kerala

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

By webdesk17

March 12, 2026

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളാപ്പള്ളിയെ കൂടാതെ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നിലവിലെ മുഴുവന്‍ ബോര്‍ഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി. ആര്‍. രവിയുടെ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിവിധ കേസുകള്‍ പരിഗണിച്ചാണ് ഈ അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

നേരത്തെ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയതും വലിയ വിവാദമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പത്മ പുരസ്‌കാരത്തെ അധിക്ഷേപിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്.