News

77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ: ഡല്‍ഹിയില്‍ കനത്ത സുരക്ഷ, രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

By webdesk18

January 25, 2026

ന്യൂഡല്‍ഹി: നാളെ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം സജ്ജം. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ ഒരുക്കങ്ങളും ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് ആഘോഷങ്ങള്‍ നടക്കുക. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതോടൊപ്പം പത്മ പുരസ്‌കാരങ്ങളും സൈനിക-പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.

റിപ്പബ്ലിക് ദിനത്തെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലുടനീളം പഴുതടച്ച സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥികളായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളാണ് പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന്‍ ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലെത്തും. ഇരുവരും നാളെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥികളായി സന്നിഹിതരാകും.

മുഖ്യാതിഥി സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.