മുസാഫര്‍പൂര്: വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ പാഞ്ഞു കയറി ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. ഉത്തര ബീഹാറിനെയും മുസാഫര്‍ നഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയാ പാതയായ 77-ല്‍  ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം. ദരംപൂര് ഗവ മിഡില്‍ സ്‌കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ റോഡ് മുറിച്ചു കടക്കവെ കാര്‍ പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി കിടക്കുകയാണ്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം നിലച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റ കുട്ടികളെ പാറ്റ്‌നയിലെ ശ്രീകൃഷ്ണ മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

 


അപകടത്തെപ്പറ്റി ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ: തിരക്കേറിയ ദേശീയ പാതയില്‍ കുട്ടികള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ലോറി വഴിയാത്രക്കാരിയെ തട്ടിതെറിപ്പിച്ചു. സ്ത്രീയെ രക്ഷിക്കാന്‍ ജനം ഓടിക്കൂടി. റോഡ് മുറിച്ചു കടന്ന വിദ്യാര്‍ത്ഥികള്‍ പാതയോരത്തേക്ക് നീങ്ങി. ഒട്ടേറെ കുട്ടികള്‍ ഈ സമയം റോഡ് കടക്കുന്നുണ്ടായിരുന്നു. ഈ സമയം എതിര്‍ഭാഗത്തു നിന്നു പാഞ്ഞെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് കയറുകയായിരുന്നു. അമിത വേഗതയില്‍ കാര്‍ എത്തിയതിനാല്‍ ഓടി രക്ഷപെടാന്‍ പോലും കുട്ടികള്‍ക്ക് കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷിയായ ജില്ലാ ബോര്‍ഡ് അംഗം മിഥിലേഷ് യാദവ് പറഞ്ഞു.

കുട്ടികളുടെ മൃതദേഹങ്ങള്‍ ശ്രീകൃഷ്ണ ഹോസ്പിറ്റലിലേക്ക് മാറ്റി. ഈ ആസ്പത്രിയില്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ മൃതദേഹം കൊണ്ടുവന്നതോടെ ആസ്പത്രി പരിസരത്ത് ജനങ്ങള്‍ തടിച്ചു കൂടി. വിവരം അറിഞ്ഞു ഒട്ടേറെ പേര്‍ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. ആസ്പത്രിയും പരിസരവും മാതാപിതാക്കളുടെ കരച്ചിലിലും വിതുമ്പലിലും മുങ്ങി. ഭരണകൂട പ്രതിനിധികള്‍ ആസ്പത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്ന കുടുംബത്തിന് ധനസഹായവും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. മുസാഫര്‍പൂര് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അനില്‍ കുമാര്‍ സിങ് സംഭവ സ്ഥലത്തെത്തി.

ഈ മാസം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. 19ന് പാറ്റ്‌നയില്‍ നടന്ന റോഡ് അപകടത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 50 പേര്‍ സഞ്ചരിച്ച വിവാഹ സംഘമാണ് അപകടത്തില്‍പെട്ടത്.