kerala

ചുമലില്‍ തട്ടി യാത്രപറയുന്ന 2025

By webdesk17

January 01, 2026

ലോകം പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം എത്രപെട്ടെന്നാണ് കടന്നുപോയത്. കാലചക്രം വളരെ വേഗത്തില്‍ കറങ്ങുന്നത് പോലെയൊരു തോന്നലാണുള്ളത്. പരിപാടികള്‍ എഴുതിവെക്കുന്ന ഡയറിയിലെ പേജുകള്‍ പെട്ടെന്ന് തീര്‍ന്നപോലെ, പുതിയ ഡയറി പെട്ടെന്ന് വാങ്ങേണ്ടി വന്നത് പോലെയെല്ലാം തോന്നുന്നു. എല്ലാവര്‍ക്കും അതുപോലെ തന്നെയാണെന്നാണ് പലരുമായി സംസാരിക്കുമ്പോഴും മനസിലാകുന്നത്. കഴിഞ്ഞുപോയ 365 ദിവസകാലം ഏറെ സംഭവബഹുലമായിരുന്നു. ഇതിനിടെ ചരിത്രമുഹൂര്‍ത്തങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. ഒരു നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. മികച്ച നേട്ടങ്ങള്‍ കൊയ്യാനും ഈ വര്‍ഷത്തില്‍ സാധിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം ഖാഇദേമില്ലത്ത് സെന്റര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു. വയനാട് ദുരിതബാധിതര്‍ക്കുള്ള ഭവന നിര്‍മാണം തുടക്കമിടാനും 2025 ല്‍ സാധിച്ചു. തദ്ദേശ തി രഞ്ഞെടുപ്പില്‍ ചരിത്രവിജയങ്ങള്‍ നേടാനുമായി. വ്യക്തിപരമായും ഏറെ സന്തോഷകരമായ സംഭവങ്ങളുണ്ടായ വര്‍ഷമാണ് കടന്നുപോയത്. സഊദി ഗവണ്‍മെന്റ്‌റിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചത് 2025 ലായിരുന്നു.

ദുഃഖകരമായ അവസ്ഥകളും ജീവിതത്തി ന്റെ ഭാഗമാണല്ലോ. പഹല്‍ഗാം അക്രമണം, ഗസ്സയിലെ വംശഹത്യ. സുഡാനിലെ അഭ്യന്തരയുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെല്ലാം മനസിനെ വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വര്‍ഷമായിരുന്നു കടന്ന് പോയത്. എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ചകളും താഴ്ചകളും സ്വപ്നസാക്ഷാത്കാരവും സ്വപ്നഭംഗവുമെല്ലാമുണ്ടായിരിക്കും. ജീവിതത്തിന്റെ ഭാഗമായുള്ള അത്തരം സന്തോഷ നിമിഷങ്ങളിലും വിഷമ സന്ധികളിലും നന്നായി ജീവിച്ച് ആ അനുഭവങ്ങളിലൂടെ പുതിയ മനുഷ്യനായി പരുവപ്പെടണം. വിഖ്യാത എഴുത്തുകാരന്‍ ഏണസ്റ്റ് ഹെ മിങ് വേയുടെ കിഴവനും കടലും എന്ന പുസ്തകത്തില്‍ കേന്ദ്രകഥാപാത്രമായ സാന്റി യാഗോ പറയുന്നത് എല്ലാ ദിവസവും പുതിയ ദിവസമാണെന്നാണ്. Everyday is a new day. ജീവിച്ച് കഴിഞ്ഞ ദിവസത്തേക്കാള്‍ മികച്ച മനുഷ്യനാവാന്‍ അന്നത്തെ അനുഭവങ്ങള്‍ കൊണ്ട് നമുക്ക് സാധിക്കണം. കഴിഞ്ഞുപോയ ദിവസത്തില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി, പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തി പുതിയ ദിവസം മികച്ചതാക്കാന്‍ ശ്രമിക്കണം, ജീവിത സഞ്ചാരത്തിലാണല്ലോ നാം. ഇന്നലെ നമ്മുടെ സഞ്ചാരത്തിന് അല്‍പം വേഗത കുറഞ്ഞുകാണും. ഇടയില്‍ ചിലപ്പോള്‍ വഴിതെറ്റിപ്പോയിക്കാണും. ഇടക്കൊന്ന് വീണുപോയിരിക്കാം. അതെല്ലാം പരിഹരിക്കാന്‍ ഇന്നത്തെ ദിവസത്തില്‍ നമുക്ക് സാധിക്കണം. 2026 ലെ വരാനിരിക്കുന്ന ദിനങ്ങള്‍ നല്ലതാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കു കയും പ്രവര്‍ത്തിക്കുകയും ചെയ്യാം. നാളെയുടെ പുലരികള്‍ നമ്മുടേതാക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.