കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടികൂടി. കല്‍പ്പറ്റ സ്വദേശി 18കാരന്‍ നാഫിയാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചികിത്സയ്ക്കായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിയ ഇയാളെ ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആക്രമണത്തില്‍ 16കാരന്റെ മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. കുട്ടിയെ വടി കൊണ്ട് മുഖത്തും തലയിലും അടിക്കുന്നതും, കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതുമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.