ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മുഖ്യന്റെയും കൂട്ടരുടെയും വാചോടാപങ്ങള്‍ എത്രമേല്‍ നിരര്‍ത്ഥകവും അബദ്ധജഡിലവുമാണെന്ന് കേരളത ജനതയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഈ സംഭവം. സമാനമായ ആരോപണം 2013 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിനെതിരെ ഉയര്‍ന്നപ്പോള്‍ അന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്നു സാക്ഷാല്‍ പിണറായി വിജയന്‍. ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്ത പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നാഴികക്ക് നാല്‍പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഗണേഷിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാത്തതെന്നായിരുന്നു പിണറായിയുടെ ചോദ്യത്തിന്റെ കാതല്‍.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്കുതന്നെ സഞ്ചരിക്കുകയും ഗണേഷ് കുമാറിന് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവരികയും ചെയ്യുകയുണ്ടായി. അധികാര നഷ്ടത്തിന്റെ പ്രതികാരമെന്നോണം പിന്നീട് മുന്നണി മാറി ഗണേഷ് ഇടതുപക്ഷത്തെത്തുകയും നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പുണ്യാത്മാവായി മാറുകയും ചെയ്തത് പിന്നീടുള്ള രാഷ്ട്രീയ ചരിത്രം. പക്ഷേ അന്നത്തെ മന്ത്രിസഭയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അതേ പിണറായി വിജയന്‍ ഇന്ന് പരാതി ഒതുക്കിത്തീര്‍ക്കുകയും ഗണേഷിനെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുമ്പോള്‍ ഓന്തിനെപോലും വെല്ലുന്ന അദ്ദേഹത്തിന്റെ നിറംമാറ്റവും കണ്ടാമൃഗത്തെപോലും നാണിപ്പിക്കുന്ന തൊലിക്കട്ടിയുംകണ്ട് കേരളം മൂക്കത്തുവിരല്‍വെച്ചുപോവുകയാണ്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് ഗണേഷ്‌കുമാറിന്റെ അവിഹിതം പുറത്തറിയുന്നത്. മന്ത്രിയുടെ അവിഹിതം ഭാര്യതന്നെ നേരില്‍കണ്ടതായും തുടര്‍ന്ന് പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറായി 112ല്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഇതില്‍ യാതൊരു തുടര്‍ നടപടികളുമുണ്ടായില്ലെന്നുമാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലുണ്ടായിരുന്നത്. ആരോപണങ്ങള്‍ തള്ളാന്‍ തയാറാകാതിരുന്ന മന്ത്രി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണിതെന്ന് ന്യായീകരിക്കുകയായിരുന്നു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്ന് പറഞ്ഞമന്ത്രി ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നുമായിരുന്നു മറുപടി നല്‍കിയത്.
മന്ത്രിയുടെ പരിഹാസ സമീപനത്തെത്തുടര്‍ന്ന് രംഗത്തെത്തിയ ഭാര്യ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. അക്രമത്തെക്കുറിച്ച് പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിച്ചുവെന്നും സ്ഥലത്തെത്തിയ പൊലീസ് മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയോട് വിവരം പറഞ്ഞിരുന്നുവെന്നും മുന്‍ ഡി.ജി.പി ശ്രീലേഖയെ വിളിച്ച് നിര്‍ദേശം സ്വീകരിച്ച ശേഷമാണ് പൊലീസിന്റെ സഹായം തേടിയതെന്നുമായിരുന്നു അവരുടെ പ്രതികരണം. കാര്യങ്ങള്‍ ഇത്രമേല്‍ സ്പഷ്ടമായിട്ടും മൗനത്തിന്റെ മഹാമാളത്തില്‍ അഭയംപ്രാപിച്ച മുഖ്യമന്ത്രിയും സര്‍ക്കാറും മന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുകയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. മന്ത്രി ഭാര്യയോട് മാപ്പു പറയുന്നതും മാപ്പിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് ഭാര്യ വ്യക്തമാക്കുന്നതും ഒറ്റരാത്രികൊണ്ട് മന്ത്രിയെ പുണ്യാളനാക്കി മന്ത്രിസഭായോഗത്തിനെത്തിക്കുന്നതുമാണ് പിന്നീട് കാണാനിടയായത്.
സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും എന്തുനെറികേടിനെയു സംരക്ഷിക്കാനും ഏതറ്റംവരെയും പോകാന്‍ തനിക്കൊരുമടിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ആരോപണ വിധേയരാകുന്നവരുടെ പാര്‍ട്ടിയും പശ്ചാത്തലവും നോക്കി നയവും നിലപാടും പ്രഖ്യാപിക്കുന്ന ഈ മുഖ്യന്‍ കേരളത്തിനാകെ നാണക്കേടാണ് സമ്മാനിക്കുന്നത്. പ്രതിപക്ഷത്തുള്ളവര്‍ക്ക് നേരെ ഇത്തരം ആരോപണമുയരുമ്പോള്‍ പരാതി സ്വീകരിക്കാനും നടപടിയെടുക്കാനും ആയിരംനാക്കില്‍ സംസാരിക്കാനുമുള്ള അദ്ദേഹത്തിന്റെ അത്യാവേശം കേരളംപലകുറികണ്ടതാണ്.
ലൗവ് യു, ടു മൂണ്‍ ആന്റ് ബാക്ക് എന്നെഴുതിയ, ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വരികള്‍കുറിച്ചിട്ട ഒരുകോപ്പ പിണറായി വിജയന്റെ ശേഖരത്തിലുണ്ടെന്നതിന് കേരളം സാക്ഷിയാണ്. വാര്‍ത്താമാധ്യമങ്ങള്‍ വഴി ജനങ്ങളെ മൊത്തം ദൃക്‌സാക്ഷികളാക്കി ആ കോപ്പകൊണ്ട് ആസ്വദിച്ചുകുടിച്ചതും കേരളം മറന്നിട്ടില്ല. ആ കോപ്പയും അതിലെഴുതിയ വരികളും എത്രമാത്രം കാപട്യംനിറഞ്ഞതാണെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ കാര്യത്തിലൂടെ പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണ്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ഇരകളുടെ നീതിയെക്കുറിച്ചും തലയില്‍ മുണ്ടിട്ടല്ലാതെ ഇനി പിണറായിക്ക് സംസാരിക്കാനാകില്ലെന്നതുറപ്പാണ്. പറയുന്ന വാക്കുകളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിനുപകരം ആരോപണവിധേയനായ മന്ത്രിക്കെതിരെ നടപടിയെടുക്കാനായിരുന്നു പിണറായി തയാറാകേണ്ടിയിരുന്നത്.