പാലക്കാട് വിക്ടോറിയ കോളജിലും ജെഎന്‍യുവിലുമെല്ലാം രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ നില്‍ക്കുന്നവരുടെ നേതാക്കന്മാര്‍ തന്നെയാണ് യഥാര്‍ത്ഥ ഒറ്റുകാരെന്ന് എം.ബി രാജേഷ് എം.പി. രാജ്യത്തിന്റെ യഥാര്‍ത്ഥ ഒറ്റുകാരുടെ രാജ്യ സ്‌നേഹ ക്ലാസുകള്‍ ഇനിയും തുടരുമെന്നും എം.പി പറഞ്ഞു. ഹണിട്രാപ്പില്‍ പെട്ട് വരുണ്‍ ഗാന്ധി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളോട് ഫേസ്ബുക്കിലൂടെയാണ് രാജേഷിന്റെ പ്രതികരണം.

അതിർത്തിയിൽ പട്ടാളക്കാർ യുദ്ധം ചെയ്യുന്നു. യഥാർത്ഥ രാജ്യ സ്നേഹികൾ ജെ.എൻ.യു മുതൽ പാലക്കാട് വിക്ടോറിയാ കോളേജു വരെ രാജ്യസ്നേഹം പഠിപ്പിക്കാൻ വടി വാളെടുക്കുന്നു.രാജ്യദ്രോഹികളുടെ പട്ടിക തയ്യാറാക്കുന്നു. സദാചാര പോലീസുകാർ സദാചാര ലംഘനം തടയാൻ കുറുവടികളുമായി നേരിട്ടിറങ്ങുന്നു. ഇതിനിടയിൽ പത്തരമാറ്റ് തങ്കം പോലെ ഒറിജിനൽ രാജ്യ സ്നേഹിയായ ഒരു എം പിയെ ഹണി ട്രാപ്പിൽ വശീകരിച്ച് പ്രതിരോധ രഹസ്യം ചോർത്തിയത്രേ.

പാർലിമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം എന്ന നിലയിൽ ലഭിച്ച അതീവ രഹസ്യമായ പ്രതിരോധ രേഖകൾ സ്ത്രീകളുടെ സ്വാധീനത്തിന് വഴങ്ങി ആയുധക്കച്ചവടക്കാർക്ക് കൈമാറിയെന്നാണ് ആരോപണം. ആ പാർലിമെൻററി കമ്മിറ്റിയിൽ 31 പേരുണ്ടെങ്കിലും ഒറിജിനൽ രാജ്യസ്നേഹിക്കെതിരെ മാത്രമേ ആരോപണം ഉയർന്നുള്ളൂ. ഇപ്പോൾ സവർക്കർ ബ്രിട്ടീഷ് സർക്കാരിനെഴുതിയ കത്ത് ഓർമ്മ വരുന്നു.എന്തായാലും ഒറ്റുകാരുടെ രാജ്യസ്നേഹ ക്ലാസുകൾ ഇനിയും തുടരുന്നതാണ്….