Connect with us

Video Stories

ദരിദ്രന്റെ ഇന്ത്യ ധനവാന്റെ വാഴ്ച

Published

on

ജോസഫ് എം. പുതുശ്ശേരി

റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനിക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവില്‍ കൃതൃമം കാട്ടിയ രണ്ടു കോര്‍ട്ട് മാസ്റ്റര്‍മാരെ സുപ്രീംകോടതി ഇയ്യിടെ പിരിച്ചുവിട്ടു. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള തപന്‍കുമാര്‍ ചക്രവര്‍ത്തി, മാനവശര്‍മ്മ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്. പിരിച്ചുവിട്ടതിലല്ല ഞെട്ടല്‍, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവില്‍ തിരുത്തല്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ ധൈര്യപ്പെട്ടുവെന്നതിലാണ്. എന്തിനു വേണ്ടി. ഇന്ത്യയിലെ അതിസമ്പന്നന്‍ അനില്‍ അംബാനിയെ സഹായിക്കാന്‍. നീതിപീഠത്തിന്റെ ഉത്തരവുപോലും സ്വന്തം വരുതിയിലാക്കാന്‍ പ്രമാണിമാര്‍ നടത്തുന്ന കോര്‍പറേറ്റ് പ്രയോഗം. കോര്‍പറേറ്റ് സ്വാധീന വലയം എവിടെയൊക്കെ എങ്ങനെയൊക്കെ വല വീശുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണം.
റിലയന്‍സ് കമ്യൂണിക്കേഷന്‍ നല്‍കാനുള്ള 550 കോടി രൂപ സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും നല്‍കാത്തതിനെതുടര്‍ന്ന് അനില്‍ അംബാനി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് അംബാനി നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റീസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. എന്നാല്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കക്ഷികള്‍ ‘നേരിട്ടു ഹാജരാകുന്നതില്‍നിന്നും ഇളവ്’ അനുവദിച്ചിരിക്കുന്നു എന്ന് തിരുത്തല്‍ വരുത്തിയാണ് പ്രസിദ്ധീകരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിനെതുടര്‍ന്നു നടന്ന ആഭ്യന്തര അന്വേഷണത്തില്‍ കോര്‍ട്ട്മാസ്റ്റര്‍മാര്‍ കൃതൃമം കാണിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണു നടപടി. ഭരണഘടനയുടെ 311-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ചിഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറി അതിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. പണത്തിനു വിലക്കെടുക്കാന്‍ കഴിയുന്നതല്ല ജുഡീഷ്യറിയെന്ന് അതിന്റെ ഗര്‍വ്വുള്ളവരോടുള്ള മിതമായ മറുപടി. മറ്റുള്ളവര്‍ക്കുള്ള സന്ദേശവും. എന്നാല്‍ ഇത് ഇവിടം കൊണ്ടവസാനിക്കരുത്. ഇവര്‍ക്കെതിരേ കേസ് എടുത്ത് അന്വേഷിക്കണം. കോര്‍ട്ട് മാസ്റ്റര്‍മാര്‍ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ഉത്തരവുകളും പരിശോധിക്കപ്പെടണം. പണത്തിനുമുന്നില്‍ കണ്ണു മഞ്ചുന്ന ഇവര്‍ മുമ്പ് ഇത്തരം വേലത്തരങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നു തീര്‍പ്പാക്കണം. ജുഡീഷ്യറിയെക്കുറിച്ചുള്ള അഭിമാനബോധം എവറസ്റ്റിനോളം ഉയര്‍ത്തുന്നതാണ് ഇതേ കേസില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സുപ്രീംകോടതി വിധി. കോടതിയലക്ഷ്യം വരുത്തിയതിനു അനില്‍ അംബാനിക്കു ഒരു കോടി രൂപയുടെ പിഴ. റിലയന്‍സ് നാല് ആഴ്ചക്കുള്ളില്‍ 453 കോടി രൂപ എറിക്‌സണു നല്‍കണം. അല്ലെങ്കില്‍ അനില്‍ അംബാനിയും കൂട്ടുപ്രതികളും മൂന്നു മാസം തടവുശിക്ഷ അനുഭവിക്കണം. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. നിയമത്തിന്റെമുന്നില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നു വ്യക്തമാക്കുന്ന വിധി. തങ്ങള്‍ ഇതിനൊക്കെ അതീതരാണെന്നു ചിന്തിക്കുന്നവര്‍ക്കുള്ള താക്കീത്.
അനില്‍ അംബാനി പാപ്പര്‍ ഹര്‍ജ്ജി നല്‍കിയതും കേസിന്റെ വാദത്തിനിടയില്‍ പരാമര്‍ശിക്കപ്പെട്ടു. പണം നല്‍കാതിരിക്കാനുള്ള കുതന്ത്രമാണിതെന്നാണ് എറിക്‌സണ്‍ വാദിച്ചത്. 30,000 കോടി രൂപയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടിലും പങ്കാളിയായിട്ടു പാപ്പരാണെന്നു പറയുന്നതു അത്ഭുതപ്പെടുത്തുന്നു. 2018 മേയിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഒരു വ്യക്തിയുടെ ആളോഹരി വരുമാനം 1,12,835 രൂപയാണ്. നാലു ലക്ഷം ഇന്ത്യക്കാരുടെ ആളോഹരി വരുമാനമാണ് അംബാനിയുടേത്. എന്നിട്ടും പാപ്പര്‍ ഹര്‍ജ്ജി. രാജ്യത്തെ അതിസമ്പന്നരുടെ പ്രതിദിന വരുമാനത്തില്‍ അതിഭീമമായ വളര്‍ച്ചയുണ്ടെന്നാണ് രാജ്യാന്തര സന്നദ്ധ സംഘടയായ ഓക്‌സ്ഫാം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിസമ്പന്നരായ 119 പേരുടെ സ്വത്ത് കഴിഞ്ഞവര്‍ഷം പ്രതിദിനം 2200 കോടി രൂപ വീതം വര്‍ധിച്ചു. ഇവരുടെ മൊത്തം ആസ്തി 28 ലക്ഷം കോടിയായി. രാജ്യത്തിന്റെ പൊതു ബജറ്റ് അടങ്കല്‍ 24.42 ലക്ഷം കോടി രൂപയായിരിക്കുന്ന സ്ഥാനത്താണിത്. ദേശീയ സമ്പത്തിന്റെ 77.4 ശതമാനവും 10 ശതമാനം ആള്‍ക്കാരുടെ കൈവശമാണ്. ഒരു ശതമാനം അതിസമ്പന്നര്‍ ദേശീയ സമ്പത്തിന്റെ 51.53 ശതമാനവും കൈയടക്കിയിരിക്കുന്നു. ഇതു വളര്‍ച്ചയോ തളര്‍ച്ചയോ? 119 സമ്പന്നര്‍ ഇന്ത്യയെ വിഴുങ്ങുമ്പോള്‍ അതെങ്ങനെ ‘ഇക്വറ്റിബിള്‍ ഗ്രോത്ത്’ ആകും? രാജ്യത്തിന്റെ സാമൂഹിക ഘടനയേയും ജനാധിപത്യത്തെയും തകര്‍ക്കുംവിധമാണ് സാമ്പത്തിക വളര്‍ച്ചയിലെ അന്തരമെന്നു ഓക്‌സ്‌ഫോം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ പ്രതിഭാസം ലോകത്തെ കീഴടക്കുകയാണോ? ലോകത്തെ ഒരു ശതമാനം അതിസമ്പന്നര്‍ ലോകത്തിന്റെ ആകെ സമ്പത്തിന്റെ പകുതിയുടെ ഉടമസ്ഥരായി മാറിയിരിക്കുന്നു. 2001 ല്‍ ഇതു 45 ശതമാനം മാത്രമായിരുന്നു. ഈ അന്തരം അതിവേഗം കൂടിക്കൊണ്ടേയിരിക്കുന്നു. മറുവശത്ത് ഒരു ഡോളര്‍ പോലും വരുമാനമില്ലാത്തവരുടെ എണ്ണവും കുതിയ്ക്കുന്നു. കമ്യൂണിസ്റ്റ് ചൈനയും ഇവിടെ വ്യത്യസ്തമാകുന്നില്ല. ആലിബാബ എന്ന ഇ-കൊമേഴ്‌സ് ശൃംഖലയുടെ സ്ഥാപകന്‍ ജാക്മായെ ഈയിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം നല്‍കി ആദരിച്ചു. 3710 കോടി യു.എസ് ഡോളറിന്റെ സ്വത്തവകാശി. അംബാനിയേക്കാള്‍ ചെറുതാണെന്നു വേണമെങ്കില്‍ സമാശ്വസിക്കാം. 4830 കോടി യു.എസ്. ഡോളറാണ് അംബാനിയുടെ സ്വത്ത്. ചൈനീസ് പ്രസിഡന്റായിരുന്ന ഡെങ്ങ് സിയാവോ പിങ്ങിന്റെ സൂത്രവാക്യം ഇതിനു പിന്‍ബലമായുണ്ട്. ‘പൂച്ച കറുപ്പോ വെളുപ്പോ എന്നു നോക്കേണ്ട; എലിയെ പിടിച്ചാല്‍ മതി’ സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കോണമി എന്ന ഓമനപ്പേരും. പക്ഷേ, സോഷ്യലിസ്റ്റ് സങ്കല്‍പ്പം ഇന്നെവിടെ എന്നു ഗവേഷണം വേണ്ട അവസ്ഥ.
ഇന്ത്യ പോലൊരു രാജ്യത്തിന് ഈ നിലയില്‍ മുന്നോട്ടു പോകാനാവുമോ? ഇന്ദിരാഗാന്ധിയുടെ കാലത്ത് 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് എന്നതിനെ പരമാധികാര സോഷ്യലിസ്റ്റ് സെക്കുലര്‍ ജനാധിപത്യ റിപ്പബ്ലിക്ക് എന്നു മാറ്റി നയം പ്രഖ്യാപിച്ച ഒരു രാജ്യത്തിന്; സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയിലൂടെ ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട നമ്മുടെ രാജ്യത്തിന്.
സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് അഭിമാനംകൊള്ളുമ്പോള്‍ ഒന്നോര്‍ക്കുക. 375 രൂപ മിനിമം കൂലി നിശ്ചയിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിമാസം 18000 രൂപ നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യ വ്യാപകമായി രണ്ടു ദിവസത്തെ തൊഴിലാളി പണിമുടക്കു നടന്നത്. 45 വര്‍ഷക്കാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനസംഖ്യയില്‍ പകുതിയോളം വരുന്ന ദരിദ്ര ജനങ്ങളുടെ വരുമാനത്തില്‍ വെറും മൂന്നു ശതമാനം മാത്രം വര്‍ധന ഉണ്ടാകുമ്പോള്‍ സമ്പന്നര്‍ അതിസമ്പന്നരാകുന്ന നിയന്ത്രണമില്ലാത്ത ഈ വളര്‍ച്ച സന്തുലിതാവസ്ഥ തകര്‍ക്കുന്നതാണ്. സാമൂഹ്യ സംഘര്‍ഷത്തിനിടയാക്കുന്നതാണ്. ‘ഒരു നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ഏറ്റവും ദരിദ്രന്റെ മുഖമാണ് മനസ്സില്‍ തെളിയേണ്ടത്. അത് അവന് എങ്ങനെ പ്രയോജനപ്പെടുന്നു എന്നതാണ് ചിന്തിക്കേണ്ടത്’ എന്നുപദേശിച്ച ഗാന്ധിജിയുടെ നാടാണിത്. അവന്റെ സുരക്ഷിതത്വം ഉറപ്പാകുമ്പോഴെ വളര്‍ച്ചയുടെ സൂചിക രേഖപ്പെടുത്താനാവൂ എന്നു ഇനി എന്നാണ് നാം തിരിച്ചറിയുക.
ദരിദ്രലോകത്തു ധനവാനായി ജീവിക്കുന്നതു പാപമാണ് എന്ന് നിരന്തരമായി ഉദ്‌ഘോഷിച്ച ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ ശബ്ദം ഒരു സത്യോപദേശമാണ്. എന്നാല്‍ ആര്‍ക്കു വേണം ഈ സത്യോപദേശം എന്നു ചിന്തിക്കുന്നിടത്താണു സുപ്രീംകോടതി വിധി നല്‍കുന്ന ശക്തമായ സന്ദേശം. പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്ന ആപ്തവാക്യം തിരുത്തിയെഴുതാനുള്ള പ്രേരണ. നീതിബോധവും ധാര്‍മ്മികതയും കൈമോശം വന്നിട്ടില്ലായെന്ന വിളംബരം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending