Connect with us

GULF

ഈദ് നല്‍കുന്നത് ഉന്നതമായ സംസ്കാരത്തിന്‍റെ സന്ദേശം: ഹുസൈന്‍ കക്കാട്

Published

on

ദുബൈ: വ്രതവിശുദ്ധിയുടെ നിറവിലുള്ള വിശ്വാസിക്ക് ഭക്തിനിര്‍ഭരവും പ്രാര്‍ഥനാ നിരതവുമായ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പ്രമുഖ പണ്ഡിതനും ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ടും ഷാര്‍ജ അല്‍ഗുവൈര്‍ മസ്ജിദ് ഖത്തീബുമായ മൗലവി ഹുസൈന്‍ കക്കാട് പ്രസ്താവിച്ചു. ഈദ് ആഘോഷമെന്നത് കേവല വിനോദങ്ങളില്‍ മുഴുകലോ ആര്‍ഭാടങ്ങളിള്‍ അഭിരമിക്കലോ അല്ലെന്നും പ്രത്യുത, മഹിതമായ ഒരു സന്ദേശത്തെ ഉദ്ഘോഷിക്കുകയും ഉന്നതമായ ഒരു സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ മലയാളികള്‍ക്കായി ലഭിച്ച രണ്ടാമത്തെ ഈദ്ഗാഹില്‍ ഖിസൈസിലെ ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിക്കൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലോകത്തെ ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് ഒരേയൊരു കീര്‍ത്തന മന്ത്രമാണ് ഇന്നുയരുന്നത്. അത് സ്രഷ്ടാവിന്‍റെ ഏകത്വവും മഹത്വവും പ്രകീര്‍ത്തിക്കുകയും അവനെ സ്തുതിക്കുകയും അവനുമുമ്പില്‍ നിസ്സാരനായ മനുഷ്യന്‍ സര്‍വ്വം സമര്‍പ്പിക്കുന്നതിന്‍റെയും തക്ബീര്‍ ധ്വനികളാണ്, അദ്ദേഹം തുടര്‍ന്നു. മാനവരാശിക്ക്‌ മാര്‍ഗ്ഗദര്‍ശനമായി സ്രഷ്ടാവ് അവതരിപ്പിച്ച ദിവ്യസന്ദേശമായ വിശുദ്ധ ഖുര്‍ആനിന് സാക്ഷിയായിട്ടാണ് വ്രതാനുഷ്ഠാനം നിശ്ചയിച്ചിട്ടുള്ളത്. നിഷ്കളങ്കമായി അനുഷ്ഠിച്ച വ്രതത്തിന്‍റെ വിശുദ്ധിയില്‍ വിശ്വാസിക്ക് ലഭിച്ച നന്ദിയുടെ ആഘോഷമാണ് ഈദുല്‍ഫിത്വര്‍.

ആചാരം, അനുഷ്ഠാനം, ആഘോഷം തുടങ്ങിയവ ഇസ്‌ലാമില്‍ കേവലം ഐതിഹ്യത്തിന്‍റെ പിന്‍ബലത്തിലല്ല, മറിച്ച് വസ്തുതാപരവും ആദര്‍ശപരമായ ഉള്ളടക്കമുള്ളവയുമാണ്. അവബോധവും തിരിച്ചറിവും തത്വദീക്ഷയും ഇസ്‌ലാമില്‍ പ്രധാനമാണ്. വിശുദ്ധ ഖുര്‍ആനിലെ ആദ്യവചനം തന്നെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നവയാണ്. അക്ഷരജ്ഞാനമില്ലാതിരുന്ന പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യോട് വായിക്കാനാണ് ആദ്യത്തെ ഉദ്ബോധനം. ആഴക്കടലിന്‍റെ അത്യഗാധതയിലും ആകാശത്തിന്‍റെ അനന്തതയിലും പഠന നിരീക്ഷണങ്ങള്‍ നടത്തുന്ന മനുഷ്യരുടെ മുന്നില്‍പോലും അവരുടെ വൈഞാനിക തൃഷ്ണയെ ഉത്തേജിപ്പിക്കുന്ന ഗ്രന്ഥമായി പരിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നു.

ഇസ്‌ലാമില്‍ ആഘോഷങ്ങള്‍ രണ്ടെണ്ണമേയുള്ളൂ, ഈദുല്‍ ഫിത്വറും ഈദുല്‍ അദ്’ഹയും. ‘ചെറിയ’ പെരുന്നാള്‍, ‘വലിയ’ പെരുന്നാള്‍ എന്നിവ തിരിച്ചറിയാന്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തില്‍ വന്ന പേരുകള്‍ മാത്രമാണെന്നും ആഘോഷങ്ങള്‍ക്ക് വലിപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങള്‍ക്ക് വിലക്കിടുകയല്ല ഇസ്‌ലാം ചെയ്തിട്ടുള്ളതെന്നും പ്രത്യുത പ്രപഞ്ചനാഥന്‍ നിര്‍ണ്ണയിച്ച അതിര്‍വരമ്പുകള്‍ പാലിക്കുക എന്നത് മാത്രമാണ് വിശ്വാസിക്കുള്ള നിര്‍ദേശമെന്നും അദ്ദേഹം വിശദീകരിച്ചു. അതിര്‍വരമ്പുകള്‍ എന്നത്, അതിനകത്തുള്ളവ അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നതോടൊപ്പം അതിനപ്പുറമുള്ളതില്‍നിന്നും അകലം പാലിച്ച് സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതുമാണ്‌.

വ്രതത്തിലൂടെ വിശ്വാസികള്‍ ആര്‍ജ്ജിക്കുന്നത് നിയന്ത്രണവും ഇച്ചാശക്തിയും തിരിച്ചറിവും സഹാനുഭൂതിയുമാണ്‌. പട്ടിണിയും ദാരിദ്ര്യവും യുദ്ധങ്ങള്‍ നിമിത്തവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും സഹാനുഭൂതിയോടെ സഹായിക്കാനും അവര്‍ക്കായി നിലകൊള്ളാനും ഇത് വിശ്വാസിയെ പ്രാപ്തമാക്കുന്നു. ഒളിച്ചോട്ടമോ ആത്മഹത്യയോ ബ്ലാക്ക് മാജിക്കോ അന്യഗ്രഹവാസമോ അല്ല ജീവല്‍പ്രശ്നങ്ങളുടെ പരിഹാരം, മറിച്ച് ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള കരുത്ത് നേടാന്‍ സമൂഹത്തിന്‍റെ പ്രാപ്തമാക്കുന്നതാണ് വ്രതം, അദ്ദേഹം തുടര്‍ന്നു.

30 ദിനരാത്രങ്ങളിലൂടെ നേടിയെടുത്ത സൂക്ഷ്മതയും നിയന്ത്രണവും നന്മയുടെ ശീലങ്ങളും ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയണം. ഓരോ ഉദയാസ്തമയങ്ങളും ശ്രദ്ധിക്കുകയും ഘടികാരസൂചിയുടെ ചലനം പോലും നിരീക്ഷിക്കുകയും ചെയ്ത വിശ്വാസിക്ക് സമയത്തിന്‍റെയും ആയുസ്സിന്‍റെയും മൂല്യം നഷ്ടപ്പെട്ടുപോവരുത്. നോമ്പ് ഒരു പരിചയായി പരിചയപ്പെടുത്തിയ പ്രവാചകവചനം ഉദ്ദരിച്ചുകൊണ്ട് തന്‍റെ സുരക്ഷാകവചം നഷ്ടപ്പെടുത്തുന്നവനാവരുത് വിശ്വാസി എന്നദ്ദേഹം ഉണര്‍ത്തി.

മഹത്തായ ഒരു ദാനദര്‍മ്മത്തിനുശേഷമാണ് ഈദ്ഗാഹിലെ പ്രാര്‍ത്ഥന. അനുഷ്ഠാനങ്ങളിലെ പിഴവുകള്‍ക്കുപോലും ദാനധര്‍മ്മങ്ങള്‍ പ്രായശ്ചിത്തമായി നിശ്ചയിച്ച മതമായ ഇസ്‌ലാമിലെ ആഘോഷങ്ങളും വിശേഷങ്ങളും ദാനദര്‍മ്മങ്ങള്‍ക്ക് കൂടിയുള്ള വലിയ അവസരമാണ്. നോമ്പ് ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങളും സമയബന്ധിതമായ അനുഷ്ഠാനങ്ങളാണ്‌. അവസരം ലഭിക്കുമ്പോള്‍ മാത്രം ചെയ്യേണ്ടുന്ന കര്‍മ്മങ്ങളല്ല മതത്തിലെ ആരാധനകളെന്നും മറിച്ച് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ക്ക് സ്വമേധയാ നല്‍കുന്ന നികുതിയാണിതെന്നും അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു.

മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ പ്രത്യേകം സംവിധാനിച്ച ഈദ്ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്‌നേഹാശംസകള്‍ കൈമാറുകയും ചെയ്തു.

FOREIGN

ബുറൈദ കെഎംസിസി റഷീദ് കുടുംബ സഹായ ഫണ്ട് കൈമാറി

Published

on

ബുറൈദ: ഖുബൈബ് കേരളാ മർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിനായി ബുറൈദ കെഎംസിസി മെംബെർമാരിൽ നിന്നും സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളില ബുറൈദ റഷീദ്‌ കുടുംബ സഹായകമ്മിറ്റി ചെയർമാൻ ശരീഫ് തലയാടിന് കൈമാറി.

ബുറൈദയിലെ മുൻ പ്രവാസി കൂടിയായ റഷീദിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനുവേണ്ടി സുഹൃത്തികളും ബുറൈദയിലെ മുഖ്യധാരാ സംഘടനകളും ചേർന്ന് ബുറൈദ റഷീദ് കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു കൊണ്ട് കഴിഞ്ഞ രണ്ടുമാസത്തോളമായി ബുറൈദയിൽ പ്രവർത്തനം ആരംഭിക്കുകയും സുമനസ്സുകളും സഹായം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

റഫീഖ് ചെങ്ങളായി, ഫൈസൽ ആലത്തൂർ,കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലിൽ, ഇക്ബാൽ പാറക്കാടൻ,അസീസ് മിനി ഹോട്ടൽ,നിഷാദ് പാലക്കാട്,സലീംമങ്കയം,ഫൈസൽ മല്ലാട്ടി,ഹുസൈൻ പട്ടാമ്പി, ഇസ്മായിൽ ചെറുകുളമ്പു, സലാം പുളിക്കൽ എന്നിവർ പങ്കെടുത്തു

Continue Reading

GULF

കെഎംസിസി ഖത്തർ പാലക്കാട് ബീറ്റ് ദി ഹീറ്റ് ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിച്ചു

Published

on

ദോഹ : കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കരുതലിനെ കുറിച്ചുള്ള അവബോധം നൽകി, കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീറ്റ് ദി ഹിറ്റ് ” പരിപാടി യിൽ പ്രവാസി സമൂഹം ശ്രദ്ധിക്കേണ്ട നിർജലീകരണം, ചർമ്മ സംരക്ഷണം, ഭക്ഷണ ക്രമീകരണം, അലർജി, വ്യായാമം, ജീവിത ശൈലി രോഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സെഷൻ നിർവഹിച്ചത്. കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെഎംസിസി സംസ്ഥാന സെക്രട്ടറി വിടിഎം.സാദിഖ് ഉത്ഘാടനം ചെയ്തു. മിസമീർ ക്ലിനിക് സ്റ്റാഫ് നേഴ്സ് ആയ ആസാദ് കളത്തിൽ ആരോഗ്യ സെഷന് നേതൃത്വം നൽകി.

ജില്ലാ പ്രസിഡണ്ട് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി സ്വാഗതം ആശംസിക്കുകയും സംസ്ഥാന സെക്രട്ടറി ഷമീർ മുഹമ്മദ് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. മൽഖാ റൂഹി ധന സമാഹരണ യജ്ഞങ്ങളായ ബിരിയാണി ചലഞ്ച് ഉൾപ്പെടെ പ്രവർത്തനങ്ങളിൽ സഹകരിച്ച മണ്ഡലം കമ്മിറ്റികളെയും കോർഡിനേറ്റര്മാരെയും കെഎംസിസി അംഗങ്ങളെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത മുശാവറ അംഗം കെപിസി.തങ്ങൾ പ്രാർത്ഥന സദസ്സും അനുശോചനവും ജില്ലാ വൈസ് പ്രസിഡണ്ട് നാസർ ഫൈസി നിർവഹിച്ചു.

സംഘടന വിഷയങ്ങളിൽ ജില്ലാ സെക്രട്ടറി ചർച്ചകൾക്ക് തുടക്കം കുറിക്കുകയും മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സുഹൈൽ കുമ്പിടി, യൂസുഫ് പനം കുറ്റി, ഉമ്മർ ഒറ്റപ്പാലം, അനസ് യമാനി, റിഷാഫ് എടത്തനാട്ടുകര, ജലീൽ വളരാണി , സുലൈമാൻ ആലത്തൂർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ റസാഖ് ഒറ്റപ്പാലം, മഖ്ബൂൽ തച്ചോത്ത്, അഷ്‌റഫ് പുളിക്കൽ, സിറാജുൽ മുനീർ, മൊയ്‌തീൻ കുട്ടി ,അസർ പള്ളിപ്പുറം, ഷാജഹാൻ കരിമ്പനക്കൽ, നസീർ പാലക്കാട്, ജില്ലാ വിംഗ് അംഗങ്ങളായ അമീർ കുസ്റു, മുസമ്മിൽ, ബി എഫ് അംഗങ്ങളായ മുജീബ് സി, ജെൻസർ നേതൃത്വം നൽകി.

Continue Reading

FOREIGN

സഊദിയിൽ വാഹനാപകടം തൃശൂർ സ്വദേശി മരണപ്പെട്ടു

മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽപെട്ട് പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂർ പൂങ്കുന്നം സ്വദേശി മനോജ് മേനോൻ (44) ആണ് മരിച്ചത്. ദമ്മാം-ജുബൈൽ റോഡിൽ റസ്തന്നൂറ എക്സിറ്റ് കഴിഞ്ഞ ഉടനെ
ചെക്ക് പോയിൻ്റിന് സമീപമാണ് അപകടമുണ്ടായത്. മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മനോജ് മേനോൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സുരേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം സുരേഷ് ആസ്പത്രി വിട്ടു. ഔദ്യോഗിക ആവശ്യാർഥമുള്ള യാത്രയിലായിരുന്നു ഇരുവരും.
കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരാണ് മരണപ്പെട്ട മനോജ് മേനോൻ. അഞ്ചുവർഷത്തിലേറെയായി ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന മനോജ് മേനോൻ നേരത്തെ ഖത്തറിലും പ്രവാസിയായിരുന്നു.

ഭാര്യ: ഗോപിക മേനോൻ. മകൻ:അഭയ് മേനോൻ. മരണ വിവരമറിഞ്ഞ് ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഖത്വീഫ് സെൻട്രൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി കെ.എം.സി.സി അറിയിച്ചു.

Continue Reading

Trending