത്യംതുറന്നുപറഞ്ഞതിന് സസ്‌പെന്‍ഷനിലായിരുന്ന ഡോ. കഫീല്‍ഖാന് രണ്ടരവര്‍ഷത്തിനുശേഷം രാജ്യം ഭാഗികമായെങ്കിലും നീതി തിരിച്ചുനല്‍കിയിരിക്കുന്നു. യോഗി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും അപ്രീതിക്കും ആക്രമണത്തിനും വിധേയനായ തികച്ചും സത്യസന്ധനായ ഒരു ഭിഷഗ്വരന് വൈകിയാണെങ്കിലും ലഭിച്ച നീതി രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്കാകെതന്നെ വലിയ ആശ്വാസം പകരുകയാണ്. ഇല്ലാത്ത കുറ്റത്തിന് ജയിലിടച്ച് ജാമ്യം കിട്ടയശേഷം ദേശസുരക്ഷാനിയമം ചാര്‍ത്തി വീണ്ടും ജയിലിലടക്കപ്പെട്ട കഫീല്‍ഖാന് ഇപ്പോള്‍ വീണ്ടും ജാമ്യം ലഭിച്ചുവെന്ന് മാത്രമല്ല, അദ്ദേഹത്തിനെതിരായി ചുമത്തിയ കരിനിയമം റദ്ദാക്കുകയും ഉടന്‍ മോചനം ലഭ്യമാക്കാന്‍ ഉത്തരവിടുകയും ചെയ്തത് അടുത്തകാലത്തായി ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ചുയര്‍ന്നുവന്നുകൊണ്ടിരുന്ന മുഴുവന്‍ ധാരണകളെയും ഒരുപരിധിവരെ തിരുത്താന്‍ പോന്നതായിരിക്കുന്നു. യോഗിആദിത്യനാഥ് എന്ന വര്‍ഗീയവാദിക്കും സംസ്ഥാനവുംകേന്ദ്രവും ഭരിക്കുന്ന ബി.ജെ.പിക്കും മോദി സര്‍ക്കാരിനും ഇതൊരു കനത്ത കിഴുക്കാണെന്നതില്‍ രണ്ടുപക്ഷമുണ്ടാകില്ല. അത്രക്ക് നിര്‍ലജ്ജമായ അനീതിയും അപരവിദ്വേഷവുമാണ് ഒരുആതുര സേവകനോട് ഇരുസര്‍ക്കാരുകളും ചെയ്തത്. കഫീല്‍ഖാനെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കാത്തതും അനാവശ്യവുമാണെന്നാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ്മാഥൂര്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്. ഡോ.ഖാന് സ്വന്തം ഭാഗം പറയാന്‍പോലും അനുവദിച്ചില്ലെന്നുവരെ വിധിയില്‍ ചൂണ്ടിക്കാട്ടിയത് യോഗി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതക്ക് തെളിവാണ്. ചൊവ്വാഴ്ച രാത്രിയാണ് കഫീല്‍ഖാനെ മഥുരജയിലില്‍നിന്ന് മോചിപ്പിച്ചത്.
