Connect with us

Video Stories

സി.പി.എം കത്തിക്കുന്ന വര്‍ഗീയത

Published

on


ഉമ്മന്‍ ചാണ്ടി

കോഴിക്കോട് പേരാമ്പ്രയിലെ ജുമാ മസ്ജിദിന് നേരേ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം നടന്ന കല്ലേറില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും കേസെടുക്കുകയും ചെയ്ത സംഭവം വളരെ ഗൗരവത്തോടെ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇരുപതോളം ഡിവൈഎഫ്‌ഐ/ സിപിഎം പ്രവര്‍ത്തകര്‍ മതസ്പര്‍ധയുണ്ടാക്കുക, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ജുമാ മസ്ജിദ് പള്ളിക്ക് കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി എന്നാണ് എഫ്‌ഐആര്‍. തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയെ ഈ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍, അതിനെതിരേ മന്ത്രി ഇ.പി. ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും രംഗത്തുവന്നത് കേരളത്തെ ഞെട്ടിച്ചു.
ബ്രാഞ്ച് സെക്രട്ടറിയെ പൂര്‍ണമായി സംരക്ഷിക്കുകയും നിയമപരമായി പ്രവര്‍ത്തിച്ച പൊലീസിനെ തള്ളിപ്പറയുകയുമാണ് സിപിഎം ചെയ്തത്. പൊലീസിന്റെ തലതിരിഞ്ഞ നടപടിയെന്നുപോലും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി വിശേഷിപ്പിച്ചു. കേരളത്തില്‍ വര്‍ഗീയത കത്തിച്ച് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിലൂടെ വിജയം നേടുകയെന്ന കുറുക്കുവഴിയാണ് സിപിഎം പയറ്റുന്നത്. മസ്ജിദ് ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും അവര്‍ പ്രചരിപ്പിച്ചു. ന്യൂനപക്ഷവികാരം ആളിക്കത്തിക്കാനാണ് അവരുടെ ശ്രമം. വര്‍ഗീയത ചീറ്റുന്ന ബിജെപിയുടെ അതേലൈന്‍.
ഇരുമുന്നണികളും മത്സരിച്ച് വര്‍ഗീയത കത്തിക്കുകയാണു കേരളത്തില്‍. ഒരു കൂട്ടര്‍ ഭൂരിപക്ഷ വര്‍ഗീയതയേയും മറ്റേ കൂട്ടര്‍ ന്യൂനപക്ഷ വര്‍ഗീയതയേയും താലോലിക്കുന്നു. പ്രധാനമന്ത്രിപോലും വര്‍ഗീയതയുടെ ഈ ഘോഷയാത്രയില്‍ പങ്കാളിയായി. ശബരിമലയില്‍ മതസൗഹാര്‍ദവും ആചാരക്രമങ്ങളും സംരക്ഷിക്കുന്നതിനു പകരം സംഘര്‍ഷം ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, അടല്‍ബിഹാരി വാജ്‌പേയ്, രാജീവ് ഗാന്ധി, ഡോ. മന്‍മോഹന്‍സിംഗ് തുടങ്ങിയ പ്രഗത്ഭരായ പ്രധാനമന്ത്രിമാരുടെ പ്രസംഗം കേട്ട് കയ്യടിച്ചിട്ടുള്ള കേരളത്തിന് നരേന്ദ്രമോദിയുടെ പ്രസംഗം കേട്ടപ്പോള്‍ ഇച്ഛാഭംഗമാണു തോന്നിയത്. മോദി എന്നും പഴയ മോദി തന്നെ.
രണ്ട് ആക്ടിവിസ്റ്റുകളെ രഹസ്യമായി പൊലീസ് സംരക്ഷണയില്‍, സ്റ്റാഫ് ഗേറ്റിലൂടെ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിക്കുകയും അതു മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രഖ്യാപിക്കുകയും വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജനുവരി 2 മുതല്‍ കേരളത്തില്‍ നടന്ന കലാപങ്ങള്‍ സിപിഎം- ആര്‍എസ്എസ് അജണ്ട ആയിരുന്നെന്ന് പകല്‍പോലെ വ്യക്തമാണ്. കേരളത്തില്‍ മുമ്പും ഒറ്റപ്പെട്ട ചില സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപകമായും ആസൂത്രിതമായും ഇതാദ്യമായാണ്. പുതവത്സര സമ്മാനമായി കേരളത്തിനു ലഭിച്ചത് മിന്നല്‍ ഹര്‍ത്താലുകളുടെ ഘോഷയാത്രയും അതിനിടയില്‍ ഉണ്ടായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമാണ്.
ഹര്‍ത്താല്‍ ദിവസം കേരളം പൂര്‍ണമായി ക്രിമിനലുകളുടെയും ഗുണ്ടകളുടെയും പിടിയിലായിരുന്നു. നിയമം കയ്യിലെടുത്ത് അവര്‍ അഴിഞ്ഞാടി. അക്രമികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി പൊലീസ് മാളത്തിലൊളിച്ചു. ജില്ലാ പൊലീസ് മേധാവികള്‍ തന്റെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നു ഡിജിപി തന്നെ തുറന്നടിച്ചു. ക്രമസമാധാന പാലനത്തിനു ഭീഷണി ഉയര്‍ത്തുന്ന ക്രിമിനലുകളെ കരുതല്‍ തടങ്കലില്‍ എടുക്കണമെന്ന ഡിജിപിയുടെ ഉത്തരവ് ഒരിടത്തും പാലിച്ചില്ല. എസ്പിമാര്‍ സിപിഎം ഓഫീസില്‍ നിന്നു ലഭിച്ച തിട്ടൂരം മാത്രമാണ് നടപ്പാക്കിയത്. ന്യൂനപക്ഷ മേഖലകളില്‍ ആര്‍എസ്എസും അവരുടെ പേരില്‍ സിപിഎമ്മും നടത്തിയ അക്രമങ്ങളിലൂടെ ഉണ്ടാകുന്ന അരാജകത്വവും ഭീതിയും മുതലെടുക്കുന്ന തന്ത്രമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
1983ല്‍ ശബരിമല പുണ്യപൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കലില്‍ ഒരു കുരിശുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ നടത്തിയ സക്രിയമായി ഇടപെടല്‍ കേരളം മറക്കില്ല. ഒരു പൊട്ടിത്തെറിയിലേക്കു പോകാമായിരുന്ന വൈകാരികവും മതപരവുമായ ഒരു വിഷയത്തെ കരുണാകരന്‍ തന്റെ രാഷ്ട്രീയ തന്ത്രജ്ഞതയിലൂടെ പരിഹരിച്ചു. കരുണാകരന്‍ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ സമര്‍ത്ഥനായ ഭരണാധികാരി ആയിരുന്നു. 1992 ഡിസം 6ന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, ഇന്ത്യ മുഴുവന്‍ പ്രക്ഷുബ്ധമായി. അതിന്റെ അലയൊലി കേരളത്തിലും ഉണ്ടായി. വിവേകത്തിനും വികാരത്തിനു ഇടയിലുള്ള നേരിയ നൂല്‍പ്പാലത്തിലായിരുന്നു കേരളം. എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യം ഉടലെടുത്തു. അപ്പോഴാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ധീരമായ നിലപാടെടുത്തത്. ബാബരി മസ്ജിദിന്റെ പേരില്‍ കേരളത്തില്‍ ഒരിലപോലും അനങ്ങാതിരുന്നത് അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധക്കോട്ട മൂലമാണ്. രാഷ്ട്രീയമായ കനത്ത നഷ്ടം സംഭവിക്കാമായിരുന്നിട്ടും ഒരു മഹാമേരുവിനെപ്പോലെ അദ്ദേഹം കേരളത്തിന്റെ മതസൗഹാര്‍ദത്തിനുമേല്‍ കാവല്‍ നിന്നു. കാലം എത്ര കഴിഞ്ഞാലും കരുണാകരനെയും തങ്ങളെയും കേരളം മറക്കില്ല.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലാണ് വൈദഗ്ധ്യം. ശബരിമല വിഷയം അദ്ദേഹം കൈകാര്യം ചെയ്ത രീതി ഇതിന് അടിവരയിടുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് വിധി ഉണ്ടായപ്പോല്‍ കോടതിവിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട് എന്ന ഏകവാദം ഉയര്‍ത്തി കണ്ണുകെട്ടിയ കുതിരയെപ്പോലെ പായുകയാണ് അദ്ദേഹം ചെയ്തത്. ഭരണഘടനാ ബഞ്ചിലെ അഞ്ചു പേര്‍ക്കു പോലും യോജിക്കാന്‍ പറ്റാത്ത ഒരു കാര്യം. ഭരണഘടയിലെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതില്‍പോലും വ്യത്യസ്ഥ വീക്ഷണമുള്ള ജഡ്ജിമാര്‍. ഇതില്‍നിന്നൊക്കെ തന്നെ വിഷയത്തിന്റെ സങ്കീര്‍ണത വ്യക്തം.
ഇത്രയും സങ്കീര്‍ണമായ ഒരു വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഒരേയൊരു പോംവഴി മുഖ്യമന്ത്രി സ്വീകരിച്ചതോടെ മറ്റെല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടു. അഭിപ്രായ സമന്വയത്തിനുള്ള സാധ്യത തുടക്കത്തിലേ തള്ളിക്കളഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ ബാധ്യതയില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു തന്നെയാണ് ഉത്തരം. എന്നാല്‍, അതോടൊപ്പം ഗവ.നു മറ്റു പല ബാധ്യതകളും ഉണ്ട്. എല്ലാ വിഭാഗം ആളുകളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വികാരങ്ങളും മാനിക്കാന്‍ ബാധ്യതയില്ലേ? ഒരു തുറന്ന മനസും സമന്വയത്തിനുവേണ്ടിയുള്ള ചര്‍ച്ചയും ഈ വിഷയത്തില്‍ ആവശ്യമായിരുന്നില്ലേ? സുപ്രീം കോടതി വിധി ഒറ്റയടിക്കു നടപ്പാക്കുന്നതിനു മുമ്പ് പുന:പരിശോധനാ ഹര്‍ജി, വിധി നടപ്പാക്കാനുള്ള സാവകാശം തേടി കോടതിയെ സമീപിക്കല്‍ തുടങ്ങി പല സാധ്യതകളും തുറന്നുകിടന്നിരുന്നു.
ഭരണഘടനയുടെ 25,26 വകുപ്പുകള്‍ പ്രകാരം സവിശേഷമായ മതവിഭാഗം എന്ന നിലയിലുള്ള ഭരണഘടനാ പദവി അയ്യപ്പഭക്തര്‍ക്കു ലഭിക്കേണ്ടതാണ്. അതാണ് ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധി. യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടത് ഭരണഘടനയുടെ 25,26 വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനാവകാശം നിരോധിച്ചുകൊണ്ടുള്ള 1991ലെ ഹൈക്കോടതിയുടെ മഹീന്ദ്രന്‍ കേസിലെ വിധിയും ശബരിമലയില്‍ ദര്‍ശനവും പൂജയും മറ്റും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപനനിയമം 31-ാം വകുപ്പും ഇതിന് ഉപോദ്ബലകമായി ഉദ്ധരിക്കപ്പെട്ടു. ഇക്കാര്യങ്ങള്‍ ഇടതുസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയും ചെയ്തു. ഇവ രണ്ടും 2018 സെപ്. 28ലെ സുപ്രീംകോടതി വിധിയില്‍ റദ്ദു ചെയ്തിട്ടില്ല.
