kerala

ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച് സഹോദരങ്ങള്‍ ആശുപത്രിയില്‍

By webdesk18

November 06, 2025

പാലക്കാട്: ജ്യൂസാണെന്ന് തെറ്റിധരിച്ചു കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച രണ്ട് സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ ആറും പത്തും വയസ്സുള്ള കുട്ടികളെയാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

വായില്‍ സാരമായ പൊള്ളലേറ്റതിനാല്‍ കുട്ടികളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന് അങ്കമാലിയിലേക്ക് മാറ്റുകയായിരുന്നു.

വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്കായി മൃഗാശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ കുളമ്പ് രോഗ മരുന്ന് ഒഴിഞ്ഞ ജ്യൂസ് കുപ്പിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതാണ് കുട്ടികള്‍ ജ്യൂസാണെന്ന് കരുതി കുടിച്ചത്.

വായയില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.