Connect with us

Video Stories

ഭരണം അക്രമികള്‍ക്ക് തീറെഴുതിയോ

Published

on

ബുധന്‍ പുലര്‍ച്ചെ ഇരുട്ടിന്റെമറവില്‍ രണ്ടുയുവതികളെ ശബരിമലക്ഷേത്രത്തില്‍ പൊലീസ് സഹായത്തോടെ പ്രവേശിപ്പിച്ച സംസ്ഥാനസര്‍ക്കാരിന്റെ വിവാദനടപടിയുടെ പശ്ചാത്തലത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭരണഘടനയുടെയും പാരമ്പര്യത്തിന്റെയും പരിധിയില്‍പെടുന്നുവെന്നിരിക്കെ അവയെ അവഹേളിക്കുന്ന നടപടിയാണ് കോടതിവിധിയുടെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍ ബുധനാഴ്ച എന്തെന്നില്ലാത്ത പിടിവാശിയോടെ നടപ്പിലാക്കിയത്. പക്ഷേ അതിനെതിരെ വിശ്വാസികളെന്ന പേരില്‍ അക്രമികള്‍ ഒരുഭാഗത്തും അവിശ്വാസികളും കമ്യൂണിസ്റ്റുകളും മറുഭാഗത്തും അണിനിരന്നുകൊണ്ട് കേരളത്തെ കുരുതിക്കളമാക്കുന്ന അനുഭവമാണിപ്പോള്‍ പൊതുജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷസര്‍ക്കാര്‍ സംസ്ഥാനഭരണം അക്രമികള്‍ക്ക് തീറെഴുതിയോ എന്നാണ് ജനം സംശയിക്കുന്നത്.
ശബരിമല കര്‍മസമിതി ഇന്നലെ നടത്തിയ സംസ്ഥാനതലഹര്‍ത്താലില്‍ കേരളത്തിന്റെ ഏതാണ്ടെല്ലാഭാഗത്തും അതിഹീനമായ അക്രമപരമ്പരയാണ് അരങ്ങേറിയത്. ഇതിനെ പൊലീസിനെ ഉപയോഗിച്ച് നേരിടേണ്ടതിനുപകരം ഭരണകക്ഷിക്കാര്‍ കല്ലും വടിയുമായി അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ രംഗത്തിറങ്ങിയത് ഇവിടെയൊരു ഭരണകൂടമുണ്ടോ എന്ന സംശയമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും മുന്നിലും പൊതുനിരത്തുകളിലും പാലക്കാട്, മലപ്പുറം,കോട്ടയം, പത്തനംതിട്ട,ആലപ്പുഴ, തൃശൂര്‍,എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും സംഘപരിവാറുകാരും ബി.ജെ.പിക്കാരും സി.പി.എമ്മുകാരും തേര്‍വാഴ്ച നടത്തുകയാണ് . മൂന്നുപേര്‍ ഹര്‍ത്താലിന് ബലിയാടായി.ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. മുന്‍തീരുമാനപ്രകാരം വ്യാപാരികള്‍ കടകള്‍തുറക്കാന്‍ തയ്യാറായതിന് വേണ്ടസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നൂറുകണക്കിന് കടകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അഞ്ഞൂറോളംപേരെ വിവിധഅക്രമങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നുണ്ടെങ്കിലും പ്രതികള്‍ ഭൂരിപക്ഷവും ഇപ്പോഴും നാട്ടിലാകമാനം വിലസുകയാണ്. ബുധനാഴ്ച പന്തളത്ത് സി.പി.എമ്മുകാരുടെ കല്ലേറില്‍ പരിക്കേറ്റ മധ്യവയസ്‌കന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ രാത്രി മരണമടഞ്ഞപ്പോള്‍ ഇന്നലെ തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ ചികിത്സക്കെത്തിയ വയനാട് സ്വദേശിനി പാത്തുമ്മയും ആലപ്പുഴയില്‍ മറ്റൊരാളും ഹര്‍ത്താലിന്റെ ക്രൂരതക്കിരയായി. തൃശൂരില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റത് എസ്.ഡി.പി.ഐക്കാരും ബി.ജെ.പിക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍. മലപ്പുറത്ത് പെട്രോള്‍ബോംബ് എറിയാനും അക്രമികള്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മതിയായ സുരക്ഷയും ഗതാഗതസംവിധാനങ്ങളും ഒരുക്കുമെന്ന സര്‍ക്കാരിന്റെ മുന്‍പ്രഖ്യാപനങ്ങള്‍ എല്ലാം പാഴാകുന്നതാണ് ഇന്നലെ കണ്ടത്. പാലക്കാട്ടും തിരുവനന്തപുരത്തും കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഘപരിവാറുകാര്‍ മലപ്പുറത്തും പാലക്കാട്ടും തീവെപ്പ് നടത്തി. പത്തനംതിട്ടയില്‍ ചന്ദ്രന്‍ഉണ്ണിത്താന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന ്മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് വൈകാതെതന്നെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞത്. സംഭവത്തില്‍ സി.പി.എമ്മുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.
വിശ്വാസ സ്വാതന്ത്ര്യം ഹനിച്ചുവെങ്കില്‍തന്നെയും അതിനെതിരെയുള്ള പ്രതിഷേധം ഇത്രവലിയ അക്രമതലത്തിലേക്ക് മാറ്റാന്‍ എന്തുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായെന്ന് അവര്‍ വിശദീകരിക്കണം. വിശ്വാസത്തില്‍ എവിടെയാണ് അക്രമം പറഞ്ഞിട്ടുള്ളത്. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള മാര്‍ഗം യഥേഷ്ടം നമ്മുടെ ജനാധിപത്യത്തിലുണ്ടായിരിക്കെ കേരളത്തെയാകമാനം കലാപഭൂമിയാക്കുന്ന രീതിയിലേക്ക് സമരത്തെ മാറ്റാന്‍ തയ്യാറാവരുതായിരുന്നു. ഇതിന്റെ ഗുണം ലഭിക്കുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ സത്യത്തില്‍ തിക്തഫലമാണ് സര്‍ക്കാരിനെയും സംഘപരിവാറിനെയും കാത്തിരിക്കുന്നത്. കര്‍മസമിതിയുടെ പേരില്‍ ബി.ജെ.പി ചെയ്തത് മറഞ്ഞിരുന്ന് കല്ലെറിയലാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് വിഷയത്തില്‍ ഓര്‍ഡിനന്‍സിന് സ്വന്തം സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയാണ്. വൈകാരികമായ ഒരുപ്രശ്‌നത്തില്‍ ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുന്ന വിഡ്ഢിത്തം സര്‍ക്കാര്‍ എന്തിനാണ് കാട്ടിയത്. സംഘപരിവാര്‍ ശക്തികള്‍ക്ക ് വേരുപിടിപ്പിക്കാന്‍ ചെയ്തുകൊടുത്ത ഗൂഢനാടകമല്ലേ ഇത്. യു.ഡി.ഫിനെതിരെയുള്ള ആയുധമായി പിണറായിസര്‍ക്കാര്‍ സംഘപരിവാരത്തെ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ലതാനും. വനിതാമതിലിലും നാമിത് കണ്ടതാണ്. ഈ പേക്കൂത്തിന് ജനം തന്നെ മറുപടി പറയട്ടെ. നശിപ്പിക്കപ്പെട്ട മുതലുകളുടെ നഷ്ടം അക്രമികളില്‍നിന്നും സംഘടനകളില്‍നിന്നും ഈടാക്കണം. ഇന്നലെ കരിദിനം ആചരിച്ച യു.ഡി.എഫ് നിലപാടാണ് പൊതുജനം ഇപ്പോള്‍ ആഗ്രഹിക്കുന്നതും അനുകൂലിക്കുന്നതും. പൊതുമുതലും ജീവനും നശിപ്പിക്കുന്ന രീതിയിലുള്ള സമരമുറകള്‍ക്ക് മുന്നണി എക്കാലത്തും എതിരാണ്. ഇനിയെങ്കിലും അനാവശ്യമായ നവോത്ഥാന നാട്യങ്ങള്‍ മാറ്റിവെച്ച് ഭരണം സുഗമമായി കൊണ്ടുപോകാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. മഹാപ്രളയത്തില്‍ 2 ലക്ഷത്തോളം വീടുകള്‍ കേടുപറ്റി പതിനായിരങ്ങള്‍ വഴിയാധാരമായിട്ടും അവയൊന്നും കാണാതെ നടത്തുന്ന നവോത്ഥാന വാചാടോപങ്ങള്‍ കൊണ്ട് ഒരുനേട്ടവുമില്ല. ജനാധിപത്യത്തെ കൊഞ്ഞനംകുത്തലാണിത്.
ഇതിനിടെ ശബരിമലയില്‍ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നത് മറ്റുവിശ്വാസികളുടെ പ്രവേശനത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും, പ്രധാന വ്യക്തികള്‍ക്കല്ലാതെ യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടതില്ലെന്നുമാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിയുടെ ശുപാര്‍ശകള്‍. രണ്ട് റിട്ട. ജസ്റ്റിസുമാരും ഡി.ജി.പിയും അടങ്ങുന്ന നിരീക്ഷണസമിതിയാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന അനുകൂലവിധിയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയ നാടകത്തിന്റെ മുനയൊടിക്കുകയാണ് ഇതിലൂടെ നിരീക്ഷണ സമിതി. സുപ്രീംകോടതി വിധിച്ചത് യുവതികള്‍ക്ക് ക്ഷേത്രത്തില്‍ കയറാമെന്നല്ലാതെ, കയറണമെന്നോ കയറ്റണമെന്നോ അല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകബുദ്ധി പിണറായിസര്‍ക്കാരിന് ഇല്ലാതെ പോയതിന് കനത്തവില നല്‍കേണ്ടിവന്നിരിക്കുന്നത് കേരളീയസമൂഹമാണ്.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending