ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് സംസ്ഥാന സ്‌കൂളുകളിലെ 15 പൊതു അവധികള്‍ നിര്‍ത്തലാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രമുഖ വ്യക്തികളുടെ ജനന-മരണ വാര്‍ഷികങ്ങള്‍ക്ക് നിലവില്‍ നല്‍കി വരുന്ന പൊതു അവധികളാണ് നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അവധി നല്‍കി സ്‌കൂള്‍ അടച്ചിടുന്നതിന് പകരം സ്മരിക്കപ്പെടുന്ന വ്യക്തിയെ കുറിച്ച് പ്രത്യേക ക്ലാസ് നടത്തുകയാണ് ചെയ്യേണ്ടതെന്ന് കാബിനറ്റ് തീരുമാനം വിശദീകരിച്ച് ശ്രീകാന്ത് ശര്‍മ പറഞ്ഞു.

നേരത്തേ, അംബേദ്കറുടെ 126ാം ജനന വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുരുങ്ങി ഇല്ലാതാവുന്ന അകാദമിക് ദിനങ്ങളെക്കുറിച്ച് ഉത്കണ്ഠ അറിയിച്ചിരുന്നു.

പ്രമുഖ വ്യക്തികളുടെ ജന്മവാര്‍ഷികങ്ങള്‍ സ്‌കൂള്‍ അവധി നല്‍കി ആഘോഷിക്കേണ്ടതില്ല. പകരം അവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും രണ്ടു മണിക്കൂര്‍ പ്രത്യേക ബോധവത്ക്കരണ പരിപാടികളാണ് നടത്തേണ്ടത്. 220 ദിനങ്ങളുണ്ടാവേണ്ട അകാദമിക് സെഷനാണ് ഇപ്പോള്‍ 120 ദിനങ്ങളായി ചുരുങ്ങിയിരിക്കുന്നത്. ഇത്തരം പൊതു അവധി സംസ്‌കാരം തുടര്‍ന്ന് പോയാല്‍ പഠിക്കാന്‍ ദിവസങ്ങളില്ലാതെയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 42 പൊതു അവധികളില്‍ 17 എണ്ണം പ്രമുഖ വ്യക്തികളുടെ ജന്മവാര്‍ഷികള്‍ക്കാണ് നിലവില്‍ നല്‍കി വരുന്നത്.
കഴിഞ്ഞ സമാജ് വാദി സര്‍ക്കാറായിരുന്നു അംബേദ്കറുടെ സമാധി ദിനമായി ഡിസംബര്‍ 6 ന് പുറമെ മുന്‍പ്രധാന മന്ത്രി ചന്ദ്രശേഖര്‍ (ഏപ്രില്‍ 17), മഹാ ഋഷി കശ്യപ്, മഹര്‍ഷി നിഷാദ് രാജ് ജയന്തി (ഏപ്രില്‍ 5), ഹസ്രത്ത് ഗരീബ് നവാസ് ഉറൂസ് (ഏപ്രില്‍ 26), മഹാറാണാ പ്രതാപ് ജയന്തി (മേയ് 9) എന്നിവരുടെ ജ്ന്മ-സമാധി ദിനങ്ങളും പൊതു അവധിയായി പ്രഖ്യാപിച്ചത്. അക്കൂട്ടത്തില്‍പ്പെട്ട 15 പൊതു അവധികളാണ് യോഗി സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തലാക്കുന്നത്.