ഹിന്ദു സമുദായത്തില്‍ വിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തര്‍. 41 ദിവസത്തെ വ്രതാനുഷ്ഠാനം അവര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ക്ക് പ്രത്യേക പേരുകള്‍ ഉണ്ട്. ആദ്യം ദര്‍ശനത്തിനുപോകുന്ന ആളെ കന്നി അയ്യപ്പനെന്നും പിന്നീടവരെ അയ്യപ്പനെന്നും 18 പ്രാവശ്യം മലചവിട്ടുന്നവരെ ഗുരുസ്വാമിയെന്നും ശബരിമലയില്‍ പോയ സ്ത്രീകളെ മാളികപ്പുറം എന്നുമാണു വിളിക്കുന്നത്. 41 ദിവസം വ്രതം, കറുത്ത വസ്ത്രം, ഇരുമുടിക്കെട്ട് തുടങ്ങിയവ തീര്‍ത്ഥാടകരുടെ പ്രത്യേകതകളാണ്. സ്ത്രീകളില്‍ 10നും 50നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കു മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ വിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. മഹീന്ദ്രന്‍ കേസില്‍ വിദഗ്ധരായ തന്ത്രിമാരേയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ശബരിമല അയ്യപ്പഭക്തര്‍ സവിശേഷമായ മതവിഭാഗമായതിനാല്‍, ഭരണഘടനയുടെ 26 ബി അനുച്ഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്റെ ഭാഗമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധിച്ചത്. സമാനമായ കാര്യങ്ങള്‍ തന്നെയാണ് ശബരിമല കേസില്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലുള്ളത്.
മുത്തലാഖ് കേസില്‍ സുപ്രീം കോടതിയുടെ ന്യൂനപക്ഷ വിധിയിലെ പരാമര്‍ശം മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമനിര്‍മാണം നടത്തിയത്. അത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ചടുല നീക്കമായിരുന്നു. ശബരിമല കേസില്‍ ന്യൂനപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനു അയ്യപ്പഭക്തര്‍ക്കു നഷ്ടപ്പെട്ട സവിശേഷമായ ഭരണഘടാ പദവി നിയമനിര്‍മാണത്തിലൂടെ വീണ്ടെടുക്കാമായിരുന്നു. അതിനു പകരം തുടരെത്തുടരെ ഹര്‍ത്താലുകളും അക്രമങ്ങളും നടത്തി കേരളത്തെ തകര്‍ച്ചയിലേക്കു തള്ളിയിട്ടു.
പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു പകരം ശബരിമലയ്ക്കുവേണ്ടി നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനത്തിനാണു നാം കാതോര്‍ത്തത്. നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ശബരിമല ഒരു രാഷ്ട്രീയ ആയുധമാണ്; വോട്ട് രാഷ്ട്രീയമാണ്. യുഡിഎഫ് സര്‍ക്കാര്‍ 2016 ഫെബ്രു രണ്ടിനു നല്‍കിയ സത്യവാങ്മൂലം മുതല്‍ പ്രശ്‌നപരിഹാരത്തിനു മറ്റു സാധ്യതകള്‍ ഇല്ലെങ്കില്‍ വിശ്വാസ, ആചാര, അനുഷ്ഠാന സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം വരെ എന്ന യുഡിഎഫ് നിലപാടില്‍ സ്ഫടിക സമാനമായ വ്യക്തത കാണാം. ശബരിമല വിഷയത്തില്‍ അല്‍പം പോലും മായം ചേര്‍ക്കാതെ വിശ്വാസികളോടൊപ്പം എക്കാലവും നിന്നത് യുഡിഎഫ് മാത്രമാണെന്ന് എനിക്ക് എവിടെയും എത്ര ഉച്ചത്തില്‍ വേണമെങ്കിലും പറയാന്‍ കഴിയും. പത്തനംതിട്ടയിലും പാര്‍ലമെന്റിലും നിയമസഭയിലും ഒറ്റ നിലപാടുമാത്രം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending