Connect with us

Video Stories

കാത്തിരിപ്പിനിടയിലെ കച്ചവട ചിന്തകള്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം


പോളിങ് കഴിഞ്ഞ് വോട്ടുകള്‍ പെട്ടിയിലായ ശേഷമുള്ള കാത്തിരിപ്പ് വല്ലാത്ത ബോറാണ്. എങ്കിലും ക്ഷമയോടെ കാത്തിരുന്നേ മതിയാവൂ. കാത്തിരിപ്പിന്റെ ഇടവേളയില്‍ ചില കച്ചവട ചിന്തകളെ കുറിച്ചാണ് സി.പി.എം ഇപ്പോള്‍ വാചാലമാകുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോള്‍ത്തന്നെ ബി.ജെ.പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുവിറ്റെന്ന് സി.പി.എം പ്രഖ്യാപിച്ചു. കേരളത്തില്‍ ബി.ജെ.പിയെ ഒരു ‘ശക്തി’യായി ഉയര്‍ത്തിക്കാട്ടുന്നതിന്റെ പുതിയൊരു രൂപമാണ് ഈ ആരോപണം.
വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമായ പത്തോളം പാര്‍ട്ടികളുണ്ട്-ഒരുപക്ഷേ, നിര്‍ണായകമായേക്കാവുന്ന സീറ്റുകളുമായി ഡല്‍ഹിക്ക് വണ്ടികയറുന്നവര്‍. ആ പട്ടികയില്‍ ഇടം നേടാനാകാത്ത പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടുതന്നെ സി.പി.എമ്മിന് കച്ചവടക്കഥകള്‍ പറഞ്ഞ് കാലം കഴിക്കേണ്ടിവരും.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയുടെ ആത്യന്തികമായ ലക്ഷ്യം നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ഭരണം തന്നെയാണ്. അതിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും സീറ്റുകള്‍ കുറയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകരുതെന്ന വാശിയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി, കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചുവിറ്റെന്ന ആരോപണം ഉയര്‍ത്തുകയാണ് സി.പി.എം കേന്ദ്രങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ കേരളത്തില്‍ എക്കാലത്തും സി.പി.എം ഉന്നയിച്ചിട്ടുണ്ട്. നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും തങ്ങള്‍ക്ക് അടിപതറുന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധം ആരോപിക്കല്‍ സി.പി.എം പതിവാക്കിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണമെന്ന് അവര്‍ വ്യക്തമാക്കാറുമില്ല.
ബി.ജെ.പി ആദ്യമായി കേരളത്തില്‍നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച 1984ല്‍ രണ്ട് ലക്ഷത്തോളം വോട്ടാണ് നേടിയത്. 1984ലെ ആദ്യ മത്സരത്തില്‍ നിന്നും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ബി.ജെ.പി കേരളത്തില്‍ നേടിയത് പതിനെട്ടര ലക്ഷം വോട്ട്. 1984ല്‍ അഞ്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രണ്ട് ലക്ഷം വോട്ട് നേടിയ ബി.ജെ.പി 2014ല്‍ 18 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോഴാണ് 18 ലക്ഷത്തിലേറെ വോട്ട് നേടിയത്. 1984ല്‍ കാസര്‍കോട്, വടകര, മഞ്ചേരി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഈ വോട്ട് നേടിയത്. ഇതിന്പുറമെ, ബി.ജെ.പിയും ആര്‍.എസ്.എസും പിന്തുണച്ച തിരുവനന്തപുരം മണ്ഡലത്തിലെ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി ഒരുലക്ഷത്തിലേറെ വോട്ട് നേടി. ഈ വോട്ട് കൂടി ചേരുമ്പോള്‍ മൂന്നു ലക്ഷത്തിന് പുറത്ത് വോട്ടാകും. ഇത് മൊത്തം ചെയ്ത വോട്ടിന്റെ മൂന്ന് ശതമാനമാണ്. ബി.ജെ.പി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ സി.പി.എമ്മിന്റെ വോട്ട് ചോര്‍ച്ച വ്യക്തമാകും. അതിനര്‍ത്ഥം സി.പി.എം ചിഹ്നത്തില്‍ വോട്ട് ചെയ്തിരുന്നവര്‍ താമരയിലേക്ക് മാറി എന്നല്ല. പല കാലങ്ങളിലായി പല മണ്ഡലങ്ങളിലും സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് വ്യക്തം.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുന്നെങ്കില്‍ അതിനും കാരണം സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ശബരിമലയിലെ യുവതീ പ്രവേശന വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെങ്കില്‍ ഇത്തവണ വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ബി.ജെ.പിക്ക് പ്രചാരണ രംഗത്ത് ഇത്ര കരുത്ത് ലഭിക്കുമായിരുന്നില്ല. കെ. മുരളീധരന്‍ പറഞ്ഞതുപോലെ പിണറായി വിജയന്‍ ബി.ജെ.പിക്ക് നല്‍കിയ ഓക്‌സിജനാണ് ശബരിമല വിഷയം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പി നേടിയ വോട്ടുകള്‍ ഇങ്ങനെയാണ്: കാസര്‍കോട്- 172826, കണ്ണൂര്‍- 51636, വടകര- 76313, വയനാട്- 80752, കോഴിക്കോട്- 115760, മലപ്പുറം- 64705, പൊന്നാനി- 75212, പാലക്കാട്- 136587, ആലത്തൂര്‍- 87803, തൃശൂര്‍- 102681, ചാലക്കുടി- 92848, എറണാകുളം- 99003, ഇടുക്കി- 50438, കോട്ടയം- 44357, ആലപ്പുഴ (ആര്‍.എസ്.പി ബി)- 43051, മാവേലിക്കര- 79743, പത്തനംതിട്ട- 138954, കൊല്ലം- 58671, ആറ്റിങ്ങല്‍- 90528, തിരുവനന്തപുരം- 248941. ഇതില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ശക്തി തെളിയിക്കാനായിട്ടുണ്ട്. ഇത്തവണ ബി.ജെ.പി വോട്ട് മറിച്ചെന്ന് സി.പി.എം ആരോപിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്.
സത്യസന്ധമായി പരിശോധിച്ചാല്‍ കേരളത്തില്‍ ബി.ജെ.പി ശക്തിപ്പെട്ടിട്ടുണ്ട്. ആ യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തില്‍ ബി.ജെ.പി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇടതുപക്ഷം തന്നെയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഒ. രാജഗോപാല്‍ 2,81,818 വോട്ട് നേടി വിജയത്തിനരികെ വരെ എത്തിയതാണ് കേരളത്തില്‍ അവര്‍ കാഴ്ചവെച്ച ഏറ്റവും വലിയ പോരാട്ടം. ഇതിന് ആരാണ് കാരണക്കാര്‍?. ഇടതുപക്ഷവുമായോ സി.പി.ഐയുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചതിലൂടെ പരോക്ഷമായെങ്കിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയായിരുന്നു എല്‍.ഡി.എഫ്. ബെനറ്റ് എബ്രഹാമിന് നല്‍കിയ പെയ്‌മെന്റ് സീറ്റ് വിവാദത്തിലൂടെ ഇവിടെ ഇടതുപക്ഷം ദുര്‍ബലമായി. അന്നുണ്ടായ വളര്‍ച്ചയുടെ അനുരണങ്ങളിലാണ് ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ നിലനില്‍പ്പ്. രാജഗോപാല്‍ 2014ല്‍ നേടിയ വോട്ടുകളില്‍ നല്ലൊരുഭാഗവും ബി.ജെ.പി പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്താന്‍ പിന്നീടവര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായാണ് തുടര്‍ന്നു നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നേമത്ത് ബി.ജെ.പി വിജയിച്ചതും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും രണ്ടാംസ്ഥാനത്തെത്താന്‍ കഴിഞ്ഞതും. തിരുവനന്തപുരം നഗരസഭയില്‍ മുഖ്യപ്രതിപക്ഷമായി ബി.ജെ. പി വളര്‍ന്നതിന് പിന്നിലും ഇടതുപക്ഷത്തിന് സംഭവിച്ച പിഴവാണെന്നതില്‍ സംശയമില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി. ജെ.പിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ. പിയാണ്. ഇക്കാര്യങ്ങളൊന്നും സി.പി.എം ബുദ്ധിജീവികള്‍ അംഗീകരിക്കില്ല. തലസ്ഥാനത്തെ പ്രമുഖ സി.പി.എം നേതാവാണ് വി. ശിവന്‍കുട്ടി. അദ്ദേഹം നേമം എം.എല്‍.എ ആയിരിക്കെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് രാജഗോപാല്‍ 42.10 ശതമാനം വോട്ട് നേടിയത്.
മഞ്ചേശ്വരത്താകട്ടെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. ഇവിടെ വോട്ട് ചോര്‍ച്ച നടന്നത് സി.പി.എമ്മിനാണ്. സംസ്ഥാനത്തെ ഏത് മണ്ഡലം പരിശോധിച്ചാലും ഇത്തരമൊരു കണക്ക് വ്യക്തമാണ്. മറ്റൊന്ന് പത്തു വര്‍ഷത്തിന് മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇന്നുള്ളത്. ബി.ജെ.പിയെയും സംഘ്പരിവാരങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ കരുത്തുള്ള രാജ്യത്തെ ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കുമ്പോള്‍ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന വാദം തികച്ചും ബാലിശമാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി കേരളത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി. എം ആഗ്രഹിക്കുന്നത്. ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് അവരുടെ മോഹം. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ അതില്‍നിന്ന് മാറി മൂന്നാം മുന്നണിയായി മത്സരിച്ച് ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയിരുന്നു സി.പി. എം. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നതും സി.പി.എമ്മിന്റെ തകര്‍ച്ചയില്‍ നിന്നാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending