തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ പുതിയ ഡയറക്ടര്‍ എന്‍.സി അസ്താന റദ്ദാക്കി. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്.

മൂന്നംഗ പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016,17 കാലയളവില്‍ കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകളാണ് റദ്ദാക്കിയത്. ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

എന്‍.സി അസ്താന ഈ മാസം അവസാനം വരെയാണ് വിജിലന്‍സ് ഡയറക്ടറായി തുടരുക. ഇതിനിടെയാണ് ഉത്തരവുകള്‍ റദ്ദാക്കിയത്. മുമ്പ് നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായ സമയത്തും ഇതേരീതിയില്‍ സര്‍ക്കുലര്‍ റദ്ദാക്കിയിരുന്നത് വിവാദമായിരുന്നു.