കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ചു. ഇതോടെ പവന് 1,19,760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാംദിനമാണ് സ്വർണവില ഉയരുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണം മാർച്ച് ഒന്നിന് പവന് 1,26,920 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് ദിവസങ്ങളിൽ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.
ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് ഏകദേശം 5208 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വില ട്രോയ് ഔൺസിന് 88.3 ഡോളർ നിരക്കിലാണ്. ഡോളറിന്റെ മൂല്യം കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതും സ്വർണവിലയുടെ വലിയ ഉയർച്ചയ്ക്ക് തടസ്സമായിരിക്കുകയാണ്. ഡോളർ ശക്തിപ്പെടുന്നത് മറ്റ് പ്രധാന കറൻസികളെയും ബാധിച്ചിരിക്കുകയാണ്.