ഗ്രൂപ്പ് എയിലാണ് വെയില്‍സ്. ഒപ്പമുള്ളവര്‍ ഇറ്റലിയും തുര്‍ക്കിയും സ്വിറ്റ്‌സര്‍ലാന്‍ഡും. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും പിന്നെ മൊത്തം ഗ്രൂപ്പുകളില്‍ നിന്ന് ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും ഇടമുള്ളതിനാല്‍ വെയില്‍സുകാര്‍ക്ക് പ്രതീക്ഷകളുണ്ട്. പക്ഷേ ഗാരത്് ബെയില്‍ ഉള്‍പ്പെടുന്ന ടീമിന് യൂറോയില്‍ കാര്യങ്ങള്‍ എളുപ്പമല്ല. പ്രശ്‌നങ്ങള്‍ പലവിധമുണ്ടായിരുന്നു ടീമില്‍.

റ്യാന്‍ ഗിഗ്‌സായിരുന്നു ടീമിന്റെ മുഖ്യ പരിശീലകന്‍. എന്നാല്‍ അദ്ദേഹം പെട്ടെന്ന് പിന്മാറിയതോടെ താല്‍കാലികക്കാരനായ റോബര്‍ട്ട് പേജിനാണ് ടീമിന്റെ ചുമതല. 2016 ലെ യൂറോ ഫുട്‌ബോള്‍ ലോകം മറക്കില്ല. ആ ചാമ്പ്യന്‍ഷിപ്പോടെയാണ് കൊച്ചു വെയില്‍സ് വാര്‍ത്തകളില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷം മുമ്പ് സ്ലോവാക്യക്കാരെ 2-1 ന് തകര്‍ത്തായിരുന്നു വെയില്‍സ് അന്ന് തുടങ്ങിയത്. ഇംഗ്ലണ്ടിനോട് തോറ്റുവെങ്കിലും റഷ്യക്കാരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്് തകര്‍ത്ത് നോക്കൗട്ടില്‍. അവിടെ ഉത്തര അയര്‍ലാന്‍ഡുകാരായിരുന്നു പ്രതിയോഗികല്‍.

അവരെ ഒരു ഗോളിന് വീഴ്ത്തി. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഏറ്റവും വലിയ അട്ടിമറി. 3-1 ന് തകര്‍ത്തത് ബെല്‍ജിയത്തെ. അങ്ങനെ സെമിയില്‍. അവിടെ പ്രതിയോഗികള്‍ പോര്‍ച്ചുഗീസുകാര്‍. കൃസ്റ്റിയാനോ റൊണാള്‍ഡോ, നാനി എന്നിവര്‍ നേടിയ ഗോളില്‍ പറങ്കികള്‍ ജയിച്ചുവെങ്കിലും തല ഉയര്‍ത്തിയാണ് വെയില്‍സ് വന്‍കരാ വേദി വിട്ടത്. ആ മികവ് പിന്നീട് തുടരാനായില്ല എന്നത് വാസ്തവം. പക്ഷേ ബെയിലിനെ പോലുള്ളവര്‍ക്ക് ഫുട്‌ബോള്‍ വിപണിയില്‍ വില കുത്തനെ ഉയര്‍ന്നു. റയല്‍ മാഡ്രിഡ് അദ്ദേഹത്തെ പൊന്നും വിലക്കാണ് ടീമിലെടുത്തത്. മാഡ്രിഡില്‍ അദ്ദേഹം ദുരന്തമായിരുന്നു. കോച്ച് സിദാനുമായുള്ള ശീതസമരത്തില്‍ അവസരങ്ങളും കുറഞ്ഞു. ഇത്തവണ അദ്ദേഹത്തിന് കീഴിലാണ് ടീം. വാര്‍ത്തകളില്‍ നിറയുന്നത് ബെയിലിന്റെ റിട്ടയര്‍മെന്റാണ്. യൂറോയില്‍ ടീമിന് എന്ത് സംഭവിച്ചാലും ബെയില്‍ രാജ്യാന്തര ഫുട്‌ബോള്‍ വിടുമെന്നാണ് സംസാരം. ലിവര്‍പൂളിന്റെ ഹാരി വില്‍സണ്‍, യുവന്തസിന്റെ അരോണ്‍ രാംസേ, കൈഫര്‍ മൂര്‍, ടൈലര്‍ റോബര്‍ട്‌സ്, മാത്യു സ്മിത്ത് തുടങ്ങിയവരാണ് പ്രധാനികള്‍.