മുസ്്‌ലിംകള്‍ക്കെതിരായി മോദി സര്‍ക്കാര്‍ പാസാക്കിയെടുത്ത ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചുവെന്നതായിരുന്നു ഡോ. കഫീല്‍ഖാനെ തുറുങ്കിലടക്കാനുള്ള കുറ്റമായി യോഗി സര്‍ക്കാര്‍ കണ്ടത്. ഭരണഘടന അനുവദിച്ചുനല്‍കുന്ന മൗലിക സ്വാതന്ത്ര്യത്തില്‍പെട്ടതാണ് ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള അവകാശമെന്നിരുന്നിട്ടും കഫീല്‍ഖാനെതിരെയും മറ്റും ദേശസുരക്ഷാനിയമം ചുമത്തിയതിന് കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്ന മത വിശ്വാസമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. മുസ്്‌ലിം ചിഹ്നങ്ങളെയാകെ വിറളിപ്പാടോടെ കാണുന്ന അജ്ഞാത രോഗത്തിന് അടിമകളായ ബി.ജെ.പിക്കും സംഘ്പരിവാറിനും കഫീല്‍ഖാനിലെ മനുഷ്യസ്‌നേഹിയായ ഡോക്ടറെയും മനുഷ്യനെയും പോരാളിയെയും കാണാനായില്ലെന്നതില്‍ ഒട്ടും അത്ഭുതമുണ്ടാവാന്‍ തരമില്ല. ശിശുക്കളുടെ കൂട്ടമരണം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ആസ്പത്രിയില്‍ തുടര്‍ച്ചയായി സംഭവിച്ചിട്ടും അതിനെതിരായ വാര്‍ത്തകളെപോലും ഭയപ്പെട്ട യോഗി സര്‍ക്കാര്‍ ഡോ. കഫീല്‍ഖാന്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിനെ അസഹിഷ്ണുതയോടെ കാണുകയായിരുന്നു. മതിയായ കൃത്രിമശ്വാസ സംവിധാനങ്ങളില്ലാതിരുന്നതാണ് മുഖ്യമന്ത്രിയുടെ നേരിട്ട് മേല്‍നോട്ടത്തിലുള്ള ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആസ്പത്രിയില്‍ ശിശുക്കളുടെ കൂട്ടമരണത്തിന് കാരണമെന്ന് തുറന്നുപറഞ്ഞതായിരുന്നു ആസ്പത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ഖാന്‍ചെയ്ത ‘അപരാധം’. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുകയാണ് യോഗി ആദിത്യനാഥ് ഡോ. കഫീല്‍ഖാന്റെ കാര്യത്തില്‍ ചെയ്തത്. 2017ല്‍ മാത്രം ഈ ആസ്പത്രിയില്‍ 1317 കുഞ്ഞുങ്ങളാണ് ജപ്പാന്‍ജ്വരം ബാധിച്ച് മരിച്ചത്. സ്വന്തം കയ്യില്‍നിന്ന് പണമെടുത്താണ് മിക്ക കുഞ്ഞുങ്ങളെയും കഫീല്‍ഖാന്‍ രക്ഷിച്ചത്. രാജ്യത്തെ പൗരപ്രമുഖരും മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്്‌ലിംലീഗിനെപോലുള്ള സംഘടനകളും അദ്ദേഹത്തിന്റെ നീതിക്കുവേണ്ടി ശബ്ദിച്ചത് യോഗിയുടെയും മോദി സര്‍ക്കാരിന്റെയും വികൃതമുഖം കൂടുതല്‍ തുറന്നുകാട്ടുന്നതായി.
2019 ഡിസംബര്‍ 13നായിരുന്നു അലിഗഡ് സര്‍വകലാശാലയില്‍ ഡോ. കഫീല്‍ഖാന്‍ പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധ കൂട്ടായ്മയില്‍ കേസിനാധാരമായ പ്രസംഗം നടത്തിയത്. പ്രസംഗം നാട്ടില്‍ വിദ്വേഷവും അക്രമവും വളര്‍ത്തുന്നതാണെന്നായിരുന്നു ജില്ലാമജിസ്‌ട്രേട്ട് സര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും രണ്ടു മാസത്തിനുശേഷമുള്ള അറസ്റ്റും. മജിസ്‌ട്രേട്ടിന്റെ നടപടിയെയും ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിധിയില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആരോപിതമായ പ്രസംഗത്തിന് രണ്ടു മാസത്തിനുശേഷം 2020 ഫെബ്രുവരി 13ന് കഫീല്‍ഖാന് ജാമ്യം ലഭിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം എന്‍.എസ്.എ കരിനിയമം ചുമത്തി ജയിലിന് പുറത്തിറക്കാതെതന്നെ തടവ് തുടരുകയായിരുന്നു. എന്തുവന്നാലും യോഗി സര്‍ക്കാരിനെതിരെ പ്രസംഗിച്ചയാള്‍ പുറത്തിറങ്ങി നടക്കരുതെന്ന പിടിവാശിയായിരുന്നു സര്‍ക്കാരിന്. സര്‍ക്കാര്‍ നയങ്ങളെയാണ് വിമര്‍ശിച്ചതെന്നും പ്രസംഗം രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് ഗുണകരമാണെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സമുദായത്തിനെതിരായ നിയമത്തിനെതിരെയുള്ളതാണ്. പൗരത്വ ഭേദഗതിനിയമം അഖണ്ഡതയെ ഹനിക്കുന്നുവെന്ന് വ്യാഖ്യാനിക്കാവുന്ന വിധിയാണിത്.
ഏഴുമാസം നീണ്ട തടവിനിടെ ഡോക്ടറുടെ ജീവനുപോലും ഭീഷണിയാണെന്ന് ആശങ്കയുയര്‍ന്ന ഘട്ടത്തില്‍ മാതാവ് നുസ്ഹത്ത് പര്‍വീണാണ് കോടതിയെ അന്യായ തടങ്കല്‍ വകുപ്പുമായി സമീപിച്ചത്. അടുത്തകാലത്തായി തബ്്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ കാര്യത്തിലും രാജ്യത്തെ നീതിപീഠത്തില്‍നിന്ന് സമാനമായ നീതിയുടെ പ്രകാശം ചുരത്തുന്ന വിധികളുണ്ടായി എന്നത് ഇനിയും അവശേഷിക്കുന്ന ഭരണഘടനയെയും മാനുഷികതയെയുമാണ് സര്‍വേപരി വിളംബരംചെയ്യുന്നത്. രാജ്യത്ത് കോവിഡ് പരത്തിയത് തബ്്‌ലീഗുകാരെന്ന് കാട്ടി രാജ്യത്തിനകത്തും വിദേശത്തുനിന്നുമുള്ള മതപ്രബോധകരെ അന്യായമായി കേസെടുക്കുകയും തടഞ്ഞുവെക്കുകയും തടവില്‍ വെക്കുകയും ചെയ്തതിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. കോടതിയുടെ തെറ്റുകുറ്റങ്ങള്‍ തുറന്നുപറഞ്ഞതിനാണ് അഡ്വ. പ്രശാന്ത് ഭൂഷണെ കഴിഞ്ഞദിവസം ചെറുതായെങ്കിലും ഉന്നതകോടതി ശിക്ഷിച്ചത്. രാമക്ഷേത്ര വിഷയത്തിലുള്‍പ്പെടെ ഒരുവിഭാഗത്തെ തൃണവല്‍ഗണിച്ചുകൊണ്ട് മോദി സര്‍ക്കാരിനോട് ഒട്ടിനിന്നുകൊണ്ടുള്ളതെന്ന് കരുതാവുന്ന കോടതിവിധികള്‍ പരിശോധിക്കുമ്പോള്‍ ഡോ. കഫീല്‍ഖാന്റെ കാര്യത്തിലുണ്ടായ വിധി പ്രസ്താവം അന്ധകാരത്തിനിടയിലെ പൊന്‍കിരണങ്ങളാണ്. അയോധ്യ, റഫാല്‍കരാര്‍, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കോടതിയുടെ സ്വരം നാം കേട്ടതാണ്. സ്ഥാനമൊഴിഞ്ഞ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മാസങ്ങള്‍ക്കുള്ളില്‍ ഭരണകക്ഷിയുടെ രാജ്യസഭാംഗമായതും നിലവിലെ ചീഫ്ജസ്റ്റിസ് ശരത്‌ബോബ്‌ഡെ ബി.ജെ.പി നേതാവിന്റെ ബൈക്കോടിച്ചതുമെല്ലാം വിവാദമാകുമ്പോള്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗോവിന്ദ്മാഥൂറും സഹന്യായാധിപന്മാരും എഴുതിയ വിധിയിലെ വരികള്‍ സുവര്‍ണ ലിപികളാവുകയാണ്.